വീണ്ടും മാറ്റം! ഇപ്പോൾ ജിയോ വോയ്സ് ഒൺലി പ്ലാനുകൾക്കൊപ്പം എല്ലാ ഡാറ്റ പ്ലാനുകളും ഉപയോഗിക്കാം
റിലയൻസ് ജിയോ വീണ്ടും ഒരിക്കൽക്കൂടി വരിക്കാരുടെ ആഗ്രഹത്തിനൊപ്പം നിന്ന് തങ്ങളുടെ മുൻ തീരുമാനം മാറ്റിയിരിക്കുന്നു. ജിയോ അടുത്തിടെ അവതരിപ്പിച്ച വോയ്സ് ഒൺലി പ്ലാൻ ഉപയോക്താക്കൾക്ക് ജിയോ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ഉപയോഗിക്കാൻ കഴിയില്ല എന്ന് വാർത്തകൾ വന്നിരുന്നു. അതേസമയം എയർടെലും വൊഡാഫോൺ ഐഡിയയും (VI) അവരുടെ വോയ്സ് ഒൺലി പ്ലാനുപയോഗിക്കുന്നവർക്ക് ഡാറ്റ പ്ലാൻ ഉപയോഗിക്കുന്നതിൽ നിയന്ത്രണമൊന്നും ഏർപ്പെടുത്തിയിരുന്നില്ല. ഇതോടെ ജിയോയുടെ നടപടി ഏറെ വിമർശിക്കപ്പെട്ടു. എന്നാലിപ്പോൾ ജിയോ ഈ നയത്തിൽ മാറ്റം വരുത്തിയിരിക്കുന്നു എന്ന് ഏറ്റവും പുതിയ റിപ്പോർട്ട് വന്നിരിക്കുന്നു.
ജിയോ തങ്ങളുടെ ഡാറ്റ ബൂസ്റ്റർ പ്ലാനുകളുടെ വാലിഡിറ്റിയിൽ കഴിഞ്ഞ ദിവസം മാറ്റം വരുത്തുകയുണ്ടായി. ഇതിനെതിരേയും വരിക്കാരുടെ ഭാഗത്തുനിന്ന് വിമർശനം ഉയർന്നിരുന്നു. എന്നാലിപ്പോൾ ഈ നീക്കത്തിന് പിന്നാലെയാണ് തങ്ങളുടെ വോയ്സ് ഒൺലി പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് ഡാറ്റ പ്ലാനുകൾ ഉപയോഗിക്കാൻ ജിയോ തടസങ്ങളൊഴിവാക്കി എന്ന വാർത്ത വന്നിരിക്കുന്നത്.

അതായത് ഡാറ്റ ബൂസ്റ്റർ പ്ലാനുകളുടെ വാലിഡിറ്റി കുറച്ച ജിയോ നടപടി യഥാർഥത്തിൽ ജിയോ വരിക്കാർക്ക് തിരിച്ചടിയാണ്. എങ്കിലും ഈ പ്ലാനുകളെ ഇപ്പോൾ ഡാറ്റ പായ്ക്ക്സ് വിഭാഗത്തിലേക്ക് മാറ്റി, വോയ്സ് ഒൺലി പ്ലാൻ ഉപയോഗിക്കുന്നവർക്കും ഡാറ്റ പ്ലാനുകൾ ഉപയോഗിക്കാൻ അനുമതി നൽകിയ ജിയോ നടപടി സ്വാഗതാർഹമാണ്.
ഇപ്പോൾ ജിയോയുടെ വോയ്‌സ്, എസ്എംഎസ്-ഒൺലി വൗച്ചറുകൾ ജിയോ വാഗ്ദാനം ചെയ്യുന്ന എല്ലാ ഡാറ്റ പ്ലാനുകളെയും പിന്തുണയ്ക്കും. 69 രൂപ, 139 രൂപ ഡാറ്റ ബൂസ്റ്റർ പ്ലാനുകളുടെ വാലിഡിറ്റിയിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ഈ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്. ഇപ്പോൾ ജിയോയിൽ ഡാറ്റ ബൂസ്റ്ററുകൾ എന്നൊരു വിഭാഗമില്ല.

ഡാറ്റ ബൂസ്റ്റർ എന്ന ലേബിലിൽ നൽകിയിരുന്ന 69 രൂപ, 139 രൂപ പ്ലാനുകൾ ഇപ്പോൾ വാലിഡിറ്റി മാറ്റപ്പെട്ടതിന് ശേഷം ഡാറ്റ പായ്ക്കുകളുടെ കൂട്ടത്തിലാണ് നൽകിയിരിക്കുന്നത്. മുൻപ് അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയിലാണ് ഈ രണ്ട് പ്ലാനുകളും ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നത്. അതായത് ഈ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുമ്പോൾ നമുക്ക് പ്രധാന പ്ലാനിൽ എത്ര ദിവസം വാലിഡിറ്റി ബാക്കിയുണ്ടോ അത്രയും ദിവസത്തേക്ക് ഈ പ്ലാനുകളിലെ ഡാറ്റ ലഭ്യമാകുമായിരുന്നു.
ഇപ്പോൾ 69 രൂപ, 139 രൂപ ഡാറ്റ പ്ലാനുകൾ വെറും 7 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ നൽകുന്നത്. ഇത് വരിക്കാരെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്. 69 രൂപയുടെ പ്ലാൻ ഇപ്പോൾ 7 ദിവസത്തെ വാലിഡിറ്റിയിൽ 6ജിബി ഡാറ്റയും 139 രൂപയുടെ പ്ലാൻ 7 ദിവസത്തെ വാലിഡിറ്റിയിൽ 12ജിബി ഡാറ്റയും നൽകുന്നു.
ഒരുപാട് വെട്ടലുകൾക്കും തിരുത്തലുകൾക്കും ശേഷമാണ് ജിയോയുടെ വോയ്സ് ഒൺലി പ്ലാനുകളും ഇപ്പോൾ കാണുന്ന നിലയിൽ അവതരിപ്പിക്കപ്പെട്ടത്. നിലവിലുള്ള ജിയോ വോയ്സ് ഒൺലി പ്ലാനുകൾ 448 രൂപ, 1748 രൂപ വിലകളിലാണ് ലഭ്യമാകുക. ട്രായിയുടെ നിർദേശപ്രകാരം ഡാറ്റയില്ലാതെ വോയ്സ്, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രം ഉൾപ്പെടുത്തിയാണ് ഈ പ്ലാനുകൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

448 രൂപയുടെ ജിയോ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 1000 എസ്എംഎസ് എന്നിവ 84 ദിവസത്തെ വാലിഡിറ്റിയിൽ ലഭ്യമാക്കുന്നു. ജിയോ 1748 രൂപ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിങ്, 3,600 എസ്എംഎസ് എന്നിവ336 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് ഈ രണ്ട് പ്ലാനുകളിലും അധിക ആനുകൂല്യമായി ലഭ്യമാണ്.


Click it and Unblock the Notifications