ജിയോ വരിക്കാരേ ആഹ്ലാദിപ്പിൻ! ആ അൺലിമിറ്റഡ് ഓഫർ ജിയോ മേയ് 25 വരെ നീട്ടിയിരിക്കുന്നു
റിലയൻസ് ജിയോ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) സീസൺ ആരംഭത്തിൽ അവതരിപ്പിച്ച അൺലിമിറ്റഡ് ഓഫർ മേയ് 25 വരെ നീട്ടിയിരിക്കുന്നു. അൺലിമിറ്റഡ് ഓഫർ എന്ന് പറയുമെങ്കിലും ഇത് ഡാറ്റ അല്ലെങ്കിൽ കോളിങ് അൺലിമിറ്റഡായി നൽകുന്ന ഓഫർ അല്ല, മറിച്ച് 299 രൂപയോ അതിന് മുകളിലോ തുകയുടെ പ്രീപെയ്ഡ് പ്ലാനുകൾ തെരഞ്ഞെടുക്കുന്നവർക്ക് ജിയോഹോട്ട്സ്റ്റാർ സബസ്ക്രിപ്ഷൻ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ ജിയോ അൺലിമിറ്റഡ് ഓഫറിന്റെ പ്രത്യേകത. മാർച്ച് 17 മുതൽ മാർച്ച് 31 വരെ മാത്രമേ ഈ ഓഫർ ലഭ്യമാകൂ എന്നായിരുന്നു ജിയോ ആദ്യം പ്രഖ്യാപിച്ചത്.
പിന്നീട് ഐപിഎൽ ആവേശം കടുക്കുകയും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭ്യമാക്കിയതിലൂടെ ജിയോയുടെ ഈ ഒടിടി പ്ലാറ്റ്ഫോമിന്റെ കാഴ്ചക്കാരുടെ എണ്ണം റെക്കോഡിലേക്ക് കുതിച്ചുയരുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഈ ഓഫർ വാലിഡിറ്റി പിന്നീട്, 15 ദിവസം കൂടി അതായത് 2025 ഏപ്രിൽ 15 വരെയും പിന്നീട് വീണ്ടും 15 ദിവസം കൂടി അതായത് ഏപ്രിൽ 30 വരെയും നീട്ടി.

ഈ രണ്ട് പുതിയ കാലാവധിയും അവസാനിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ജിയോയുടെ ഏറ്റവും പുതിയ അറിയിപ്പ് എത്തിയിരിക്കുന്നത്. മേയ് 25 വരെ ജിയോ അൺലിമിറ്റഡ് ഓഫർ ലഭ്യമാകും എന്നാണ് ജിയോയുടെ പുതിയ വിശദീകരണം. അതായത് ഐപിഎൽ ഫൈനൽ നടക്കുന്നത് മേയ് 25 ന് ആണ്. അതുവരെ ഈ ഓഫർ സജീവമായി ലഭ്യമാകും.
ഐപിഎൽ തരംഗം മുതലെടുത്ത് ജിയോഹോട്ട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോം വളർത്തുക. ഒപ്പംതന്നെ പ്രീപെയ്ഡ് പ്ലാനുകളിൽ ഈ സൗജന്യ ഓഫർ ഉള്ളതിനാൽ വരിക്കാരെ ആകർഷിക്കാനും സാധിക്കും. അങ്ങനെ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന നിലയ്ക്കാണ് ജിയോ ഈ ജിയോഹോട്ട്സ്റ്റാർ ഓഫറുമായി വീണ്ടും മുന്നോട്ട് പോകുന്നത്.

299 രൂപയോ അതിൽ കൂടുതലോ വിലയുള്ള പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന യോഗ്യരായ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്കാണ് കമ്പനിയുടെ അൺലിമിറ്റഡ് ഓഫർ ലഭിക്കുക. എന്നാൽ ഇവിടെ മനസിലാക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്, അതായത് പ്രതിദിനം 1.5GB ഡാറ്റയോ അതിൽ കൂടുതലോ ഉള്ള പ്ലാനുകളായിരിക്കണം ഇവ.
ജിയോഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഫോണിൽ IPL മത്സരങ്ങൾ സ്ട്രീം ചെയ്യാം. ഐപിഎൽ മാത്രമല്ല തങ്ങളുടെ പ്രിയപ്പെട്ട ടിവി ഷോകളും സിനിമകളും കാണാനും ഈ ജിയോ ഒടിടി പ്ലാറ്റ്ഫോം സഹായിക്കും. അതിനാൽ ഐപിഎൽ കഴിഞ്ഞാലും ഈ സബ്സ്ക്രിപ്ഷൻ കൊണ്ട് ഗുണമുണ്ട് എന്നർഥം.
അതേസമയം തന്നെ ജിയോയിൽ നിന്ന് വരുന്ന മറ്റൊരു വാർത്ത എന്തെന്നാൽ ഇന്ത്യയിലുടനീളം 5G നെറ്റ്‌വർക്ക് കൂടുതൽ വ്യാപിപ്പിക്കുന്നതിനായി ഇനി തദ്ദേശീയമായി നിർമ്മിച്ച 5G ചെറുകിട സെൽ സൈറ്റുകളും റേഡിയോ ഉപകരണങ്ങളും ഉപയോഗിക്കാൻ ജിയോ തീരുമാനിച്ചിരിക്കുന്നു. എറിക്‌സൺ, നോക്കിയ തുടങ്ങിയ ആഗോള വെണ്ടർമാരെ ആശ്രയിച്ചുകൊണ്ടാണ് ജിയോ പ്രധാനമായും 5ജി വ്യാപനം നടത്തിയിരുന്നത്.

എന്നാൽ പ്രാദേശിക ചെറുകിട കമ്പനികളുടെ ഡിവൈസുകൾ ഉപയോഗിക്കുന്നതിലൂടെ 5ജി വ്യാപനത്തിന്റെ ചെലവ് വളരെയധികം കുറയ്ക്കാൻ സാധിക്കും എന്ന് ജിയോ കരുതുന്നു. സാനിമിന കോർപ്പറേഷനുമായുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ഇലക്ട്രോണിക്സ് സംയുക്ത സംരംഭം ചെന്നൈയ്ക്ക് സമീപം പ്രാദേശികമായി ഘടകങ്ങൾ നിർമ്മിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ജിയോയുടെ നെറ്റ്‌വർക്ക് ഡിസൈൻ സബ്സിഡിയറിയായ റാഡിസിസ്, പ്രാദേശികമായി വികസിപ്പിച്ച ചെറുകിട സെൽ സൈറ്റുകൾക്കായി ഡിജിറ്റൽ ആപ്ലിക്കേഷനുകൾ നൽകുന്നതിൽ പങ്കാളിയായേക്കാമെന്ന് മറ്റൊരു റിപ്പോർട്ടും ഉണ്ട്.


Click it and Unblock the Notifications








