അങ്ങട് സെഞ്ച്വറി അടിപ്പിക്ക് അംബാനീ, എങ്കിൽ ഇതൊരു സംഭവം ആയേനെ! പിശുക്കിലും തിളങ്ങി ജിയോ പ്ലാൻ
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. ട്രായിയുടെ ഏറ്റവും ഒടുവിൽ പുറത്തുവന്ന ഡിസംബറിലെ പ്രതിമാസ റിപ്പോർട്ട് പ്രകാരം, ജിയോ പുതിയ വരിക്കാരെ സ്വന്തമാക്കുന്നത് പുനരാരംഭിച്ചിട്ടുണ്ട്. ജൂലൈയിൽ നിരക്ക് വർധന നടപ്പാക്കിയതിനെ തുടർന്ന് ജിയോയ്ക്ക് വൻ തിരിച്ചടി നേരിട്ടിരുന്നു. തുടർന്ന് തുടർച്ചയായി നാല് മാസത്തോളം ജിയോയ്ക്ക് വരിക്കാരെ നഷ്ടമായിക്കൊണ്ടിരുന്നു. എന്നാൽ നവംബറിൽ ജിയോ ചെറിയ മുന്നേറ്റം കാഴ്ചവച്ചു, പിന്നീട് ഡിസംബറിലും വരിക്കാരെ സ്വന്തമാക്കുന്ന ട്രെൻഡ് തുടരുകയും പഴയ ഫോമിലേക്ക് തിരിച്ചുവന്നു എന്ന് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ട്രായിയുടെ ഒടുവിലെ റിപ്പോർട്ടിൽ നിന്ന് വായിച്ചെടുക്കാനാകും.
ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്. അതിൽ പല പ്ലാനുകൾക്കും പല പ്രത്യേകതകളുണ്ട്. ഇക്കൂട്ടത്തിൽ വേറിട്ട ഒരു പ്ലാനാണ് 999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ. ഇത് 98 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്.

ജിയോയുടെ പ്രധാന എതിരാളിയായ എയർടെൽ 969 രൂപയുടെ ഒരു പ്ലാൻ അവരുടെ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ വാലിഡിറ്റി 84 ദിവസമാണ്. 84 ദിവസ വാലിഡിറ്റിയിൽ ജിയോ നിരവധി ഓപ്ഷനുകൾ ലഭ്യമാക്കിയിട്ടുണ്ട് എന്നത് വേറെ കാര്യം. എങ്കിലും എയർടെലിന്റെ ഈ 969 രൂപയുടെ പ്ലാനുമായി തട്ടിച്ച് നോക്കിയാൽ 30 രൂപ കൂടുതൽ വാങ്ങുന്ന ഈ ജിയോ പ്ലാൻ 98 ദിവസ വാലിഡിറ്റി നൽകുന്നു.
999 രൂപയുടെ ജിയോ പ്ലാൻ ഒരു മികച്ച പ്ലാനൊക്കെയാണെങ്കിലും ഇവിടെ അംബാനിയുടെ ജിയോ അൽപ്പം പിശുക്ക് കാട്ടിയിട്ടുണ്ട് എന്ന് ഉപയോക്താക്കൾ വിശ്വസിക്കുന്നു. കമ്പനിയെ സംബന്ധിച്ചിടത്തോളം 98 ദിവസ വാലിഡിറ്റി എന്നത് അവരുടെ പ്ലാനിങ്ങിന്റെ ഭാഗമായി കണക്കുകൂട്ടലുകൾക്ക് ശേഷം നിശ്ചയിച്ചിരിക്കുന്നതാണ്. എന്നാൽ വരിക്കാർ ഇത് 100 ദിവസം വാലിഡിറ്റിയുള്ള പ്ലാനായിരുന്നെങ്കിൽ കൂടുതൽ മികച്ചതായിരുന്നേനെ എന്ന് ആഗ്രഹിക്കുന്നു.

ഇന്ത്യൻ ടെലിക്കോം കമ്പനികളൊന്നും തന്നെ നിലവിൽ 100 ദിവസ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നില്ല എന്നാണ് വിവരം. ആ നിലയ്ക്ക് നോക്കിയാൽ 999 രൂപയുടെ പ്ലാനിൽ 100 ദിവസ വാലിഡിറ്റി നൽകിയിരുന്നു എങ്കിൽ കൂടുതൽ മനോഹരമാകുമായിരുന്നു. 98 ദിവസ വാലിഡിറ്റിയേ ഉള്ളൂ എങ്കിലും ഈ പ്ലാനും മികച്ച ഓപ്ഷനാണ്, ഏതാണ്ട് 100 ദിവസത്തിനടുത്ത് വാലിഡിറ്റി ഇതിൽ ലഭ്യമാകുന്നുണ്ട് എന്ന് ആശ്വസിക്കാം. ഇതിലെ ആനുകൂല്യങ്ങൾ ഇവിടെ പരിചയപ്പെടാം.
999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 98 ദിവസത്തെ വാലിഡിറ്റിയിൽ ഈ ആനുകൂല്യങ്ങൾ ലഭ്യമാകും. 2ജിബി പ്രതിദിന ഡാറ്റ ഉൾപ്പെടുന്നതിനാൽ അൺലിമിറ്റഡ് 5ജി ഓഫറും ഇതിൽ ലഭ്യമാണ്.
ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ ജിയോക്ലൗഡും ജിയോടിവിയും ആണ് ഉൾപ്പെടുന്നത്. മുൻപ് ജിയോസിനിമയും ലഭ്യമായിരുന്നു എങ്കിലും അടുത്തിടെ അത് നീക്കിയിരുന്നു. 999 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താക്കൾക്ക് 10 രൂപ 19 പൈസയാണ് പ്രതിദിനം ചെലവാകുക. ഇതിനെക്കാൾ വാലിഡിറ്റിയുള്ള പ്ലാൻ വേണമെങ്കിൽ ജിയോ വരിക്കാർക്ക് 2025 രൂപയുടെ ജിയോ പ്ലാനോ ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാനുകളോ പരിഗണിക്കാവുന്നതാണ്.

999 രൂപയുടെ ജിയോ പ്ലാനിനെക്കാൾ കുറച്ച് കുറഞ്ഞ വിലയിലുള്ള പ്ലാൻ വേണമെങ്കിൽ 949 രൂപയുടെ പ്ലാനാണ് തൊട്ടടുത്തുള്ളത്. 949 രൂപയുടെ പ്ലാൻ 84 ദിവസത്തെ സേവന വാലിഡിറ്റിയോടെ വരുന്നു. പ്രതിദിനം 2GB ഡാറ്റ, ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് കോളിങ് എന്നിവയാണ് ഈ പ്ലാനിന്റെ പ്രധാന ഫീച്ചറുകൾ. 149 രൂപ വിലമതിക്കുന്ന 90 ദിവസ ജിയോഹോട്ട്സ്റ്റാർ മൊബൈലിന്റെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഇതിലുണ്ട്.


Click it and Unblock the Notifications







