തമ്മിൽ ഭേദം 'ഈ' തൊമ്മൻ! ജിയോ വോയ്സ്, എസ്എംഎസ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചു
ഉപയോക്താക്കൾക്കായി ടെലിക്കോം കമ്പനികൾ വോയ്സ്, എസ്എംഎസ് ഒൺലി പ്ലാനുകൾ അവതരിപ്പിക്കണം എന്ന ട്രായിയുടെ നിർദേശ പ്രകാരം റിലയൻസ് ജിയോ പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 458 രൂപ, 1,958 രൂപ എന്നീ വിലകളിലാണ് ജിയോയുടെ പുതിയ വോയ്‌സ്-ഒൺലി പ്ലാനുകൾ എത്തിയിരിക്കുന്നത്. ജിയോ ആപ്പിൽ വാല്യൂ പ്ലാനുകളുടെ വിഭാഗത്തിൽ ഈ രണ്ട് പുതിയ പ്ലാനുകളും ലിസ്റ്റ് ചെയ്തിരിക്കുന്നു. കുറഞ്ഞ ചെലവിൽ ചെറിയ അളവിൽ ഡാറ്റയും ദീർഘകാല വാലിഡിറ്റിയും ലഭ്യമായിരുന്ന മൂന്ന് പ്ലാനുകൾ നേരത്തെ വാല്യൂ പ്ലാനുകളായി ലഭ്യമായിരുന്നു. ഇവ ഇപ്പോൾ പിൻവലിക്കപ്പെട്ടിട്ടുണ്ട്.
1899 രൂപ, 479 രൂപ, 189 രൂപ വിലകളിലാണ് ജിയോ വാല്യൂ പ്ലാനുകൾ ലഭ്യമായിരുന്നത്. ഈ പ്ലാനുകൾ പിൻവലിച്ച ശേഷമാണ് ജിയോ പുതിയ വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ വാല്യൂ പ്ലാനുകളായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡാറ്റ ആനുകൂല്യം ഇല്ലാതെ വോയ്സ്, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രം നിശ്ചിത വാലിഡിറ്റിയിൽ നൽകുന്നു എന്നതാണ് ഈ പ്ലാനുകളുടെ പ്രത്യേകത.

458 രൂപയുടെ ജിയോ വോയ്‌സ്-ഒൺലി പ്ലാൻ: ജിയോയുടെ എൻട്രി ലെവൽ വോയ്‌സ്, എസ്എംഎസ് ഒൺലി പ്ലാൻ ആണിത്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും 1000 എസ്എംഎസും 84 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാക്കിയിരിക്കുന്നു. ജിയോ ടിവി, ജിയോ സിനിമ (നോൺ-പ്രീമിയം), ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്‌സസ് അധിക സബ്‌സ്‌ക്രിപ്‌ഷൻ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
മുൻപ് 479 രൂപ വിലയിൽ ലഭ്യമായിരുന്ന ജിയോ വാല്യൂ പ്ലാൻ പരിഷ്കരിച്ചാണ് ജിയോ ഈ പ്ലാൻ അവതരിപ്പിച്ചിരുന്നത്. 479 രൂപയുടെ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ്, 6ജിബി ഡാറ്റ, 1,000 എസ്എംഎസ് എന്നിവ 84 ദിവസത്തേക്ക് നൽകിയിരുന്നു. ഈ പ്ലാനിൽ നിന്ന് ഡാറ്റ ഒഴിവാക്കുകയും വില കുറയ്ക്കുകയും ചെയ്താണ് 458 രൂപയുടെ വോയ്‌സ്-ഒൺലി പ്ലാൻ ജിയോ കൊണ്ടുവന്നിരിക്കുന്നത്.

1,958 രൂപയുടെ ജിയോ വോയ്‌സ്-ഒൺലി പ്ലാൻ: ജിയോ വരിക്കാർക്ക് ഇപ്പോൾ 365 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ് സൗകര്യം ഉപയോഗിക്കാൻ ഈ പ്ലാൻ ഉപയോഗിക്കാം. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 3,600 എസ്എംഎസ് എന്നിവ 365 ദിവസ വാലിഡിറ്റിയിൽ ഈ വാർഷിക വോയ്സ്- എസ്എംഎസ് ഒൺലി പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഇതിൽ ലഭ്യമാണ്.
മുൻപ് 1,899 രൂപ വിലയിൽ ലഭ്യമായിരുന്ന പ്ലാൻ പരിഷ്കരിച്ചാണ് ജിയോ 1,958 രൂപയുടെ വാർഷിക വോയ്‌സ്-ഒൺലി പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 1899 രൂപയുടെ പ്ലാനിൽ 336 ദിവസത്തെ വാലിഡിറ്റി, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 3,600 എസ്എംഎസ്, 24ജിബി ഡാറ്റ എന്നിവയായിരുന്നു ലഭ്യമായിരുന്നത്. അതിൽ ഡാറ്റ ഒഴിവാക്കി, വാലിഡിറ്റി 29 ദിവസം കൂടി കൂട്ടി, വില 59 രൂപ വർദ്ധിപ്പിച്ച് ജിയോ 1,958 രൂപയുടെ വോയ്‌സ്-ഒൺലി പ്ലാൻ സൃഷ്ടിക്കുകയായിരുന്നു.
ജിയോയുടെ എതിരാളിയായ എയർടെൽ ആണ് ആദ്യം വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചത്. ആദ്യം 509 രൂപ, 1,999 രൂപ നിരക്കുകളിൽ ആണ് എയർടെലിന്റെ വോയ്സ് ഒൺലി പ്ലാനുകൾ എത്തിയത്. എന്നാൽ ഇതിനെതിരേ വ്യാപക വിമർശനങ്ങൾ ഉയർന്നതിനാലാകാം, പിന്നീട് എയർടെൽ ആദ്യം പറഞ്ഞ പ്ലാനുകൾ ഒഴിവാക്കുകയും 499 രൂപ, 1,959 രൂപ എന്നീ നിരക്കുകളിൽ തങ്ങളുടെ വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ അവതരിപ്പിക്കുകയും ചെയ്തു.


Click it and Unblock the Notifications








