ട്രായി ഇടപെടൽ: ജിയോയും പ്ലാൻ മാറ്റി, ഇനി കിട്ടുക പുതിയ 2 വോയ്സ് ഒൺലി പ്ലാനുകൾ
ടെലിക്കോം കമ്പനികൾ ഉപയോക്താക്കൾക്ക് ഡാറ്റ ഇല്ലാതെ വോയ്സ്- എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രം അടങ്ങുന്ന റീച്ചാർജ് ഓപ്ഷനുകൾ വാലിഡിറ്റി സഹിതം ലഭ്യമാക്കണം എന്ന ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) ഉത്തരവ് നടപ്പാക്കുന്നതിൽ കമ്പനികൾക്കിടയിൽ ആശയക്കുഴപ്പം. ട്രായി ഉത്തരവ് പാലിച്ചുകൊണ്ട് ജിയോയും എയർടെലും വിഐയും വോയ്സ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. എന്നാൽ പലവിധ കാരണങ്ങളാൽ എയർടെൽ ആദ്യം ഇറക്കിയ പ്ലാനുകൾ പിൻവലിക്കുകയും പുതിയ പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്തു. ഇപ്പോൾ റിലയൻസ് ജിയോയും ഇത് പിന്തുടർന്നിരിക്കുന്നു. അതായത് ആദ്യം അവതരിപ്പിച്ച വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ പിൻവലിച്ച് ജിയോ പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നു.
ജനുവരി 23ന് ജിയോ 458 രൂപ, 1,958 രൂപ എന്നീ നിരക്കുകളിലാണ് ആദ്യം വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഈ രണ്ട് പ്ലാനുകളും പിൻവലിച്ച് പകരം 448 രൂപ, 1748 രൂപ വിലകളിലാണ് ജിയോയുടെ പുതിയ വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

സ്വകാര്യ ടെലിക്കോം കമ്പനികൾ അവതരിപ്പിക്കുന്ന പ്ലാനുകൾ 7 ദിവസത്തിനകം വിലയിരുത്തുമെന്ന് ട്രായി അറിയിച്ചിരുന്നതാണ്. വോയ്സ് - എസ്എംഎസ് ഒൺലി പ്ലാനുകൾ അവതരിപ്പിക്കാൻ നിർദേശിച്ചതിലൂടെ ട്രായി ലക്ഷ്യമിട്ട നേട്ടങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കാത്ത വിധത്തിലാണ് ടെലിക്കോം കമ്പനികൾ വോയ്സ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചത് എന്ന് തുടക്കം മുതൽ വിമർശനം ഉയർന്നിരുന്നു.
ഇതിനെത്തുടർന്ന് ട്രായി സ്വകാര്യ ടെലിക്കോം കമ്പനികളോട് വോയ്സ് ഒൺലി പ്ലാനുകളുടെ നിരക്ക് കുറയ്ക്കാൻ ആവശ്യപ്പെട്ടു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജിയോയുടെയും എയർടെലിന്റെയും വോയ്സ് ഒൺലി പ്ലാനുകളിൽ വീണ്ടും മാറ്റം പ്രത്യക്ഷപ്പെട്ടത്. ഇനി ഈ പ്ലാനുകളിലും മാറ്റം ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയുക സാധ്യമല്ല. ട്രായി ഈ പ്ലാനുകൾ വിലയിരുത്തും എന്നാണ് വിവരം.

ജിയോ ആദ്യം അവതരിപ്പിച്ച 458 രൂപയുടെ വോയ്‌സ്-ഒൺലി പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 1000 എസ്എംഎസും 84 ദിവസത്തെ വാലിഡിറ്റിയിൽ ലഭ്യമായിരുന്നു. ജിയോ ടിവി, ജിയോ സിനിമ (നോൺ-പ്രീമിയം), ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസും അധിക ആനുകൂല്യമായി ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ പ്ലാൻ പിൻവലിച്ച് പകരം 448 രൂപയുടെ പ്ലാൻ പുതിയതായി അവതരിപ്പിച്ചിരിക്കുന്നു.
448 രൂപയുടെ ജിയോ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ: ഇപ്പോൾ ജിയോയുടെ എൻട്രി ലെവൽ വോയ്സ് ഒൺലി പ്ലാൻ ഇതാണ്. അതായത് 458 രൂപയുടെ പ്ലാനിൽ നിന്ന് 10 രൂപ വില കുറച്ച് ജിയോ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നു. ആനുകൂല്യങ്ങൾ (1000 എസ്എംഎസ്, 84 ദിവസത്തെ വാലിഡിറ്റി, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ്) 458 രൂപ പ്ലാനിലേത് തന്നെയാണ്.
ജിയോയുടെ രണ്ടാമത്തെ വാലിഡിറ്റി പ്ലാൻ 1,958 രൂപ വിലയിലാണ് ആദ്യം എത്തിയത്. ഇതിൽ 365 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, 3,600 എസ്എംഎസ് എന്നിവയും ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ആണ് ലഭ്യമായിരുന്നത്. എന്നാലിപ്പോൾ ഈ പ്ലാൻ പിൻവലിച്ച് പകരം 1748 രൂപയുടെ പുതിയ വോയ്സ് ഒൺലി പ്ലാൻ ജിയോ ലഭ്യമാക്കിയിരിക്കുന്നു.

ജിയോ 1748 രൂപ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: ആദ്യം അവതരിപ്പിച്ച 1,958 രൂപ പ്ലാനിൽ ജിയോ 365 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്തു, എന്നാൽപ അത് പിൻവലിച്ച് പകരം അവതരിപ്പിച്ച 1748 രൂപയുടെ ജിയോ വോയ്സ് ഒൺലി പ്ലാൻ 336 ദിവസത്തെ വാലിഡിറ്റിയിലാണ് എത്തിയിരിക്കുന്നത്.
അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 3600 എസ്എംഎസും 1748 രൂപയുടെ ജിയോ വോയ്സ് - എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനിൽ 336 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു. അധിക ആനുകൂല്യമായി ജിയോക്ലൗഡ്, ജിയോടിവി, ജിയോസിനിമ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭ്യമാക്കിയിട്ടുണ്ട്. 1958 രൂപ പ്ലാനിന്റെ പ്രതിദിന ചെലവ് 5.36 രൂപയായിരുന്നു. 1748 രൂപ പ്ലാനിൽ പ്രതിദിന ചെലവ് 5.20 രൂപയാണ്, അതായത് പ്ലാൻ മാറിയെങ്കിലും വിലയിൽ അടിസ്ഥാനപരമായി വലിയ വ്യത്യാസമില്ല.


Click it and Unblock the Notifications








