ജിയോ, എയർടെൽ, VI എന്നിവ 799 രൂപയ്ക്ക് നൽകുന്നതിലും ബെസ്റ്റ് ആനുകൂല്യങ്ങൾ BSNL 485 രൂപയ്ക്ക് നൽകുന്നു!
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ (VI), ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) എന്നിവയാണ് ഇന്ത്യയിലെ നാല് പ്രധാന ടെലിക്കോം കമ്പനികളെന്ന് ഏതാണ്ട് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ വരിക്കാർക്ക് കുറഞ്ഞ വിലയിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ ഇതിൽ ഏത് കമ്പനിയാണ് മികച്ചത് എന്ന് ചോദിച്ചാൽ പലർക്കും പല അഭിപ്രായങ്ങളാകും ഉണ്ടാകുക. ഉപയോക്താക്കൾ തങ്ങളുടെ ആവശ്യങ്ങളും പരിഗണനകളുമൊക്കെ വച്ചാണ് മികച്ച കമ്പനിയെ തെരഞ്ഞെടുക്കുക. എന്നാൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പരിഗണിച്ചാൽ പൊതുമേഖലാ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ആണ് ലാഭകരമായ പ്ലാനുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുള്ളത്.
ജിയോ, എയർടെൽ, VI എന്നിവ ഏതാണ്ട് സമാനമായ വിലയിൽ സമാനമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നു. എന്നാൽ ഈ സ്വകാര്യ കമ്പനികളുടെ പ്ലാനുകൾ പരസ്പരം സാദൃശ്യം പുലർത്തുമ്പോൾ ബിഎസ്എൻഎൽ പ്ലാനുകളുടെ വിലയും ആനുകൂല്യങ്ങളും ഇവയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.

ജിയോ, എയർടെൽ, VI എന്നീ മൂന്ന് കമ്പനികൾക്കും 799 രൂപയുടെ പ്രീപെയ്ഡ് പ്ലാനുണ്ട്. എന്നാൽ ബിഎസ്എൻഎല്ലിന് ആ വിലയിലോ അതിനോട് അടുത്ത വിലകളിലോ ഒരു പ്ലാനില്ല. അതായത് നിലവിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ കൂട്ടത്തിൽ 600നും 850നും ഇടയിൽ വിലയുള്ള ഒരു പ്ലാനുമില്ല. 599 രൂപയുടെ പ്ലാൻ കഴിഞ്ഞാൽ പിന്നെയുള്ളത് 897 രൂപയുടെ പ്ലാനാണ്.
അതിന്റെ അർഥം ബിഎസ്എൻഎല്ലിന് മികച്ച പ്ലാനുകൾ ഇല്ല എന്നതല്ല, മറ്റ് കമ്പനികളുടെ ഉയർന്ന വിലയുള്ള പ്ലാനുകളെ നേരിടാനുള്ള പ്ലാനുകൾ അവയെക്കാൾ വളരെ കുറഞ്ഞ വിലയിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ്. ഉദാഹരണത്തിന് ഇവിടെ പറഞ്ഞ സ്വകാര്യ കമ്പനികളുടെ 799 രൂപയുടെ പ്ലാനിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ 485 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നുണ്ട്. അത് പരിചയപ്പെടാം.

799 രൂപയുടെ റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാൻ
അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് റിലയൻസ് ജിയോയുടെ 799 രൂപയുടെ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയിലാണ് ഈ ജിയോ പ്ലാൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്. 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ അല്ല എന്നതിനാൽ ഇതിൽ അൺലിമിറ്റഡ് 5G ഓഫർ ലഭ്യമല്ല. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 9.51 രൂപയാണ്.
799 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
77 ദിവസ വാലിഡിറ്റിയിൽ ഈ എയർടെൽ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 1.5 ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അൺലിമിറ്റഡ് 5ജി ഡാറ്റ ഈ പ്ലാനിൽ ലഭ്യമല്ല. പ്രതിദിനം ശരാശരി 10.38 രൂപയാണ് 799 രൂപയുടെ പ്ലാനിനായി ഉപയോക്താവിന് ചെലവാകുക.
799 രൂപയുടെ വൊഡാഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാൻ
പ്രതിദിനം 1.5 ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്സ് കോളിങ് എന്നിവയാണ് ഈ പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങൾ. 77 ദിവസ വാലിഡിറ്റിയിലാണ് ഇതിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. പുലർച്ചെ 12 മുതൽ രാവിലെ 6 വരെ അൺലിമിറ്റഡ് ഡാറ്റ, വീക്കെൻഡ് ഡാറ്റ റോൾഓവർ, അൺലിമിറ്റഡ് 5ജി തുടങ്ങി നിരവധി അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്. 10.38 രൂപയാണ് ഇതിന്റെ പ്രതിദിന ചെലവ്.

485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
അൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 72 ദിവസ വാലിഡിറ്റിയിലാണ് ഇവ ലഭ്യമാകുക. ഇതിന്റെ പ്രതിദിന ചെലവ് വെറും 6 രൂപ 73 പൈസ മാത്രമാണ്.
ഈ നാല് പ്ലാനുകളും പരിഗണിച്ചാൽ സ്വകാര്യ കമ്പനികളുടെ ആനുകൂല്യങ്ങൾ ഏതാണ്ട് സമാനമാണ്. കുറച്ച് വാലിഡിറ്റി കൂടുതൽ നൽകുന്ന ജിയോയാണ് അവയിൽ ഭേദം. അതേസമയം ഈ സ്വകാര്യ പ്ലാനുകളെക്കാൾ ഏതാണ്ട് 314 രൂപ വിലക്കുറവിൽ എത്തുന്ന ബിഎസ്എൻഎൽ പ്ലാൻ 2ജിബി പ്രതിദിന ഡാറ്റ അടക്കം വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. വാലിഡിറ്റി സ്വകാര്യ കമ്പനികളുടെ അത്രയും ഇല്ലെങ്കിലും വിലയും 2ജിബി പ്രതിദിന ഡാറ്റയും പരിഗണിക്കുമ്പോൾ ബെസ്റ്റ് ബിഎസ്എൻഎൽ തന്നെയാണ്.


Click it and Unblock the Notifications







