BSNL ടവർ ഉപയോഗിച്ച് ജിയോ വരിക്കാർക്ക് ടെലിക്കോം സേവനങ്ങൾ: ICR പ്ലാൻ പുറത്തിറക്കി ജിയോ
ബിഎസ്എൻഎല്ലിന് റേഞ്ച് ഇല്ല, വേഗത പോര എന്നൊക്കെയുള്ള കുറ്റം പറച്ചിലുകൾ നാം നിരവധി കേട്ടിട്ടുണ്ടാകും. എന്നാൽ അങ്ങനെയുള്ള ബിഎസ്എൻഎല്ലിന്റെ നെറ്റ്വർക്ക് ഉപയോഗിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്ക് ടെലിക്കോം സേവനങ്ങൾ ലഭ്യമാക്കുന്നതായി കേട്ടിട്ടുണ്ടോ. കേട്ടാലും പലർക്കും വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യമായിരിക്കുമിത്. പക്ഷേ അങ്ങനെയാരു സംഭവം നമ്മുടെ ഇന്ത്യയിൽ സംഭവിച്ചിരിക്കുന്നു. ബിഎസ്‌എൻഎല്ലുമായി സഹകരിച്ച് മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും (MP & CG) തങ്ങളുടെ ഉപഭോക്താക്കൾക്കായി റിലയൻസ് ജിയോ രണ്ട് പുതിയ ഇൻട്രാ-സർക്കിൾ റോമിംഗ് (Intra-Circle Roaming) റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നു.
സംഭവം നടന്നത് കേരളത്തിലല്ല എങ്കിലും ഇന്ത്യൻ ടെലിക്കോം രംഗത്ത് നടന്ന ഒരു സുപ്രധാന സംഭവം എന്ന നിലയിൽ മലയാളികളും ഇക്കാര്യം അറിയേണ്ടതുണ്ട്. പ്രത്യേകിച്ച് ബിഎസ്എൻഎല്ലിനെപ്പറ്റി പരാതികൾ മാത്രം പറയുന്നവർ ഇങ്ങനെ ചില സംഭവങ്ങളും രാജ്യത്ത് നടന്നിരിക്കുന്നു എന്ന് അറിയുക. ബിഎസ്എൻഎൽ തങ്ങളുടെ 4ജി വ്യാപനത്തിന്റെ ഭാഗമായി ഗ്രാമങ്ങളെയും പുരോഗതിയിലേക്ക് നയിക്കാൻ ലക്ഷ്യമിട്ട് ചില നീക്കങ്ങൾ നടത്തിയിരുന്നു.

പണ്ട് ഗ്രാമങ്ങളിൽ വൈദ്യുതി എത്തിയിരുന്നത് എത്ര പ്രധാനമായിരുന്നോ അതിനെക്കാൾ പ്രധാനമാണ് ഇന്ന് ഗ്രാമങ്ങളിൽ ഇന്റർനെറ്റ് ലഭ്യമാകേണ്ടത്. ഈ ഡിജിറ്റൽ യുഗത്തിൽ ഗ്രാമങ്ങളുടെ വളർച്ചയിൽ വലിയ പങ്ക് വഹിക്കാൻ ടെലിക്കോം സേവനങ്ങൾക്ക് കഴിയും. അതിനാൽത്തന്നെ ബിഎസ്എൻഎൽ തങ്ങളുടെ 4ജി വ്യാപനത്തിൽ ഗ്രാമങ്ങൾക്ക് മുഖ്യ പ്രാധാന്യം നൽകിയിരുന്നു.
അതിനാൽത്തന്നെ രാജ്യത്ത് പല ഗ്രാമപ്രദേശങ്ങളിലും പുതിയതായി ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിക്കപ്പെട്ടു. ഇത്തരം ടവറുകൾ തന്നെയാണ് ഇപ്പോൾ മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ബിഎസ്എൻഎൽ - ജിയോ സഹകരണത്തിന് കാരണമായിരിക്കുന്നത് എന്നാണ് വിവരം. ഇന്ത്യൻ ടെലിക്കോം രംഗത്തെ ഒരു അപൂർവ സഹകരണമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്.

എന്താണ് ഇൻട്രാ-സർക്കിൾ റോമിംഗ്
ഇൻട്രാ-സർക്കിൾ റോമിംഗ് (ICR) എന്നാൽ, ഒരു ഉപയോക്താവിന് തന്റെ പ്രാഥമിക നെറ്റ്‌വർക്കിന്റെ സിഗ്നൽ ദുർബലമാകുമ്പോഴോ ലഭ്യമല്ലാതിരിക്കുമ്പോഴോ അതേ ലൈസൻസ്ഡ് സർവീസ് ഏരിയയിലുള്ള മറ്റൊരു ടെലിക്കോം നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്യാൻ അനുവദിക്കുന്ന ഒരു സേവനമാണ്. സമീപത്തുള്ള ലഭ്യമായ മറ്റൊരു നെറ്റ്‌വർക്കിലേക്ക് ഉപയോക്താവിന്റെ ഫോൺ ഓട്ടോമാറ്റിക്കായി മാറാൻ അവസരമൊരുക്കുന്നതിലൂടെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഐസിആർ സഹായിക്കുന്നു.
പലപ്പോഴും മോശം കവറേജ് ഉള്ള പ്രദേശങ്ങളിൽ, പ്രകൃതി ദുരന്ത സമങ്ങളിലും മറ്റും ഐസിആർ ഉപയോഗപ്പെടുത്താറുണ്ട്. ഇപ്പോൾ ജിയോ ഇവിടെ ഐസിആറിനായി രണ്ട് പ്രത്യേക പ്ലാനുകൾ തന്നെ അവതരിപ്പിച്ചിരിക്കുന്നു. അതിനാൽ ഈ രണ്ട് സംസ്ഥാനങ്ങളിലെയും ജിയോ വരിക്കാർക്ക് ഈ പ്ലാനുകൾ ഉപയോഗപ്പെടുത്തിയാൽ ജിയോ നെറ്റ്വർക്ക് ലഭ്യമല്ലാത്തപ്പോഴും ബിഎസ്എൻഎൽ നെറ്റ്വർക്ക് ഉപയോഗപ്പെടുത്തിക്കൊണ്ട് ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നു.
"ജിയോ വാഗ്ദാനം ചെയ്യുന്ന തിരഞ്ഞെടുത്ത പ്രീപെയ്ഡ് റീചാർജുകളിൽ ബിഎസ്‌എൻഎൽ ഐസിആർ സേവനം ലഭ്യമാണ്. തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ ഒരേ ജിയോഗ്രാഫിക്കൽ സർക്കിളിലെ ബിഎസ്‌എൻഎൽ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്‌ത് വോയ്‌സ്, ഡാറ്റ, എസ്എംഎസ് സേവനങ്ങൾ ഉപയോഗിക്കാൻ ഇത് ഉപഭോക്താക്കളെ അനുവദിക്കുന്നു," എന്ന് ഐസിആർ പ്ലാനുകൾ അവതരിപ്പിച്ച് ജിയോ വ്യക്തമാക്കി.

അതായത് ജിയോ കവറേജ് പരിമിതമായ ഗ്രാമപ്രദേശങ്ങളിലോ വിദൂര പ്രദേശങ്ങളിലോ ബിഎസ്‌എൻഎല്ലിന്റെ നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നതിലൂടെ ജിയോ ഉപയോക്താക്കൾക്ക് നെറ്റ്‌വർക്ക് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിനാണ് ഈ പ്ലാനുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എന്ന് വ്യക്തം. ഈ പുതിയ ജിയോ ഐസിആർ പ്ലാനുകളുടെ വില 196 രൂപ, 396 രൂപ എന്നിങ്ങനെയാണ്.
ഈ പ്ലാനുകൾ ബിഎസ്എൻഎൽ ഐസിആർ നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന വരിക്കാർക്ക് വേണ്ടി മാത്രമുള്ളതാണ്. അതായത് ഈ പ്ലാൻ ഉണ്ടെങ്കിൽ മാത്രമേ ജിയോ വരിക്കാർക്ക് തങ്ങളുടെ പ്രദേശത്ത് നെറ്റ്വർക്ക് ഇല്ല എങ്കിൽ ബിഎസ്എൻഎൽ നെറ്റ്വർക്ക് ഉപയോഗപ്പെടുത്തി ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ കഴിയൂ. പരിമിതമായ ജിയോ നെറ്റ്‌വർക്ക് ലഭ്യതയുള്ള പ്രദേശങ്ങളിൽ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ജിയോ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ബിഎസ്എൻഎല്ലിന്റെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി തങ്ങളുടെ ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ട് ഗ്രാമീണ, അർദ്ധ-നഗര കവറേജ് ശക്തിപ്പെടുത്താനുള്ള ജിയോയുടെ തന്ത്രമാണ് ഈ ഐസിആർ പ്ലാനുകളിലൂടെ ജിയോ നടപ്പാക്കിയിരിക്കുന്നത്. ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും മൊബൈൽ കണക്റ്റിവിറ്റി വികസിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിത് എന്ന് കരുതപ്പെടുന്നു. ഈ സഹകരണത്തിന്റെ കൂടുതൽ ഡീറ്റെയിൽസ് ഇപ്പോൾ ലഭ്യമായിട്ടില്ല.


Click it and Unblock the Notifications








