ഒരു മര്യാദയൊക്കെ വേണ്ടേഡേയ്! JIO, Airtel, VI വോയ്സ് ഒൺലി പ്ലാനുകളുടെ നിരക്ക് കുറയ്ക്കാൻ ട്രായി ആവശ്യപ്പെട്ടു
കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യൻ ടെലിക്കോം മേഖലയിൽ വോയിസ്- എസ്എംഎസ് ഒൺലി പ്ലാനുകളുടെ പേരിൽ നടക്കുന്ന സംഭവവികാസങ്ങളിൽ പുതിയ ട്വിസ്റ്റ്. റിലയൻസ് ജിയോ (Reliance Jio), ഭാരതി എയർടെൽ (Bharti Airtel), വൊഡാഫോൺ ഐഡിയ (Vodafone Idea) എന്നീ ടെലിക്കോം കമ്പനികളോട് അവർ അവതരിപ്പിച്ച വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് കുറയ്ക്കാൻ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ആവശ്യപ്പെട്ടു എന്ന് ഇ.ടി റിപ്പോർട്ട് ചെയ്തു. ടെലിക്കോം വരിക്കാർക്ക് വോയ്സ്- എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രം അടങ്ങുന്ന വാലിഡിറ്റി പ്ലാനുകൾ ലഭ്യമാക്കണമെന്ന് നേരത്തെ ട്രായി ഈ കമ്പനികളോട് ഉത്തരവിട്ടിരുന്നു.
തുടർന്ന് ട്രായിയുടെ ഉത്തരവ് പാലിച്ചുകൊണ്ട് മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും ജനുവരി 23ന് തങ്ങളുടെ വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ പുറത്തിറക്കി. പക്ഷേ കുറഞ്ഞ അളവിൽ ഡാറ്റ ലഭ്യമായിരുന്ന റീച്ചാർജ് പ്ലാനുകളിൽ നിന്ന് ഡാറ്റ മാത്രം മാറ്റി ആദ്യം വില കുറയ്ക്കാതെയും പിന്നീട് പ്രതിഷേധം ഉയർന്നപ്പോൾ നേരിയ തോതിൽ വില കുറച്ചുമാണ് എയർടെൽ വോയ്സ്- എസ്എംഎസ് ഒൺലി പ്ലാൻ എത്തിയത്.

വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകളിലൂടെ ട്രായി ലക്ഷ്യമിട്ടത് കുറഞ്ഞ നിരക്കിൽ റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കുക എന്നതുകൂടിയായിരുന്നു. ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന ധാരാളം ടെലിക്കോം ഉപയോക്താക്കൾ ഇന്ത്യയിലുണ്ട്. ഇത് കൂടാതെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിലും റീച്ചാർജ് പ്ലാനിനൊപ്പം ഡാറ്റ വേണ്ടാത്ത ഉപയോക്താക്കളും ഉണ്ട്. എന്നാൽ ഇവർക്ക് അനുയോജ്യമായ റീച്ചാർജ് പ്ലാനുകൾ ഇന്ത്യയിൽ ലഭ്യമായിരുന്നില്ല.
സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്ന പ്ലാനുകളിലെല്ലാം ചെറിയ അളവിലെങ്കിലും ഡാറ്റ ഉൾപ്പെടുത്തപ്പെട്ടിരുന്നു. ഡാറ്റ വേണ്ടാത്ത ആളുകളും റീച്ചാർജിനായി ഈ പ്ലാനുകളെ ആശ്രയിക്കേണ്ട സാഹചര്യം നിലനിന്നു. ഇവിടെ ഉപയോഗിക്കാത്ത സേവനത്തിനും ആളുകൾ പണം നൽകാൻ നിർബന്ധിതരാകുന്നു എന്ന് ട്രായി വിലയിരുത്തി. ഈ സാഹചര്യം പരിഗണിച്ചാണ് അടിസ്ഥാന ടെലിക്കോം സേവനങ്ങളായ വോയ്സ്- എസ്എംഎസ് എന്നിവ ലഭ്യമാകുന്ന റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കാൻ ട്രായി ഉത്തരവിട്ടത്.

മാത്രമല്ല, സ്വകാര്യ ടെലിക്കോം കമ്പനികൾ ജൂലൈയിൽ നിരക്ക് വർധിപ്പിച്ചു. റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയർന്നത് സാധാരണക്കാരായ ടെലിക്കോം ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി. വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ ആകുമ്പോൾ കുറച്ചുകൂടി കുറഞ്ഞ് നിരക്കിലുള്ള പ്ലാനുകൾ ആളുകൾക്ക് ലഭ്യമാകും എന്ന വിലയിരുത്തപ്പെട്ടു. എന്നാൽ ഈ പ്രതീക്ഷകൾ എല്ലാം തകിടം മറിയ്ക്കുന്ന വിധത്തിലാണ് സ്വകാര്യ കമ്പനികളുടെ വോയ്സ് ഒൺലി പ്ലാനുകൾ എത്തിയത്.
അതിൽ ഏറ്റവും സൂത്രശാലിയായി പ്ലാനുകൾ അവതരിപ്പിച്ചത് എയർടെൽ ആയിരുന്നു. അതിനാൽത്തന്നെ എയർടെലിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധവും ട്രോളുകളും നിറയുകയും ചെയ്തിരുന്നു. എയർടെലിന്റെ വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാൻ 509 രൂപ, 1999 രൂപ വിലകളിൽ എത്തുമെന്നായിരുന്നു ആദ്യം വാർത്ത പുറത്തുവന്നത്.
എന്നാൽ പ്രതിഷേധം ഉയർന്നതോടെ, എയർടെലിന്റെ വോയ്സ് - ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ 499 രൂപ, 1959 രൂപ വിലകളിലാണ് എത്തിയത്. എന്നാൽ ഇതും അത്ര പോര എന്നാണ് ആളുകൾ പ്രതികരിക്കുന്നത്. ഇതിനെ തുടർന്നാകാം, എയർടെൽ വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകളുടെ വിലയിൽ വീണ്ടും മാറ്റം വരുത്തിയെന്ന് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

എയർടെലിന്റെ വോയ്സ് -എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകളിൽ, 499 രൂപയുടെ പ്ലാൻ ഇപ്പോൾ 469 രൂപ വിലയിലും 1959 രൂപ പ്ലാൻ ഇപ്പോൾ 1849 രൂപ വിലയിലും ആണ് എത്തുന്നത് എന്ന് ടെലിക്കോം ടോക്ക് പറയുന്നു. ഇങ്ങനെ പ്ലാനുകളുടെ നിരക്ക് സംബന്ധിച്ച് ആശങ്കകളും പ്രതിഷേധങ്ങളും തുടരുന്നതിനിടെയാണ് മൂന്ന് സ്വകാര്യ കമ്പനികളോടും വോയ്സ് ഒൺലി പ്ലാനുകളുടെ നിരക്ക് കുറയ്ക്കാൻ ട്രായി ആവശ്യപ്പെട്ടു എന്ന വാർത്ത ഇടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കാൻ ഉത്തരവിടുമ്പോൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ റീച്ചാർജ് ഓപ്ഷൻ ലഭ്യമാക്കുക എന്ന നല്ല ലക്ഷ്യം കൂടി ട്രായിക്ക് ഉണ്ടായിരുന്നു. നിലവിൽ സ്വകാര്യ കമ്പനികൾ അവതരിപ്പിച്ചിരിക്കുന്ന വോയ്സ് പ്ലാനുകളൊന്നും ആ ലക്ഷ്യത്തോട് നീതി പുലർത്തുന്നവയല്ല. ഈ സാഹചര്യത്തിലാണ് ട്രായി ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
വോയ്‌സ് ഒൺലി പ്ലാനുകൾ അവതരിപ്പിക്കുന്നതിനോട് സ്വകാര്യ കമ്പനികൾക്ക് ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. എങ്കിലും പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ട്രായി കർശന ഉത്തരവ് പുറപ്പെടുവിച്ചതിനാൽ മറ്റ് വഴികളില്ലാതെയാണ് അവർ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കാൻ തയാറായത്. സ്വകാര്യ ടെലിക്കോം കമ്പനികൾ അവതരിപ്പിച്ച പ്ലാനുകൾ ഏഴ് ദിവസത്തിനുള്ളിൽ ട്രായ്ക്ക് സമർപ്പിക്കേണ്ടതുണ്ട്. ട്രായി ഇത് വിശദമായി പരിശോധിക്കും. ഡാറ്റ ആനുകൂല്യം കുറയ്ക്കുന്നതിന് അനുസൃതമായ വിലക്കുറവ് പ്ലാനുകളിൽ ഉണ്ടാകണമെന്ന് ട്രായി ടെലിക്കോം കമ്പനികളോട് ആവശ്യപ്പെട്ടതായി ഇ.ടി റിപ്പോർട്ട് ചെയ്യുന്നു.


Click it and Unblock the Notifications








