ഭാഗ്യം, ജിയോ, എയർടെൽ വരിക്കാർക്ക് ഉണ്ടായ ആ നഷ്ടം വിഐ വരിക്കാർക്ക് വന്നില്ല; പക്ഷേ സാധ്യതയുണ്ട്
ജിയോ, എയർടെൽ എന്നീ ടെലിക്കോം കമ്പനികൾ പുതിയതായി എന്തെങ്കിലും പ്ലാനുകളോ മറ്റോ കൊണ്ടുവന്നാൽ അവയെ അനുകരിച്ചുകൊണ്ട് വിഐയും തങ്ങളുടെ കമ്പനിയിൽ അത് നടപ്പാക്കാറുണ്ട്. എന്നാലിപ്പോൾ ടെലിക്കോം വരിക്കാരാകെ ഉറ്റുനോക്കുന്നത് വിഐ തങ്ങളുടെ 249 രൂപയുടെ പ്ലാൻ നിർത്തലാക്കുമോ എന്നാണ്. കാരണം ജിയോയും എയർടെലും തങ്ങളുടെ 249 രൂപയുടെ റീച്ചാർജ് പ്ലാനുകൾ പിൻവലിച്ചിരിക്കുന്നു. ജിയോയുടെ പ്ലാൻ പക്ഷേ റീട്ടെയിൽ സ്റ്റോറുകളിൽ മാത്രം ലഭ്യമാകും. എയർടെലിന്റെ 249 രൂപ പ്ലാൻ എവിടെയും ലഭ്യമാകില്ല. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ഇവരുടെ പാത പിന്തുടർന്ന് വിഐയും 249 രൂപയുടെ പ്ലാൻ പിൻവലിക്കുമോ എന്നതായിരുന്നു ഏവരുടെയും ആകാംക്ഷ.
ഇതുവരെ ഓക്കെയാണ്
249 രൂപയുടെ പ്ലാൻ ആദ്യം പിൻവലിച്ചത് ജിയോയാണ്. തൊട്ടുപിന്നാലെ എയർടെലും അത് അനുകരിച്ചു. സാധാരണ ഗതിയിൽ എയർടെലിന് പിന്നാലെ അതേ കാര്യം വിഐയും നടപ്പിലാക്കേണ്ടതായിരുന്നു. എന്നാൽ വരിക്കാർ കൊഴിഞ്ഞുപോകുന്ന ഒരു സാഹചര്യം നിലനിൽക്കെ അവരെ കൂടുതൽ പ്രകോപിപ്പിക്കേണ്ട എന്ന തീരുമാനം കൊണ്ടാകാം, വിഐയുടെ 249 രൂപയുടെ പ്ലാൻ ഇപ്പോഴും ലഭ്യമാണ്.

249 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
കേരളത്തിൽ 249 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനിൽ വിഐ അൺലിമിറ്റഡ് കോളിങ്, ദിവസം 1ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ മറ്റ് ചില സർക്കിളുകളിൽ വിഐ ഈ പ്ലാനിൽ 1ജിബിക്ക് പകരം 1.5ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.
ലാഭം ജിയോ ആയിരുന്നു
ജിയോ, എയർടെൽ, വിഐ ഈ മൂന്ന് ടെലിക്കോം കമ്പനികളുടെയും 249 രൂപ പ്ലാനുകളിൽ ജിയോയുടെ പ്ലാനായിരുന്നു ഏറ്റവും ലാഭകരം. കാരണം ജിയോ 28 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ നൽകിയരുന്നത്. എന്നാൽ എയർടെലും വിഐയും 249 രൂപയുടെ പ്ലാനിൽ 24 ദിവസം മാത്രമേ വാലിഡിറ്റി നൽകിയിരുന്നുള്ളൂ.

249 രൂപയുടെ പ്ലാൻ ജിയോ പിൻവലിച്ചെങ്കിലും എയർടെൽ, വിഐ എന്നിവയുടെ വരിക്കാർക്ക് 249 രൂപയുടെ പ്ലാനിൽ ലഭ്യമാകുന്ന ഏാതാണ്ട് അതേ ആനുകൂല്യം ജിയോ വരിക്കാർക്ക് ഇപ്പോഴും ലഭ്യമാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. കാരണം ജിയോയ്ക്ക് 209 രൂപ വിലയിൽ ഒരു വാല്യൂ പ്ലാൻ ഉണ്ട്.
209 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 1ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 22 ദിവസ വാലിഡിറ്റിയിൽ ലഭ്യമാക്കുന്നു. ജിയോടിവി, ജിയോ ക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉൾപ്പെടുന്നു. അതിനാൽ വാലിഡിറ്റി അൽപ്പം കുറവാണെങ്കിലും ജിയോ വരിക്കാർക്ക് റീച്ചാർജിനായി ഉയർന്ന തുക കൈയിലില്ലാത്തപ്പോൾ തൽക്കാലം ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യാനാകും.
വിഐ 299 രൂപയുടെ പ്ലാൻ
1ജിബി പ്രതിദിന ഡാറ്റ സഹിതം ഒരു മാസത്തേക്ക് റീച്ചാർജ് പ്ലാൻ തേടുന്നവർക്ക് വിഐ ലഭ്യമാക്കിയിരിക്കുന്ന ഓപ്ഷൻ 299 രൂപയുടെ പ്ലാനാണ്. ഇതിൽ പ്രതിദിനം 1ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും. ഇത് എയർടെലിന്റെ 299 രൂപയുടെ പ്ലാനിന് സമാനമാണ്.

വിഐ 249 രൂപയുടെ പ്ലാൻ പിൻവലിച്ചാൽ വിഐ വരിക്കാർക്ക് 1ജിബി പ്രതിദിന ഡാറ്റ സഹിതമുള്ള റീച്ചാർജ് ഓപ്ഷനായി പരിഗണിക്കാൻ 299 രൂപയുടെ പ്ലാനാണ് ഉള്ളത്. ഇപ്പോൾ 249 രൂപയുടെ പ്ലാൻ പിൻവലിച്ച ജിയോ, എയർടെൽ വരിക്കാരുടെയും 28 ദിവസ റീച്ചാർജിനുള്ള ആശ്രയം 299 രൂപ പ്ലാനുകളാണ്. ജിയോയുടെ 299 രൂപ പ്ലാനിൽ 1.5ജിബി പ്രതിദിന ഡാറ്റയടക്കം കിട്ടും.


Click it and Unblock the Notifications








