ദിവസവും ഓരോ മാറ്റങ്ങളല്ലേ! Jio, Airtel, Vi, BSNL വരിക്കാർക്കുള്ള മിനിമം റീച്ചാർജ് പ്ലാനുകൾ
ഇന്ത്യയിലെ ടെലിക്കോം രംഗത്ത് പ്രധാനമായും നാല് കമ്പനികളാണ് ഉള്ളത്. റിലയൻസ് ജിയോ (Jio), ഭാരതി എയർടെൽ (Airtel), വൊഡാഫോൺ ഐഡിയ (VI), ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) എന്നിവയാണ് അവ. ജൂലൈയിൽ നിരക്ക് വർധിപ്പിച്ചതു മുതൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ നിരവധി മാറ്റങ്ങൾ ഈ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളിൽ ഉണ്ടായിട്ടുണ്ട്. പല പ്ലാനുകളും പരിഷ്കരിക്കപ്പെട്ടു. ചില പ്ലാനുകൾ പിൻവലിക്കപ്പെട്ടു, ചില പ്ലാനുകൾ പുതിയതായി അവതരിപ്പിക്കപ്പെട്ടു, ചില പ്ലാനുകളുടെ നിരക്കുകളിൽ വ്യത്യാസം വരുത്തി എന്നിങ്ങനെ മാറ്റങ്ങൾ അനവധിയാണ്.
ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വാലിഡിറ്റി നിലനിർത്താൻ ഓരോ കമ്പനിയുടെ ഉപയോക്താക്കൾക്കും വ്യത്യസ്ത നിരക്കാണ് ഈടാക്കപ്പെടുന്നത്. പൊതുവായി ഒരു അടിസ്ഥാന പ്ലാൻ ഇല്ല. ഓരോ കമ്പനിയും തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് വിവിധ പ്ലാനുകൾ സിം വാലിഡിറ്റി നിലനിർത്താനുള്ള അടിസ്ഥാന പ്രീപെയ്ഡ് പ്ലാനുകളായി ലഭ്യമാക്കിയിരിക്കുന്നു.

സ്വകാര്യ ടെലിക്കോം കമ്പനികളിൽ രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ മിനിമം റീച്ചാർജ് പ്ലാനുകൾ നൽകുന്ന ടെലിക്കോം കമ്പനി തങ്ങളെന്ന് റിലയൻസ് ജിയോ അവകാശപ്പെടുന്നു, എന്നിരുന്നാലും, ഈ അവകാശവാദം പൂർണമായും ശരിയല്ല. വിവിധ ടെലിക്കോം കമ്പനികളുടെ വരിക്കാർക്ക് സിം വാലിഡിറ്റി നിലനിർത്താൻ ലഭ്യമായിട്ടുള്ള നിരക്ക് കുറഞ്ഞ പ്ലാനുകൾ ഏതൊക്കെയെന്ന് ഇവിടെ പരിചയപ്പെടാം.
റിലയൻസ് ജിയോ: ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത് 189 രൂപ വിലയിൽ ആണ്. അടുത്തിടെ കുറച്ച് ദിവസത്തേക്ക് ഈ പ്ലാൻ ലഭ്യമായിരുന്നില്ല. എന്നാലിപ്പോൾ ജിയോ ഈ പ്ലാൻ പിന്നെയും തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ കൂട്ടത്തിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

189 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 2ജിബി ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അധിക ആനുകൂല്യമായി ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
199 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: ജിയോയെ അപേക്ഷിച്ച് നോക്കിയാൽ എയർടെലിന്റെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാനിന് നിരക്ക് അൽപ്പം കൂടുതലാണ്, 199 രൂപ വിലയിലാണ് ഇത് എത്തുന്നത്. 28 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ്, ആകെ 2ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുക.
99 രൂപയുടെ വിഐ പ്ലാൻ: കേരളത്തിൽ വിഐ വരിക്കാർക്ക് 99 രൂപയുടെ ഒരു റീച്ചാർജ് പ്ലാൻ ലഭ്യമാണ്. ഇത് 15 ദിവസത്തെ സർവീസ് വാലിഡിറ്റിയോടെയാണ് വരുന്നത്, 200 എംബി ഡാറ്റ, 99 രൂപ ടോക്ക്ടൈം എന്നിവയാണ് ഇതിൽ ലഭിക്കുക, എസ്എംഎസ് ആനുകൂല്യങ്ങളൊന്നുമില്ല. എന്നിരുന്നാലും, ഉപയോക്താക്കൾക്ക് 1900 എന്ന നമ്പറിലേക്ക് പോർട്ട് ഔട്ട് എസ്എംഎസ് അയയ്ക്കാൻ കഴിയും, അതിന് എസ്എംഎസിനുള്ള സ്റ്റാൻഡേർഡ് ചാർജ് ബാധകമാണ്.

59 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ബിഎസ്എൻഎല്ലിന് 100 രൂപയിൽ താഴെ വിലയിൽ ഒന്നലധികം പ്ലാനുകൾ വാലിഡിറ്റിയും വോയ്സ് കോളിങ്ങും സഹിതം ലഭ്യമായിട്ടുണ്ട്. അതിൽ 59 രൂപയുടെ പ്ലാൻ 7 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിജ്, ദിവസം 1ജിബി ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ 99 രൂപയുടെ പ്ലാൻ 17 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ് സഹിതം ലഭ്യമാണ്.


Click it and Unblock the Notifications








