വീട്ടിൽ സ്മാർട്ട്ടിവി ഉണ്ടോ? ജിയോ അത് കമ്പ്യൂട്ടറാക്കി തരും; JioPC പ്ലാനുകൾ മാസം 599 രൂപ മുതൽ വിലയിൽ ലഭ്യം
ഇന്ത്യക്കാരെ ഡിജിറ്റൽ ലോകത്തേക്ക് നയിക്കാൻ ഒരുപാട് സേവനങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ള ജിയോ അടുത്തകാലത്ത് അവതരിപ്പിച്ച ഒരു വിപ്ലവകരമായ സേവനമായിരുന്നു ജിയോപിസി (JioPC). ഇപ്പോൾ ഈ ജിയോപിസി സേവനത്തിന്റെ പ്ലാനുകൾ ജിയോ ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നു. പൂർണ്ണമായും ക്ലൗഡിലൂടെ പ്രവർത്തിക്കുകയും ജിയോ സെറ്റ്-ടോപ്പ് ബോക്സിൽ നിന്ന് നേരിട്ട് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു വെർച്വൽ ഡെസ്‌ക്‌ടോപ്പ് സേവനമാണ് ജിയോപിസി. വീട്ടിൽ സ്മാർട്ട്ടിവിയുള്ള ആളുകൾക്ക് അത് ഒരു വെർച്വൽ കമ്പ്യൂട്ടറാക്കി ഉപയോഗിക്കാൻ ഈ ജിയോ സേവനം സൗകര്യം ഒരുക്കുന്നു. എന്നാൽ ഇത് ഹെവി വർക്കുകൾക്കായി ഉദ്ദേശിച്ചിട്ടുള്ള ഒരു സേവനമല്ല എന്നകാര്യം ശ്രദ്ധിക്കുക.
സിപിയു അല്ലെങ്കിൽ ലാപ്‌ടോപ്പ് പോലുള്ള ഘടകങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഒരു സ്മാർട്ട്ടിവിയെ കീബോർഡ്, മൗസ്, ഇന്റർനെറ്റ് കണക്ഷൻ എന്നിവയുടെ സഹായത്തോടെ ഒരു വെർച്വൽ കമ്പൂട്ടറാക്കി ഉപയോഗിക്കാൻ ജിയോപിസി സേവനം ഉപയോക്താവിനെ അനുവദിക്കുന്നു. ഇതിനായി ഒരു ജിയോ സെറ്റ്-ടോപ്പ് ബോക്സ് വാങ്ങേണ്ടിവരും.

ജിയോപിസി സെറ്റ് ചെയ്യാൻ ആവശ്യമായ സെറ്റ്-ടോപ്പ് ബോക്സ് ജിയോഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾക്കൊപ്പം സൗജന്യമായി ലഭ്യമാകുന്നുണ്ട്. അതല്ലെങ്കിൽ 5,499 രൂപയ്ക്ക് പ്രത്യേകം വാങ്ങാനുള്ള സൗകര്യവുമുണ്ട്. ജിയോപിസി സേവനം ക്ലൗഡ് കമ്പ്യൂട്ടിംഗ് ഉപയോഗിച്ച് സ്മാർട്ട്ടിവിയിൽ ഒരു പൂർണ്ണ ഡെസ്‌ക്‌ടോപ്പ് ഇന്റർഫേസ് ആക്‌സസ് വാഗ്ദാനം ചെയ്യുന്നു. ഇതുവഴി ഓൺലൈൻ പഠനം, വെബ് ബ്രൗസിംഗ്, അടിസ്ഥാന പ്രോഗ്രാമിംഗ്, ഡോക്യുമെന്റ് എഡിറ്റിംഗ് തുടങ്ങിയ കാര്യങ്ങൾക്ക് ഒരു കമ്പ്യൂട്ടർ എന്നപോലെ സ്മാർട്ട്ടിവി ഉപയോഗിക്കാൻ സാധിക്കുന്നു.
വീടുകളിൽ ലാപ്ടോപ്പ് അല്ലെങ്കിൽ ഡസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ ഇല്ലാത്ത നിരവധി പേർക്ക് ഉപകാരപ്പെടുന്ന ഒരു ജിയോ സേവനമായി മാറാൻ ജിയോപിസിക്ക് കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഉബുണ്ടുവിനെ അടിസ്ഥാനമാക്കിയുള്ളതാണ് ജിയോപിസി ഇന്റർഫേസ്, ഇത് ലിനക്സ് അധിഷ്ഠിത ഓപ്പൺ സോഴ്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. വെബ്‌ക്യാമുകൾ, പ്രിന്ററുകൾ പോലുള്ള ഹാർഡ്‌വെയർ പെരിഫെറലുകളെ നിലവിൽ ഈ സേവനം പിന്തുണയ്ക്കുന്നില്ല.

ജിയോപിസി എങ്ങനെ സെറ്റ് ചെയ്യാം: സെറ്റ്-ടോപ്പ് ബോക്സിൽ ഒരു കീബോർഡും മൗസും പ്ലഗ് ചെയ്യുക, തുടർന്ന് JioPC ആപ്പിലേക്ക് പോകുക, രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക, അപ്പോൾ ലോഗിൻ ചെയ്യും. എല്ലാ പ്രോസസ്സിംഗും ജിയോയുടെ റിമോട്ട് സെർവറുകളിലാണ് നടക്കുന്നത്, അതിനാൽ ഇവിടെ ഉപയോക്താക്കളുടെ സ്മാർട്ട്ടിവി അടിസ്ഥാനപരമായി ഒരു സ്ക്രീൻ മാത്രമാണ്.
എല്ലാ പ്രോസസ്സിംഗും ജിയോയുടെ റിമോട്ട് സെർവറുകളിലാണ് നടക്കുന്നത് എന്നതിനാൽത്തന്നെ ജിയോടിവി വെർച്വൽ കമ്പ്യൂട്ടറായി ഉപയോഗിക്കണമെങ്കിൽ സ്ഥിരതയുള്ള ഇന്റർനെക്ക് കണക്ഷൻ ആവശ്യമാണ്. ഇടത്തരം നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള ആളുകളെ ആകർഷിക്കാൻ സെറ്റ്- ടോപ്പ് ബോക്സ് ഉപയോഗിച്ച് ടിവിയെ വെർച്വൽ കമ്പ്യൂട്ടറാക്കുന്ന ജിയോപിസി സേവനത്തിന് കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ജിയോപിസി സേവനം ലഭ്യമാകാൻ ഉപയോക്താക്കൾക്ക് വിവിധ പ്ലാനുകൾ ലഭ്യമാണ്. അതിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ എത്തുന്നത് 599 രൂപ (ജിഎസ്എടി ഇല്ലാതെ) വിലയിലാണ്. രണ്ട് മാസത്തേക്കുള്ള പ്ലാൻ ആണെങ്കിൽ 999 രൂപ നൽകിയാൽ മതി. മൂന്ന് മാസത്തേക്കുള്ള ജിയോപിസി പ്ലാൻ തെരഞ്ഞെടുത്താൽ ഒരു മാസം സൗജന്യമായി ഉപയോഗിക്കാം. ഈ മൂന്ന് മാസ പ്ലാനിന് 1,499 രൂപയാണ് ചെലവാകുക.

6 മാസത്തേക്ക് ജിയോപിസി പ്ലാൻ തെരഞ്ഞെടുക്കേണ്ടവർ 2,499 രൂപയുടെ പ്ലാൻ ഉപയോഗിക്കണം. ഇവിടെ ഉപയോക്താവിന് 2 മാസത്തെ അധിക വാലിഡിറ്റിയും ലഭിക്കുന്നു. ഇനി, വാർഷിക പ്ലാൻ ആണ് വേണ്ടത് എങ്കിൽ 4,599 രൂപയാണ് നിരക്ക്. ഈ വാർഷികപ്ലാൻ 3 മാസത്തെ സേവനങ്ങൾ സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്, അതിനാൽ ആകെ 15 മാസം ഈ സേവനം ഉപയോഗിക്കാനാകും.


Click it and Unblock the Notifications








