ബിഎസ്എൻഎൽ ഇല്ലാത്ത കളി! ജിയോ, എയർടെൽ, വിഐ വരിക്കാർക്ക് ഡാറ്റ വാരിക്കോരി നൽകുന്ന പ്ലാൻ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ കാര്യം പരിശോധിച്ചാൽ സ്വകാര്യ ടെലിക്കോം കമ്പനികൾ ഒരു വശത്തും സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ എതിർ പക്ഷത്തുമാണ് എന്ന് കാണാം. പ്രത്യക്ഷത്തിൽ എല്ലാ ടെലിക്കോം കമ്പനികളും മത്സരിക്കുന്നുണ്ട്. എന്നാൽ നിരക്ക് കൂട്ടുന്ന കാര്യത്തിൽ സ്വകാര്യ കമ്പനികൾ ഒറ്റക്കെട്ടായി നിന്നു. ഈ മൂന്ന് സ്വകാര്യ കമ്പനികളും പരസ്പരമുള്ള മത്സരത്തിൽ ഏതാണ്ട് ഒരേ നിരക്കിൽ ഒരേ ആനുകൂല്യങ്ങളുമായി റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കാറുണ്ട്. അത്തരം ഒന്നിലധികം പ്ലാനുകൾ കാണാൻ സാധിക്കും. അത്തരത്തിൽ ഒരു പ്ലാൻ ആണ് 49 രൂപയുടെ ഡാറ്റ പ്ലാൻ.
ഇന്ത്യയിൽ ബിഎസ്എൻഎൽ ഒഴികെ മറ്റ് മൂന്ന് ടെലിക്കോം കമ്പനികളും 49 രൂപ വിലയിൽ ഡാറ്റ പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. ടെലിക്കോം വരിക്കാർക്ക് വലിയ അളവിൽ ഡാറ്റ ആവശ്യമായി വന്നാൽ പ്രയോജനപ്പെടുത്താൻ കഴിയും വിധം വലിയ അളവിൽ ഈ 49 രൂപ പ്ലാനുകൾ ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.

49 രൂപയുടെ ഡാറ്റ പ്ലാൻ ആദ്യം പുറത്തിറക്കിയത് എയർടെൽ ആണ്. പിന്നാലെ ജിയോയും അതിന് പിന്നാലെ വൊഡാഫോൺ ഐഡിയയും സമാന നിരക്കിൽ ഏതാണ്ട് സമാന ആനുകൂല്യങ്ങളുമായി 49 രൂപയുടെ ഡാറ്റ പ്ലാൻ അവതരിപ്പിക്കുകയായിരുന്നു. ഈ കമ്പനികളുടെ 49 രൂപയുടെ ഡാറ്റ പ്ലാനിൽ എന്താണ് ലഭിക്കുക എന്ന് ഇവിടെ പരിചയപ്പെടാം.
ജിയോ 49 രൂപയുടെ പ്രീപെയ്ഡ് ഡാറ്റ പ്ലാനിൽ നൽകുന്ന ആനുകൂല്യങ്ങൾ: ഒരു ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും എന്ന് ജിയോ പറയുന്നു. എന്നാൽ FUP (ഫെയർ യൂസേജ് പോളിസി) പ്രകാരം ഈ പ്ലാനിൽ ലഭ്യമാകുന്ന ഹൈസ്പീഡ് ഡാറ്റ 25ജിബി ആണ്. അതായത് 25ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക.

ഉപയോഗിച്ചാലും ഇല്ലെങ്കിലും കൃത്യം ഒരു ദിവസം കഴിഞ്ഞാൽ 49 രൂപയുടെ ജിയോ പ്ലാനിലെ ഡാറ്റയുടെ വാലിഡിറ്റി തീരും. ദിവസം മുഴുവൻ മികച്ച വേഗതയിൽ വലിയ അളവ് ഡാറ്റ വേണ്ടവർക്ക് 25ജിബി വരെ ഡാറ്റ നേടാൻ ഈ പ്ലാൻ ഉപകാരപ്പെടും. ഇവിടെ 1 ജിബി ഡാറ്റയ്ക്ക് 1 രൂപ 90 പൈസയാണ് ചെലവ് വരുന്നത്.
എയർടെൽ 49 രൂപയുടെ ഡാറ്റ പ്ലാനിൽ നൽകുന്ന ആനുകൂല്യങ്ങൾ: ഒരു ദിവസ വാലിഡിറ്റിയിൽ 20ജിബി ഹൈസ്പീഡ് ഡാറ്റ 49 രൂപയുടെ എയർടെൽ പ്ലാൻ നൽകുന്നു. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന വലിയ അളവിലുള്ള ഡാറ്റ ആവശ്യങ്ങൾക്ക് 49 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ ഉപയോക്താക്കൾക്ക് ഉപകാരപ്പെടും. എന്നാൽ ഉപയോഗിക്കാത്ത ഡാറ്റ അർദ്ധരാത്രിയോടെ കാലഹരണപ്പെടും. ഇവിടെ 1ജിബി ഡാറ്റയ്ക്ക് 2 രൂപ 45 പൈസ ചെലവ് വരുന്നുണ്ട്.
വിഐ 49 രൂപയുടെ പ്രീപെയ്ഡ് ഡാറ്റ പ്ലാനിൽ നൽകുന്ന ആനുകൂല്യങ്ങൾ: 49 രൂപയുടെ വിഐ ഡാറ്റ വൗച്ചർ 20ജിബി ഹൈസ്പീഡ് ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഒരു ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. എയർടെലിന്റെ 49 രൂപയുടെ പ്ലാനും ഈ വിഐ പ്ലാനും സമാനമാണ്. ഇവിടെയും 1ജിബി ഡാറ്റയ്ക്ക് 2 രൂപ 45 പൈസയാണ് ചെലവ്.

49 രൂപയുടെ ഈ മൂന്ന് ഡാറ്റ പ്ലാനുകളും പരിശോധിച്ചാൽ ജിയോ ആണ് അൽപ്പം മെച്ചം എന്ന് കാണാനാകും. എയർടെലും വൊഡാഫോൺ ഐഡിയയും 20ജിബി ഹൈസ്പീഡ് ഡാറ്റയാണ് 49 രൂപയ്ക്ക് നൽകുന്നത്. എന്നാൽ അതേവിലയിൽ 5ജിബി ഡാറ്റ കൂടുതൽ നൽകിക്കൊണ്ട് ജിയോ ഈ കളിയിൽ സ്കോർ ചെയ്തു. ലാഭം ജിയോ വരിക്കാർക്ക് തന്നെ!


Click it and Unblock the Notifications








