നമ്മുടെ വീട്ടിലെ ആവശ്യം നമുക്കറിയില്ലേ! മികച്ച വേഗതയുള്ള ഇന്റർനെറ്റിന് ഈ പ്ലാൻ മതിയോ എന്ന് നോക്കൂ
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) മൊബൈൽ കണക്ഷനുകളുടെ കാര്യത്തിൽ മാത്രമല്ല, ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ കാര്യത്തിലും ഏറെ മുമ്പിലാണ്. ഫൈബർ/ എയർഫൈബർ കണക്ഷനുകൾ വഴി ജിയോ ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്തുവരുന്നു. അതിൽ എയർഫൈബർ താരതമ്യേന പുതിയതാണ്. കേബിളുകളില്ലാതെ സിഗ്നലുകൾ വഴി ഇന്റർനെറ്റ് കണക്ഷൻ വീടുകളിലും ഓഫീസുകളിലുമൊക്കെ ലഭ്യമാക്കുന്ന ജിയോയുടെ സേവനമാണ് ജിയോ എയർഫൈബർ. അതായത് ജിയോയുടെ 5G FWA (ഫിക്സഡ്-വയർലെസ് ആക്സസ്) സേവനമാണ് ജിയോ എയർഫൈബർ (Jio AirFiber) കണക്ഷൻ.
5ജി വ്യാപനത്തിനൊപ്പം എയർഫൈബർ കണക്ഷനുകളുടെ വ്യാപനവും ജിയോ നടത്തിവരുന്നു. സിഗ്നലുകളെ ആശ്രയിക്കുന്നതിനാൽത്തന്നെ ജിയോ എയർഫൈബർ കണക്ഷനുകൾ എല്ലായിടത്തും സ്ഥിരമായ സ്പീഡ് വാഗ്ദാനം ചെയ്യും എന്ന് ഉറപ്പ് പറയാനാകില്ല. ഫൈബർ കണക്ഷൻ ആണെങ്കിൽ നിശ്ചിത സ്പീഡ് ഉറപ്പാണ്. എന്നാൽ എയർഫൈബർ കണക്ഷനെ സംബന്ധിച്ചിടത്തോളം സിഗ്നൽ ശേഷി പരിശോധിച്ച് ഉറപ്പിച്ച ശേഷം കണക്ഷൻ എടുക്കുന്നതാണ് ഉചിതം.

ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷനുകളെക്കാൾ ജിയോ ഇപ്പോൾ പിന്തുണ നൽകുന്നത് എയർഫൈബർ കണക്ഷനുകൾക്കാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലും മറ്റും ഫൈബർ കണക്ഷൻ ലഭ്യമാകാത്ത ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം എയർഫൈബർ കണക്ഷനുകൾ മികച്ച ഓപ്ഷനാണ് എന്നതിൽ തർക്കമില്ല. ഇപ്പോൾ കേരളത്തിലെ നിരവധി പ്രദേശങ്ങളിൽ ജിയോ എയർഫൈബർ കണക്ഷൻ ലഭ്യമാണ്.
നമ്മുടെ വീടുകളിൽ ഇപ്പോൾ ഇന്റർനെറ്റ് അനിവാര്യമായ ഒരു സംഗതിയായി മാറിക്കഴിഞ്ഞു. എന്നാൽ ഇന്റർനെറ്റ് കണക്ഷൻ എടുക്കുമ്പോൾ ഏത് സ്പീഡിലുള്ള പ്ലാൻ വേണം എന്ന് തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. കുറഞ്ഞ വേഗതയുള്ള പ്ലാനുകൾക്ക് കുറഞ്ഞ നിരക്ക് നൽകിയാൽ മതി. എന്നാൽ അത്യാവശ്യം വേഗതയുള്ള പ്ലാനുകൾക്ക് നിരക്ക് കൂടും.
റിലയൻസ് ജിയോ 30 Mbps മുതൽ 1Gbps വരെ വേഗത വാഗ്ദാനം ചെയ്യുന്ന വിവിധ എയർഫൈബർ പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിൽ 30Mbps മുതൽ 100 Mbps വരെയുള്ള പ്ലാനുകൾ എയർഫൈബർ പ്ലാനെന്നും 300 Mbps മുതൽ 1 Gbps വരെ വേഗതയുള്ള പ്രീമിയം പ്ലാനുകൾ എയർഫൈബർ മാക്സ് പ്ലാനുകൾ എന്നും അറിയപ്പെടുന്നു.
അത്യാവശ്യം കുറച്ച് ഡാറ്റ ഉപയോഗം മാത്രമുള്ള സാധാരണ വീടുകളെ സംബന്ധിച്ചിടത്തോളം എൻട്രിലെവൽ എന്ന നിലയിൽ 30 Mbps പ്ലാനുകൾ മതിയാകും. എന്നാൽ അത്യാവശ്യം നല്ല വേഗതയും വേണം എന്നാൽ ഉയർന്ന നിരക്ക് ആകാനും പാടില്ല എന്നുള്ളവർക്ക് 100 Mbps വേഗതയുള്ള ജിയോ എയർഫൈബർ പ്ലാനാണ് അനുയോജ്യം.
100 Mbps വേഗതയിൽ രണ്ട് ജിയോ എയർഫൈബർ പ്ലാനുകൾ ലഭ്യമാണ്. ഇതിൽ ഒരു പ്ലാൻ പ്രതിമാസം 899 രൂപയ്ക്ക് വരുന്നു, മറ്റൊന്ന് പ്രതിമാസം 1199 രൂപയ്ക്ക് വരുന്നു. രണ്ട് പ്ലാനുകളും OTT (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, അതിൽത്തന്നെ 1199 രൂപയുടെ പ്ലാനിലെ OTT ആനുകൂല്യങ്ങൾ വളരെ മികച്ചതാണ്.

899 രൂപ ജിയോ എയർഫൈബർ പ്ലാൻ: ജിയോയുടെ എൻട്രി ലെവൽ 100 Mbps എയർഫൈബർ പ്ലാനാണ് ഇത്. 100 എംബിപിഎസ് വരെ വേഗത, 1000 ജിബി ഡാറ്റ, സൗജന്യ വോയ്‌സ് സേവനം, 800-ലധികം ഓൺ-ഡിമാൻഡ് ടിവി ചാനലുകളിലേക്കുള്ള ആക്‌സസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, ജിയോസിനിമ പ്രീമിയം, സൺനെക്സ്റ്റ്, ഹോയ്ചോയ്, ഡിസ്കവറി+, എഎൽടിബാലാജി, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ഇടിവി വിൻ ( JioTV+ വഴി ) എന്നിവയാണ് 899 രൂപ ജിയോ എയർഫൈബർ പ്ലാനിൽ ലഭ്യമാകുന്ന ഒടിടി സബ്സ്ക്രിഷപ്ഷനുകൾ.
1199 രൂപയുടെ ജിയോ എയർഫൈബർ പ്ലാൻ: 100 എംബിപിഎസ് വരെ വേഗതയിൽ 1,000 ജിബി ഡാറ്റ, സൗജന്യ വോയ്‌സ് സേവനം, 800-ലധികം ഓൺ ഡിമാൻഡ് ടിവി ചാനലുകളിലേക്കുള്ള ആക്‌സസ്, 14 ഒടിടി സബ്സ്ക്രിപ്ഷനുകൾ തുടങ്ങിയ സ്റ്റാൻഡേർഡ് ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭിക്കും.

രണ്ട് വർഷത്തേക്ക് നെറ്റ്ഫ്ലിക്സ് ബേസിക്, ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷനുകൾ ലഭിക്കും എന്നതാണ് 1199 രൂപയുടെ പ്ലാനിന്റെ പ്രധാന സവിശേഷത.യൂട്യൂബ് പ്രീമിയം, ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, ജിയോസിനിമ പ്രീമിയം, സൺനെക്സ്റ്റ്, ഹോയ് ചോയ്, ഡിസ്കവറി+, ALT ബാലാജി, ഇറോസ് നൗ, ഷെമാരൂമീ, ലയൺസ്ഗേറ്റ്, ഫാൻകോഡ് (JioTV+ വഴി) എന്നിവയാണ് ഇതിലെ മറ്റ് ഒടിടി ആനുകൂല്യങ്ങൾ.
ഒരു വർഷത്തേക്ക് ഈ പ്ലാൻ തെരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. അങ്ങനെ തെരഞ്ഞെടുത്താൽ, സൗജന്യ സെറ്റ്-ടോപ്പ് ബോക്സ് (STB) കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ 12 മാസ പ്ലാനിലേക്ക് പോകുന്നതിന്റെ ഒരു പ്രധാന നേട്ടം ഇൻസ്റ്റാളേഷൻ ഫീസ് (1000 രൂപ) ഒഴിവായിക്കിട്ടും എന്നതാണ്. എന്നാൽ ഈ കണക്ഷൻ നമുക്ക് അനുയോജ്യമാകുമോ എന്ന് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഒരു മാസത്തെയോ മൂന്ന് മാസത്തെയോ പ്ലാൻ തിരഞ്ഞെടുത്ത് പരീക്ഷിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം മുന്നോട്ട് പോകുക.


Click it and Unblock the Notifications








