ഈ ജിയോയ്ക്ക് ഇത് എന്തുപറ്റി! സൂത്രത്തിൽ 189 രൂപ പ്ലാൻ ഒഴിവാക്കി, ഇപ്പോൾ 28 ദിവസത്തേക്ക് 249 രൂപ മുടക്കണം
സഹായിക്കാൻ പറഞ്ഞുവിട്ടയാൾ എത്തി പിച്ചച്ചട്ടിയിൽ കൈയിട്ട് വാരിയാൽ എങ്ങനെയുണ്ടാകും. വളരെ മോശമായിരിക്കും അല്ലേ, അതുപോലെ ഒരു മോശം പ്രവൃത്തിയാണ് ഇപ്പോൾ റിലയൻസ് ജിയോയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. കാരണം, കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് റീച്ചാർജ് പ്ലാനുകൾ ലഭ്യമാകുക എന്ന ഉദ്ദേശം കൂടി മുൻ നിർത്തി ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഇന്ത്യയിലെ ടെലിക്കോം കമ്പനികളോട് വോയ്സ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഡാറ്റ ഒഴിവാക്കിയുള്ള വോയ്സ് ഒൺലി പ്ലാൻ അവതരിപ്പിക്കാൻ ആവശ്യപ്പെട്ടു. ട്രായിയുടെ ഉത്തരവ് പാലിച്ച് ജിയോ രണ്ട് വോയ്സ് ഒൺലി പ്ലാനുകൾ ഇറക്കുകയും ചെയ്തു.
എന്നാൽ ജിയോ വോയ്സ് ഒൺലി പ്ലാൻ ഇറക്കിയതോടെ അതുവരെ ഉണ്ടായിരുന്നതിലും ഉയർന്ന ചെലവിൽ റീച്ചാർജ് ചെയ്യേണ്ട ഗതികേടിലാണ് സാധാരണക്കാരായ ടെലിക്കോം വരിക്കാർ എത്തിയിരിക്കുന്നത്. മുൻപ് ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാൻ എന്ന വിഭാഗത്തിൽ മൂന്ന് റീച്ചാർജ് പ്ലാനുകൾ നൽകിയിരുന്നു. 189 രൂപ, 479 രൂപ, 1899 രൂപ എന്നീ വിലകളിലാണ് ഈ പ്ലാനുകൾ എത്തിയിരുന്നത്.

വോയ്സ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചതിന്റെ മറവിൽ ജിയോ 189 രൂപ, 479 രൂപ, 1899 രൂപ എന്നീ പ്ലാനുകൾ പിൻവലിച്ചു. ഇതിൽ 479 രൂപ, 1899 രൂപ എന്നീ പ്ലാനുകളുടെ സ്ഥാനത്ത് ഇപ്പോൾ വലിയ ഗുണമൊന്നുമില്ലെങ്കിലും പേരിന് 448 രൂപ, 1748 രൂപ പ്ലാനുകൾ നൽകിയിട്ടുണ്ട്. എന്നാൽ സാധാരണക്കാർ പ്രതിമാസ റീച്ചാർജിനായി ആശ്രയിച്ചിരുന്ന 189 രൂപ പ്ലാനിന് ഇപ്പോഴും പകരം പ്ലാൻ ആയിട്ടില്ല.
2024 ജൂലൈയിൽ നടപ്പാക്കിയ നിരക്ക് വർധനയ്ക്ക് ശേഷം ജിയോയുടെ എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാൻ 189 രൂപയുടെ പ്ലാൻ ആയിരുന്നു. 28 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, 300 എസ്എംഎസ് എന്നിവയ്ക്ക് ഒപ്പം മൊത്തം 2ജിബി ഡാറ്റയും ഈ പ്ലാനിൽ ലഭ്യമായിരുന്നു. എന്നാലിപ്പോൾ ഈ പ്ലാൻ പിൻവലിച്ചതോടെ ജിയോയുടെ 28 ദിവസ വാലിഡിറ്റി പ്ലാനിന് കുറഞ്ഞത് 249 രൂപ മുടക്കേണ്ട അവസ്ഥയായി.

189 രൂപയുടെ പ്ലാൻ പിൻവലിച്ചതോടെ ജിയോയുടെ എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാൻ 198 രൂപയുടെ പ്ലാൻ ആണ് എന്ന് വേണമെങ്കിൽ പറയാം. പക്ഷേ ഇതിന്റെ വാലിഡിറ്റി വെറും 14 ദിവസമാണ്. മറ്റൊരു റീച്ചാർജ് ഓപ്ഷൻ 199 രൂപയുടെ പ്ലാനാണ്. അതിന്റെ വാലിഡിറ്റി വെറും 18 ദിവസമാണ്.
198 രൂപ, 199 രൂപ പ്ലാനുകളെക്കാൾ ഭേദം 209 രൂപയുടെ പ്ലാനാണ്, അത് 22 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകുന്നു. ഒരു മാസത്തിനടുത്ത് (കുറഞ്ഞത് 28 ദിവസം എങ്കിലും) വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വേണമെങ്കിൽ ജിയോ വരിക്കാർക്ക് ഇപ്പോൾ ആശ്രയിക്കാവുന്നത് 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെ ആണ്.
249 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 1ജിബി ഡാറ്റ (ആകെ 28 ജിബി), ദിവസം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി എന്നിവയാണ് ലഭ്യമാകുക. ഹൈ-സ്പീഡ് ഡാറ്റ പരിധി എത്തിയ ശേഷം, ഡാറ്റ വേഗത 64 Kbps ആയി കുറയും.

ചുരുക്കത്തിൽ ഉത്തരത്തിൽ ഇരുന്നത് എടുക്കാനും പറ്റിയില്ല, കക്ഷത്തിൽ ഇരുന്നത് പോകുകയും ചെയ്തു എന്ന അവസ്ഥയിലാണ് ജിയോ വരിക്കാർ. നിരക്ക് കുറയ്ക്കാൻ ട്രായി കൊണ്ടുവന്ന പ്ലാനുകൾ ജിയോ വരിക്കാർക്ക് ഫലത്തിൽ റീച്ചാർജ് ചെലവ് കൂട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചു. 189 രൂപയുടെ പ്ലാനിന് പകരം 28 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരു പ്ലാൻ ചെറിയ വിലയിൽ ജിയോ ഉടൻ അവതരിപ്പിക്കും എന്ന് പ്രത്യാശിക്കാം.


Click it and Unblock the Notifications







