ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച 5ജി പ്ലാനുകൾ ഈ രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ്; നൽകുന്നത് സാക്ഷാൽ അംബാനിയും
ഇന്ത്യയിൽ ഇപ്പോൾ 5ജി സ്മാർട്ട്ഫോണുകൾ വളരെയധികം വർധിച്ചിരിക്കുന്നു. അതിൽ റിലയൻസ് ജിയോയും (Reliance Jio) ഭാരതി എയർടെലും നടത്തിയ 5ജി വ്യാപനം ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതിവേഗം ഇന്ത്യയിലെമ്പാടും 5ജി വ്യാപിപ്പിച്ചതിലൂടെ ആളുകളെ 5ജി സ്മാർട്ട്ഫോണുകളിലേക്ക് മാറ്റാനും അതുവഴി ഇന്റർനെറ്റ് സേവനങ്ങൾ കൂടുതൽ വേഗത്തിലും നിലവാരത്തിലും ആസ്വദിക്കാൻ വഴിയൊരുക്കാനും ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ 5ജി വ്യാപനം വലിയ പങ്കുവഹിച്ചു. ജിയോയ്ക്കും എയർടെലിനും ഇടയിലുണ്ടായിരുന്ന ആരോഗ്യപരമായ മത്സരവും 5ജി വ്യാപനത്തിന്റെ വേഗത കൂട്ടാൻ വളരെ വലിയ പങ്ക് വഹിച്ചു.
5ജി സേവനങ്ങൾ ആരംഭിക്കുക മാത്രമല്ല, അൺലിമിറ്റഡ് 5ജി ഓഫർ ചെയ്തുകൊണ്ട് ആളുകളെ ആകർഷിക്കാനും ജിയോയ്ക്കും എയർടെലിനും കഴിഞ്ഞു. 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ജിയോയും എയർടെലും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ വളരെ ഉയർന്ന നിരക്ക് നൽകാതെ തന്നെ ആളുകൾക്ക് 5ജി ഡാറ്റ ആസ്വദിക്കാൻ അവസരമുണ്ട്.

നിലവിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന രണ്ട് 5ജി റീച്ചാർജ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നത് സാക്ഷാൽ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ ആണ്. 198 രൂപ, 349 രൂപ വിലകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്. എയർടെലിനും 349 രൂപയുടെ പ്ലാൻ ഉണ്ടെങ്കിലും ഫെസ്റ്റിവൽ ഓഫർ അടക്കം ലഭ്യമാകുന്ന ജിയോ പ്ലാൻ തന്നെയാണ് കൂടുതൽ ലാഭകരം.
ഏറ്റവും വില കുറഞ്ഞ 5ജി പ്ലാൻ
ഇന്ത്യയിൽ തന്നെ 200 രൂപയിൽ താഴെ വിലയിൽ 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഏക റീച്ചാർജ് പ്ലാൻ ജിയോയുടേത് ആണ്, 198 രൂപയുടെ പ്ലാനാണ് അത്. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 14 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുക.

349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ
പ്രതിമാസ അടിസ്ഥാനത്തിൽ റീച്ചാർജ് ചെയ്യുന്ന ജിയോ വരിക്കാർക്ക് ഏറ്റവും കുറഞ്ഞ വിലയിൽ അൺലിമിറ്റഡ് 5ജി ലഭ്യമാക്കുന്ന ജിയോ പ്ലാനാണ് ഇത്. ഡാറ്റ ഉപയോഗം കൂടുതലുള്ളവർക്ക് 1.5ജിബി പ്രതിദിന ഡാറ്റയുള്ള 299 രൂപയുടെ പ്ലാൻ ഉപയോഗിക്കുന്നതിനെക്കാൾ ലാഭം 349 രൂപയുടെ 28 ദിവസ പ്ലാനാണ്.
അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 28 ദിവസമാണ് വാലിഡിറ്റി. ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ജിയോഫെസ്റ്റിവൽ ഓഫറും ഇപ്പോൾ ഈ പ്ലാനിലുണ്ട്.
പരിമിത കാലത്തേക്ക് മാത്രമാണ് ജിയോ ഫെസ്റ്റിവൽ ഓഫറുകൾ 349 രൂപ പ്ലാനിൽ ലഭ്യമാകുക. ഫെസ്റ്റിവൽ ഓഫറിന്റെ ഭഗമായി 3 മാസത്തെ ജിയോഹോട്ട്സ്റ്റാർ സൗജന്യ മൊബൈൽ/ടിവി സബ്‌സ്‌ക്രിപ്‌ഷനും, രണ്ട് മാസത്തെ സൗജന്യ ജിയോഹോം ട്രയൽ ഓഫറും ഉണ്ട്. കൂടാതെ ജിയോഫിനാൻസിൽ സ്വർണം വാങ്ങുകയാണെങ്കിൽ, അവർക്ക് സ്വർണ്ണത്തിന്റെ 2% ലഭിക്കും. അധിക സ്വർണം ക്ലെയിം ചെയ്യുന്നതിന്, ഉപയോക്താക്കൾക്ക് 8010000524 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകാം.

198 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിനെക്കാൾ ലാഭം 349 രൂപയുടെ പ്ലാനാണ്. 198 രൂപയുടെ പ്ലാനിന് പ്രതിദിനം 14.14 രൂപ ഉപയോക്താവിന് ചെലവ് വരും. അതേസമയം 349 രൂപയുടെ പ്ലാനിന് പ്രതിദിനം 12.46 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ. ഏറ്റവും കുറഞ്ഞ വിലയിൽ 5ജി ഡാറ്റ വേണ്ടവർക്ക് ഈ പ്ലാനുകൾ പ്രയോജനപ്പെടുത്താം.


Click it and Unblock the Notifications








