5G ചീപ് റേറ്റിൽ എവിടെക്കിട്ടും? ദാ ഇവിടെ കിട്ടും! ജിയോ, എയർടെൽ എൻട്രിലെവൽ 5G പ്ലാനുകൾ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നീ സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) മൂന്ന് മാസത്തിനകം 5ജി ലഭ്യമാക്കും. അതേസമയം 5ജി അവതരിപ്പിച്ച കമ്പനികളുടെ പട്ടികയിൽ വിഐ ഇടംപിടിച്ചത് സാങ്കേതികമായി മാത്രമാണ്. വിഐ ആകെ മുംബൈയിൽ മാത്രമാണ് 5ജി അവതരിപ്പിച്ചിട്ടുള്ളത്. മറ്റ് ഇടങ്ങളിൽ 5ജി വ്യാപന നടപടികൾ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തിൽ ജിയോ, എയർടെൽ എന്നീ കമ്പനികളുടെ അൺലിമിറ്റഡ് 5ജി ലഭ്യമാകുന്ന എൻട്രിലെവൽ പ്ലാനുകൾ പരിചയപ്പെടാം.
ജിയോയുടെ എൻട്രിലെവൽ 5ജി പ്ലാൻ: അൺലിമിറ്റഡ് 5ജി ലഭ്യമാകണമെങ്കിൽ 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റ അടങ്ങുന്ന പ്രീപെയ്ഡ് പ്ലാൻ ആയിരിക്കണം എന്നാണ് ജിയോയുടെ നയം. ഇത് പ്രകാരം ഏറ്റവും കുറഞ്ഞ വിലയിൽ അൺലിമിറ്റഡ് 5ജി സഹിതം എത്തുന്ന ജിയോ പ്ലാൻ യഥാർഥത്തിൽ 198 രൂപയുടെ പ്ലാനാണ്.

198 രൂപയുടെ ജിയോ പ്ലാൻ വെറും 14 ദിവസത്തെ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി ഡാറ്റ, ദിവസം 100 എസ്എംഎസ് തുടങ്ങിയവയാണ് ഈ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇത് കൂടാതെ ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ഇതിലുണ്ട്.
എന്നാൽ 198 രൂപയുടെ ജിയോ പ്ലാനിനെ ഒരു ഇടക്കാല ആശ്വാസമായി കണ്ടാൽ മതി. ഒരു മാസം (28 ദിവസം) വാലിഡിറ്റിയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്ന എൻട്രിലെവൽ ജിയോ പ്രീപെയ്ഡ് പ്ലാൻ 349 രൂപയുടെ ജിയോ പ്ലാൻ ആണ്. 198 രൂപയുടെ പ്ലാനിനെക്കാൾ ലാഭവും 349 രൂപയുടെ പ്ലാൻ തന്നെ.
349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്ന ഏറ്റവും ചിലവ് കുറഞ്ഞ പ്ലാനാണിത്. പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസമാണ് വാലിഡിറ്റി. ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ആപ്പുകളിലേക്കുള്ള ആക്സസും ഇതിലുണ്ട്.
349 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്നതുകൊണ്ട് അൺലിമിറ്റഡ് 5ജി മാത്രമല്ല ഉപയോക്താക്കൾക്ക് ഇപ്പോൾ മറ്റൊരു നേട്ടവും ഉണ്ട്. 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി നേടാം എന്നതാണ് അത്. ഏപ്രിൽ 15ന് അകം 299 രൂപയ്ക്ക് മുകളിലുള്ള തുകയുടെ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് ജിയോഹോട്ട്സ്റ്റാർ സൗജന്യമാണ്. ആ ഓഫർ ഈ പ്ലാനിലും ലഭിക്കും.
കൂടാതെ ജിയോ അടുത്തിടെ അതിന്റെ പ്ലാനുകൾക്കൊപ്പം സൗജന്യമായി 50GB ജിയോഎഐക്ലൗഡ് സ്റ്റോറേജ് വാഗ്ദാനം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. 349 രൂപയുടെ ജിയോ പ്ലാനിന്റെ പ്രതിദിന ചെലവ് 12 രൂപ 46 പൈസയാണ്. എൻട്രിലെവൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്ന പ്ലാൻ എന്ന നിലയിൽ മികച്ച സേവനമാണ് ഈ പ്ലാൻ കാഴ്ചവയ്ക്കുന്നത്.
379 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭിക്കുന്ന എയർടെൽ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാനാണിത്. അൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയൊക്കെയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഒരു മാസമാണ് ഈ പ്ലാനിൻ്റെ വാലിഡിറ്റി.
3 മാസത്തേക്ക് സൗജന്യമായി Apollo 24/7 സർക്കിൾ മെമ്പർഷിപ്പ്, സൗജന്യ കണ്ടന്റുകൾക്കായി എയർടെൽ എക്സ്ട്രീം ആപ്പ്, സൗജന്യ ഹെലോട്യൂണുകൾ (പ്രതിമാസം ഒരു ട്യൂൺ), VoLTE (HD വോയ്‌സ്), നെറ്റ്‌വർക്കിൽ തന്നെ നിർമ്മിച്ചിരിക്കുന്ന AI- പവർഡ് സ്പാം ഡിറ്റക്ഷൻ സൗകര്യം എന്നിവയും ഈ എയർടെൽ പ്ലാനിൽ ലഭ്യമാകുന്ന അധിക ആനുകൂല്യങ്ങളാണ്.
379 രൂപയുടെ എയർടെൽ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ റീച്ചാർജ് ചെയ്യുന്ന ദിവസം മുതൽ അടുത്തമാസം അതേ തീയതിക്ക് മുമ്പ് വരെ വാലിഡിറ്റി ലഭിക്കും. അതേസമയം ജിയോയുടെ 349 രൂപ പ്ലാനിൽ 28 ദിവസ വാലിഡിറ്റി മാത്രമേയുള്ളൂ. ഈ നിലയ്ക്ക് നോക്കിയാൽ ലാഭം എയർടെൽ പ്ലാനാണ്.

രണ്ട് ദിവസം അധികം വാലിഡിറ്റി ലഭ്യമാകുമെങ്കിലും 349 രൂപയുടെ ജിയോ പ്ലാനിനെക്കാൾ 30 രൂപ കൂടുതലാണ് എയർടെലിന്റെ 379 രൂപ പ്ലാനിന്. അതിനാൽ സാമ്പത്തികമായി തെരഞ്ഞെടുക്കാൻ കുറച്ചുകൂടി എളുപ്പം ജിയോ പ്ലാൻ ആണ്. 12 രൂപ 46 പൈസയാണ് ജിയോ 349 രൂപ പ്ലാനിന്റെ പ്രതിദിന ചെലവ്. അതേസമയം 12 രൂപ 63 പൈസയാണ് 379 രൂപയുടെ എയർടെൽ പ്ലാനിന്റെ പ്രതിദിന ചെലവ്.
5ജി ലഭ്യമായ പ്രദേശത്തുള്ള ജിയോ, എയർടെൽ വരിക്കാർക്ക് പ്രതിദിന പരിധികളില്ലാതെ ഡാറ്റ ആസ്വദിക്കാൻ ഈ രണ്ട് പ്രീപെയ്ഡ് പ്ലാനുകളും അവസരം നൽകുന്നു. അതിനായി ഒരു 5ജി ഫോൺ ഉണ്ടാകണം എന്നുമാത്രം. ഈ രണ്ട് പ്ലാനുകളിൽ നിലവിലെ സാഹചര്യത്തിൽ ഏറ്റവും മികച്ചത് ജിയോയുടെ 349 രൂപ പ്ലാൻ ആണ്.
ഇരുപ്ലാനുകളിലുമുള്ള സമാനമായ ആനുകൂല്യങ്ങൾക്ക് പുറമേ 90 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കും എന്നതാണ് ഈ ജിയോ പ്ലാനിന് മേൽക്കൈ നൽകുന്നത്. നിലവിൽ ഐപിഎൽ നടക്കുകയാണ്. ക്രിക്കറ്റ് മത്സരങ്ങൾ എവിടെയിരുന്നും ലൈവ് ആയി കാണാൻ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ക്രിക്കറ്റ് ആരാധകരെ സഹായിക്കുന്നു. പോരാത്തതിന് അൺലിമിറ്റഡ് ഡാറ്റയും സൗജന്യമായി ലഭ്യമാകുന്നു.
ഇനി വിഐയുടെ കാര്യമെടുത്താൽ, വിഐയുടെ അൺലിമിറ്റഡ് 5ജി ഓഫർ മറ്റ് രണ്ട് കമ്പനികളുടെ ഓഫറുകളെക്കാൾ മികച്ചതാണ്. അതായത് നിലവിൽ മുംബൈയിൽ മാത്രമേ വിഐ 5ജി പ്ലാൻ ലഭ്യമാകൂ എങ്കിലും അവിടെ വിഐ അൺലിമിറ്റഡ് 5ജി പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. 299 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ ഈ ഓഫർ ലഭ്യമാണ്.

തുടക്കത്തിൽ ജിയോയും എയർടെലും നൽകിയതിന് സമാനമായ ഓഫറാണ് വിഐ ഇപ്പോൾ നൽകുന്നത്. ഭാവിയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് 5ജി അവതരിപ്പിച്ചുകഴിയുമ്പോൾ ജിയോയുടെയും എയർടെലിന്റേയും പോലെ 2ജിബി പ്രതിദിന ഡാറ്റ അടങ്ങുന്ന പ്ലാനുകളിൽ മാത്രമായി വിഐ 5ജി ഡാറ്റ പരിമിതപ്പെടുത്തിയേക്കും. ഇപ്പോൾ വിഐയുടെ അൺലിമിറ്റഡ് 5ജി ലഭ്യമാകുന്ന എൻട്രിലെവൽ പ്ലാൻ 299 രൂപയുടേത് ആണ്.
അതായത് ജിയോയുടെയും എയർടെലിന്റെയും അൺലിമിറ്റഡ് 5ജി ലഭിക്കുന്ന എൻട്രിലെവൽ പ്ലാനുകളെക്കാൾ കുറഞ്ഞ വിലയിലാണ് വിഐയുടെ 5ജി പ്ലാൻ ലഭ്യമായിട്ടുള്ളത്. 299 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1 ജിബി ഡാറ്റ (ആകെ 28 ജിബി) എന്നിവ ഉൾപ്പെടുന്നു. 28 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.
മുംബൈയിലുടനീളമുള്ള 5G നെറ്റ്‌വർക്ക് കവറേജ് ഏരിയകളിലെ 5G ഹാൻഡ്‌സെറ്റുകളിൽ മാത്രമേ അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ ലഭ്യമാകൂ എന്ന് വിഐ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അധികം വൈകാതെ കൂടുതൽ ഇടങ്ങളിൽ വിഐ 5ജി എത്തുമെന്ന് കരുതപ്പെടുന്നു. ബിഹാർ, ഡൽഹി, കർണാടക, പഞ്ചാബ് എന്നിവിടങ്ങളിലെ ചില സർക്കിളുകൾ 2025 ഏപ്രിലിൽ 5G സേവനങ്ങൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നു. കേരളത്തിൽ വിഐ 5ജി ആദ്യം എത്തുക കൊച്ചിയിൽ ആണ് എന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications








