വർഷങ്ങളുടെ പഴക്കമുണ്ടേലും സംഗതി സൂപ്പറാ! ഒറ്റ റീച്ചാർജിൽ മൂന്ന് സിമ്മുകൾക്ക് സദ്യവിളമ്പുന്ന BSNL പ്ലാൻ
സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSNL) ഗംഭീരം എന്ന് വിശേഷിപ്പിക്കാവുന്ന റീച്ചാർജ് പ്ലാനുകൾ മാത്രമേയുള്ളൂ. എന്നാൽ 4ജിയുടെ അഭാവം കൊണ്ട് ഈ പ്ലാനുകൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുകയാണ് പതിവ്. പക്ഷേ ഇപ്പോൾ ബിഎസ്എൻഎൽ 4ജി വ്യാപനം ഏറെ പുരോഗമിച്ചു. ഏതാണ്ട് 80000 4ജി ടവറുകൾ ബിഎസ്എൻഎൽ ഇതുവരെ നിർമിച്ചുകഴിഞ്ഞു. ഇതിൽ 75000ൽ അധികം 4ജി ടവറുകൾ കമ്മിഷൻ ചെയ്യുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ 4ജി എത്തിയതോടെ ബിഎസ്എൻഎൽ പ്ലാനുകളുടെ പ്രസക്തി മുൻപത്തെക്കാൾ ഏറെ ഉയർന്നിട്ടുണ്ട്.
ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകളെപ്പറ്റി ഏതാണ്ട് എല്ലാവർക്കും ചെറിയ ധാരണയെങ്കിലുമൊക്കെയുണ്ട്. എന്നാൽ പ്രീപെയ്ഡിൽ മാത്രമല്ല, പോസ്റ്റ്പെയ്ഡ് പ്ലാനുകളിലും ബിഎസ്എൻഎൽ പുലിയാണ്. മികച്ച ധാരാളം പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഉണ്ട്. എന്നാൽ അവയൊന്നും ആർക്കും അത്ര പരിചിതമല്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ തങ്ങളുടെ ഔദ്യോഗിക എക്സ് (ട്വിറ്റർ) പേജിലൂടെ ബിഎസ്എൻഎൽ ഒരു പോസ്റ്റ്പെയ്ഡ് പ്ലാനിനെ പരിചയപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഫാമിലി പ്ലാനുകളോട് ആളുകൾക്ക് പ്രത്യേക താൽപര്യമുണ്ട്. ഇത് കൂടി കണക്കിലെടുത്താകാം മൂന്ന് കണക്ഷനുകൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാകുന്ന ഒരു പോസ്റ്റ്പെയ്ഡ് പ്ലാനാണ് ബിഎസ്എൻഎൽ ട്വിറ്ററിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. 999 രൂപയാണ് ഈ പ്ലാനിന്റെ വില. കുറഞ്ഞത്, ഏതാണ്ട് നാല് വർഷത്തിന് മുകളിലായി ഈ പ്ലാൻ ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ പട്ടികയിലുണ്ട്.
999 രൂപയുടെ ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ ആനുകൂല്യങ്ങളെപ്പറ്റി അന്വേഷിച്ചിറങ്ങിയാൽ ഇത് സംബന്ധിച്ച് 2021 പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ടുകൾ കാണാനാകും. അന്നും ഇന്നും ഈ പ്ലാനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയം. 2021ൽ 999 രൂപയുടെ ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനിൽ എന്ത് ആനുകൂല്യമാണോ ലഭിച്ചിരുന്നത് അത് തന്നെയാണ് ഇപ്പോൾ ബിഎസ്എൻഎൽ പരിചയപ്പെടുത്തിയിരിക്കുന്ന 999 രൂപയുടെ പ്ലാനിലും ഉള്ളത്.

മറ്റൊരു ടെലിക്കോം കമ്പനിയും ഇത്ര പഴക്കമുള്ള പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നില്ല. ജിയോ, എയർടെൽ, വിഐ എന്നിവയുടെ നിലവിലുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകൾ എടുത്താൽ, അവയെല്ലാം 2024 ജൂലൈയിൽ നിലവിൽ വന്നവയാണ്. കാരണം ജൂലൈയിൽ ആണ് ഈ സ്വകാര്യ ടെലിക്കോം കമ്പനികൾ ടെലിക്കോം പ്ലാനുകളുടെ നിരക്കുകൾ വർധിപ്പിച്ചത്. പുതുക്കിയ നിരക്കിലുള്ള പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ആ കമ്പനികളുടെ പക്കൽ ഇപ്പോൾ കാണുന്നത്.
എന്നാൽ ബിഎസ്എൻഎൽ നിരക്ക് വർധനയ്ക്ക് തയാറായില്ല. അതിനാൽത്തന്നെ പഴയ നിരക്കുകളിലുള്ള പല പ്ലാനുകളും വർഷങ്ങൾക്കിപ്പുറവും അതേ വിലയിൽ തന്നെ ബിഎസ്എൻഎൽ നൽകിവരുന്നു. അത്തരത്തിൽ വർഷങ്ങളുടെ പഴക്കമുള്ള ഒരു മികച്ച പോസ്റ്റ്പെയ്ഡ് പ്ലാനാണ് 999 രൂപയുടേത്. വൺ പ്ലാൻ, ത്രീ കണക്ഷൻസ്, അൺലിമിറ്റഡ് പോസിബിലിറ്റീസ് എന്നാണ് ഈ പ്ലാനിനെ ബിഎസ്എൻഎൽ വിശേഷിപ്പിക്കുന്നത്.
അതായത് ഒറ്റ പ്ലാൻ, മൂന്ന് കണക്ഷനുകൾ, പരിധിയില്ലാത്തത്ര സാധ്യതകൾ എന്നിവയാണ് ഈ 999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ പ്രത്യേകതയായി ബിഎസ്എൻഎൽ എടുത്തുകാട്ടുന്നത്. 999 രൂപയുടെ ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ഇതിൽ ഉപയോക്താക്കൾക്ക് 75 ജിബി ഡാറ്റ, 225 ജിബി വരെ ഡാറ്റ റോൾഓവർ, സൗജന്യ എസ്എംഎസ്, വോയ്‌സ് കോളിങ് എന്നിവ ലഭിക്കും.

മൂന്ന് ഫാമിലി കണക്ഷനുകൾ ഈ പ്ലാനിനൊപ്പം ലഭിക്കും. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 75 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ ഓരോ ഫാമിലി കണക്ഷനും പ്രത്യേകം പ്രത്യേകം ലഭിക്കുമെന്നും ബിഎസ്എൻഎൽ പങ്കുവച്ച പോസ്റ്ററിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ മികച്ച ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ തേടുന്നവർക്ക് ഈ പ്ലാൻ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








