നിങ്ങൾ ഇങ്ങനെ ദാനം കൊടുത്താൽ ഞങ്ങൾ എങ്ങനെ ജീവിക്കും! എതിരാളികളുടെ തലവേദനയായ BSNL പ്ലാൻ
ഇന്ത്യൻ ടെലിക്കോം രംഗത്ത് പൊതുമേഖലാ ഉടമസ്ഥതയിൽ രാജ്യവ്യാപകമായി പ്രവർത്തിച്ചുവരുന്ന ഏക ടെലിക്കോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നിവ പ്രത്യക്ഷത്തിൽ പരസ്പരം മത്സരിക്കുന്നുണ്ട് എങ്കിലും അവയുടെ റീച്ചാർജ് പ്ലാൻ നിരക്കുകൾ ഏതാണ്ട് ഒരേപോലെയാണ് എന്ന് പരിശോധിച്ചാൽ മനസിലാകും. അതായത് ഒരാളുടെ പ്ലാൻ കൊണ്ട് മറ്റൊരാൾക്ക് അത്ര വലിയ തലവേദന ഉണ്ടാകുന്നില്ല. എന്നാൽ ബിഎസ്എൻഎല്ലിന്റെ (BSNL) കാര്യം അങ്ങനെയല്ല. സ്വകാര്യ കമ്പനികൾ ഈടാക്കുന്നതിലും വളരെ കുറഞ്ഞ വിലയിലാണ് ബിഎസ്എൻഎൽ ഇന്ത്യയിൽ ടെലിക്കോം സേവനങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്. അതിനാൽത്തന്നെ സ്വകാര്യ കമ്പനികളുടെ തലവേദനയാണ് ബിഎസ്എൻഎൽ.
പൊതുവെ കുറഞ്ഞ വിലയിലാണ് ബിഎസ്എൻഎൽ ടെലിക്കോം പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ അതിൽത്തന്നെ വളരെ കുറഞ്ഞ വിലയിൽ പോലും ലഭ്യമാകുന്ന ചില പ്ലാനുകളുണ്ട്. ബിഎസ്എൻഎൽ എതിരാളികൾക്ക് തലവേദനയായി മാറുന്നത് പ്രധാനമായും ഇത്തരം പ്ലാനുകളിലൂടെയാണ്. അതിലൊരു പ്ലാനാണ് 99 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ.

100 രൂപയിൽ താഴെ വിലയിൽ ജിയോ, എയർടെൽ, വിഐ എന്നിവയുടെ പ്രധാന പ്ലാനുകളൊന്നും എത്തുന്നില്ല. പിന്നെയും അൽപ്പമെങ്കിലും പരിഗണിക്കാവുന്നത് 98 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനാണ്. എന്നാൽ 99 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുമായി താരതമ്യം ചെയ്യുമ്പോൾ ഈ വിഐ പ്ലാനും ഒന്നുമല്ല.
99 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ: കുറഞ്ഞ ചെലവിൽ റീച്ചാർജ് ആഗ്രഹിക്കുന്നവർക്കായി ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുള്ള 100 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളിലെ പ്രധാന പ്ലാനാണിത്. അൺലിമിറ്റഡ് കോളിങ്, ആകെ 50ജിബി ഡാറ്റ, 17 ദിവസം വാലിഡിറ്റി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. എസ്എംഎസ് ആനുകൂല്യം ഇതിൽ ഉൾപ്പെടുന്നില്ല.

അതായത് ഒരു മാസം വാലിഡിറ്റിയിൽ എത്തുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ തെരഞ്ഞെടുക്കാൻ കഴിയാത്തവർക്ക് അതിന്റെ പാതി വിലയിൽ ലഭ്യമാകുന്ന ഒരു മികച്ച റീച്ചാർജ് ഓപ്ഷൻ എന്ന നിലയിൽ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിനെ നോക്കിക്കാണാനാകും. മറ്റ് ടെലിക്കോം കമ്പനികളും ഏതാണ്ട് ഇതിന് സമാനമായി രണ്ടാഴ്ച വാലിഡിറ്റിയിൽ ചില പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ അവയുടെ വില ഇതിനെക്കാൾ വളരെ ഉയർന്നതാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ 99 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന് സമാനമായ പ്ലാൻ പരിശോധിച്ചാൽ കാണാനാകുക 199 രൂപയുടെ പ്ലാനാണ്. ഈ 199 രൂപയുടെ ജിയോ പ്ലാൻ പ്രതിദിനം 1.5ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ 18 ദിവസ വാലിഡിറ്റിയിൽ നൽകുന്നു.
മറ്റൊരു ജിയോ ഓപ്ഷൻ 198 രൂപയുടെ പ്ലാനാണ്. ഇത് 14 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. അൺലിമിറ്റഡ് 5ജി ഡാറ്റ അടക്കമുള്ള ആനുകൂല്യങ്ങൾ ഇതിൽ ലഭ്യമാണ്. പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ജിയോടിവി, ജിയോ ക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ഇതിലുണ്ട്.

ഇവിടെ 99 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ഉള്ളത് ബൾക്ക് ഡാറ്റയാണ്, എങ്കിലും പ്രതിദിന അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ദിവസം 2.5ജിബിക്ക് മുകളിൽ ഡാറ്റ ഉപയോഗിക്കാനാകും. മൊത്തത്തിൽ നോക്കിയാൽ ബിഎസ്എൻഎൽ 99 രൂപയുടെ പ്ലാനിൽ നൽകുന്ന ആനുകൂല്യങ്ങളാണ് അതിന്റെ ഇരട്ടി വിലയിൽ ജിയോ 199 രൂപ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നത് എന്ന് കാണാനാകും.
ഇവിടെ മികച്ചത് ബിഎസ്എൻഎൽ പ്ലാൻ ആണ് എന്നതിൽ തർക്കമില്ല. എന്നാൽ ജിയോ പ്ലാൻ മോശമാണ് എന്ന് തീർത്ത് പറയാനുമാകില്ല. കമ്പനികളുടെ പോളിസികൾക്ക് അനുസരിച്ചാണ് അവയുടെ റീച്ചാർജ് തുകകൾ വരുന്നത്. ജിയോയിൽ തുടരുന്നവർക്ക് വേണമെങ്കിൽ 198 രൂപയുടെ പ്ലാൻ അല്ലെങ്കിൽ 199 രൂപയുടെ പ്ലാൻ ഉപയോഗിക്കാം, വേണ്ടെങ്കിൽ മറ്റ് പ്ലാനുകൾ ഉപയോഗിക്കാം. ഇതേ വിലയിൽ ബിഎസ്എൻഎൽ 30 ദിവസ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഇരുകമ്പനികളും തമ്മിലുള്ള വ്യത്യാസം.
മികച്ച നെറ്റ്വർക്ക് സേവനങ്ങൾ അടക്കം വാഗ്ദാനം ചെയ്യുന്നതിനാലാണ് നിലവിലുള്ള വരിക്കാർ ജിയോയിൽ തുടരുന്നത്. എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം മികച്ച പ്ലാനുകൾ ലഭ്യമാകുക ബിഎസ്എൻഎല്ലിൽ ആണ് എന്നത് ഈ രണ്ട് പ്ലാനുകൾ തമ്മിലുള്ള താരതമ്യത്തിലൂടെ ആർക്കും വളരെ വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നു. ഇവിടെ ബിഎസ്എൻഎൽ വരിക്കാർ ശ്രദ്ധിക്കേണ്ടത് ഒന്നുമാത്രം, 100 രൂപയിൽ താഴെ വിലയിൽ റീച്ചാർജ് പ്ലാൻ വേണമെങ്കിൽ അത് നിങ്ങൾക്ക് ലഭ്യമാണ്, അതിന്റെ മികച്ച ഓപ്ഷനുകളിലൊന്നാണ് 99 രൂപയുടെ പ്ലാൻ.


Click it and Unblock the Notifications








