ഒരുകാലത്ത് ജിയോ വരിക്കാരുടെ ഇഷ്ട പ്ലാനായിരുന്നു; ഇപ്പോൾ കാര്യങ്ങൾ ഇങ്ങനെയാണ്...
ഇഷ്ടപ്പെട്ടതിനെ നാം വീണ്ടും വീണ്ടും തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ കാലം നമുക്ക് ഇഷ്ടപ്പെട്ടവയിലും ചില മാറ്റങ്ങൾ വരുത്തും. അതിന് ശേഷം ചിലപ്പോൾ ആ പഴയ ഇഷ്ടം ഉണ്ടായി എന്നുവരില്ല, എന്നാൽ മാറ്റം കാര്യമാക്കാതെ പഴയ ഇഷ്ടത്തോടൊത്ത് സഞ്ചരിക്കുന്നവരും ഏറെ, ബഹുജനം പലവിധം എന്നാണല്ലോ! പറഞ്ഞുവരുന്നത് ആരുടെയെങ്കിലും നഷ്ടപ്രണയത്തെപ്പറ്റിയല്ല... നഷ്ട പ്ലാനിനെപ്പറ്റിയാണ്, ജിയോ പ്രീപെയ്ഡ് വരിക്കാരുടെ. ജിയോയുടെ റീച്ചാർജ് പ്ലാനുകൾ പലതിനും പല കഥകളാകും പറയാനുണ്ടാകുക, അതിൽ 666 രൂപയുടെ പ്ലാനിന് പറയാനുണ്ടാകുക നഷ്ട വാലിഡിറ്റിയുടെ കഥയാണ്. മുൻപ് ജിയോ വരിക്കാരിൽ വലിയൊരു വിഭാഗം റീച്ചാർജിനായി ഉപയോഗിച്ചിരുന്ന ജനപ്രീയ പ്രീപെയ്ഡ് പ്ലാനായിരുന്നു ഇത്.
കഴിഞ്ഞ ചില വർഷങ്ങളായി റിലയൻസ് ജിയോ (Reliance Jio) പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ 666 രൂപയുടെ പ്ലാൻ അഥവാ ഹാട്രിക് സിക്സ് പ്രീപെയ്ഡ് പ്ലാൻ കാണാനാകും. എന്നാൽ 2024 ജൂലൈയ്ക്ക് മുൻപ് ഉണ്ടായിരുന്ന 666 രൂപ പ്രീപെയ്ഡ് പ്ലാൻ വേറെ, ഇപ്പോൾ നാം കാണുന്ന 666 രൂപ പ്ലാൻ വേറെ.

666 രൂപയുടെ പ്ലാൻ ജിയോ വരിക്കാർക്ക് അത്രമേൽ പ്രിയപ്പെട്ടതിനാൽ ആയിരുന്നിരിക്കാം, പുതിയ നിരക്കിനെ അടിസ്ഥാനമാക്കി പ്ലാനുകൾ പുനരവതരിപ്പിച്ചപ്പോഴും 666 രൂപ എന്ന വിലയിൽ ഒരു പ്ലാൻ ജിയോ നിലനിർത്തി. എന്നാൽ മുൻപത്തെ 666 രൂപ പ്ലാനിൽ ലഭ്യമായിരുന്ന വാലിഡിറ്റി പുതിയ പ്ലാനിൽ ഇല്ലായിരുന്നു എന്നതായിരുന്നു പ്രധാന മാറ്റം.
ജൂലൈയ്ക്ക് മുൻപ് 666 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമായിരുന്നത്. കൂടാതെ അധിക ആനുകൂല്യമായി അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസും ലഭ്യമായിരുന്നു.

എന്നാൽ 2024 ജൂലൈയിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് വർധിപ്പിച്ചു. അതോടെ 666 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ പുതുക്കി അവതരിപ്പിക്കപ്പെട്ടു. ഇപ്പോൾ 1.5ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 70 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിൽ ലഭിക്കുക.
അതായത് പുതിയ 666 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലേക്ക് എത്തിയപ്പോൾ 14 ദിവസത്തെ വാലിഡിറ്റി വെട്ടിക്കുറയ്ക്കപ്പെട്ടു. കൂടാതെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാനിൽ നിന്ന് നഷ്ടമായി. കാരണം നിരക്ക് വർധനയ്ക്ക് ശേഷം, 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ മാത്രം അൺലിമിറ്റഡ് 5ജി നൽകിയാൽ മതി എന്ന് കമ്പനികൾ തീരുമാനിക്കുകയായിരുന്നു.
പുതിയ തീരുമാനം നടപ്പായതോടെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ 666 രൂപയുടെ പ്ലാനിനെ വിട്ടുപോയി. മുൻപ് 666 രൂപ വിലയിൽ റീച്ചാർജ് ചെയ്തുകൊണ്ടിരുന്ന വരിക്കാരെ പിണക്കാതിരിക്കാനാകാം, അതേ വിലയിൽ തന്നെ വാലിഡിറ്റി വെട്ടിക്കുറച്ച ഒരു പ്ലാൻ ജിയോ ലഭ്യമാക്കിയത്. എന്നാൽ ഇതോടൊപ്പം അറിയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്.

നിരക്ക് വർധനയ്ക്ക് മുൻപ് ജിയോയുടെ 666 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്തുകൊണ്ടിരുന്നവർക്ക് അതേ പ്ലാനിലെ ആനുകൂല്യങ്ങൾ ഇപ്പോൾ മറ്റൊരു പ്ലാനിൽ ലഭ്യമാണ്, എന്നാൽ വില അൽപ്പം കൂടുതലാണ് എന്നുമാത്രം. 799 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ് അത്. ഇന്ത്യയിലുടനീളമുള്ള ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ലഭ്യമാണ്.


Click it and Unblock the Notifications








