ഒരു ദിവസത്തേക്ക് ഏറ്റവും കുറഞ്ഞ വിലയിൽ ഡാറ്റ കിട്ടുന്ന പ്ലാനുകൾ: ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ!
റിലയൻസ് ജിയോ (Reliance Jio), ഭാരതി എയർടെൽ (Bharti Airtel), വൊഡാഫോൺ ഐഡിയ (VI), ബിഎസ്എൻഎൽ (BSNL) എന്നീ ടെലിക്കോം കമ്പനികളെല്ലാം തങ്ങളുടെ വിവിധ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ഡാറ്റ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നുണ്ട്. ഡാറ്റ വേണ്ടാത്തവർക്കായി വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകളും ഇപ്പോൾ ലഭ്യമാണ്. ആളുകളുടെ സ്മാർട്ട്ഫോൺ ഉപയോഗം വർധിച്ചതോടെ ഡാറ്റ ഉപയോഗവും വർധിച്ചിട്ടുണ്ട്. ഇപ്പോൾ 5ജി ഫോണുള്ള ജിയോ, എയർടെൽ ഉപയോക്താക്കൾക്ക് 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾക്കൊപ്പം അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാണ്. അതേപോലെ വിഐ 299 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്നുണ്ട്.
എന്നാൽ വിഐ 5ജി ലഭ്യമായ പ്രദേശങ്ങൾ കുറവാണ്. ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം 5ജി സേവനങ്ങൾ ആരംഭിച്ചിട്ടില്ലാത്തതിനാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുകളൊന്നും ലഭ്യമല്ല. ഇങ്ങനെ 5ജി ഓഫറുകൾ ലഭ്യമായിട്ടുള്ള കമ്പനികളുടെ 5ജി ഫോണുള്ള വരിക്കാർക്ക് ഡാറ്റ ക്ഷാമം അധികം ഉണ്ടാകാറില്ല. എന്നാൽ ഈ 5ജി ഓഫർ ഉപയോഗപ്പെടുത്താനാകാത്ത നിരവധി ടെലിക്കോം ഉപയോക്താക്കളുണ്ട്.

ഉപയോക്താക്കൾക്ക് ഇഷ്ടമുള്ളപ്പോൾ ആവശ്യത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാനായി നിരവധി ഡാറ്റ പ്ലാനുകൾ പ്രത്യേകമായി ഇന്ത്യയിലെ ടെലിക്കോം കമ്പനികളെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിദിന ഡാറ്റയുള്ള പ്ലാൻ ഉപയോഗിക്കുന്നുണ്ടെങ്കിൽപ്പോലും പലർക്കും ചില അടിയന്തര സാഹചര്യങ്ങളിൽ ഡാറ്റ പരിധി പിന്നിട്ടതിനാലോ മതിയായ ഡാറ്റ പിന്തുണ പ്ലാനിൽ ലഭ്യമല്ലാത്തതിനാലോ ഡാറ്റ പ്ലാനുകൾ ആവശ്യമായി വരും.
ചെറിയ അളവിൽ അത്യാവശ്യ കാര്യങ്ങൾക്കായി മാത്രം ഡാറ്റ വേണ്ടവർക്കായി എല്ലാ ടെലിക്കോം കമ്പനികളും പരമാവധി 25 രൂപയിൽ താഴെ വിലയിൽ ഡാറ്റ പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അടുത്തിടെ വരെ 11 രൂപ വിലയിലും 9 രൂപ വിലയിലുമൊക്കെ ഡാറ്റകൾ ലഭ്യമായിരുന്നു. എന്നാലിപ്പോൾ അതൊന്നും കിട്ടില്ല, ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ ഒരു ദിവസ വാലിഡിറ്റിയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കിയിരിക്കുന്ന പ്ലാനുകൾ പരിചയപ്പെടാം.

16 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാൻ: ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ് എന്നത് ഡാറ്റ പ്ലാനുകളുടെ കാര്യത്തിലും ശരിയാണ്. ഏറ്റവും കുറഞ്ഞ വിലയിൽ ഒരു ദിവസ വാലിഡിറ്റിയുള്ള ഡാറ്റ പ്ലാൻ ലഭ്യമാക്കിയിരിക്കുന്നത് ബിഎസ്എൻഎൽ ആണ്, 16 രൂപയുടെ പ്ലാനാണ് അത്. 1 ദിവസ വാലിഡിറ്റിയിൽ 2ജിബി ഡാറ്റയാണ് ഇതിൽ ലഭ്യമാകുക.
19 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ ഏറ്റവും വില കുറഞ്ഞ ഒരു ദിവസ വാലിഡിറ്റിയുള്ള ഡാറ്റ പ്ലാൻ 19 രൂപ വിലയിലെത്തുന്നു. ബിഎസ്എൻഎൽ കഴിഞ്ഞാൽ ഏറ്റവും വില കുറഞ്ഞ ഈ വിഭാഗത്തിലെ പ്ലാൻ ജിയോയുടേത് ആണ്. ഒരു ദിവസ വാലിഡിറ്റിയിൽ 1ജിബി ഡാറ്റയാണ് ഈ 19 രൂപ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
22 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ: ഒരു ദിവസ വാലിഡിറ്റിയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന എയർടെൽ ഡാറ്റ പ്ലാൻ ഇതാണ്. 1ജിബി ഡാറ്റയാണ് ഒരു ദിവസ വാലിഡിറ്റിയിൽ ഈ ഡാറ്റ പ്ലാനിൽ ലഭ്യമാകുക. അതായത് ഉപയോഗിച്ചാലും ഇല്ലെങ്കിലും ഒരു ദിവസ വാലിഡിറ്റിയുള്ള ഡാറ്റ പ്ലാനുകളിലെ ഡാറ്റ അന്ന് രാത്രി 11: 59ന് ശേഷം കാലഹരണപ്പെടും.

23 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: ഒരു ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ വില കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ വിഐ വരിക്കാർക്ക് ലഭ്യമായിട്ടുള്ള പ്ലാനിന് 23 രൂപയാണ് വില. ഒരു ദിവസ വാലിഡിറ്റിയിൽ 1ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. ഇതുവരെ പറഞ്ഞതിൽ, ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വച്ച് ഈ വിഭാഗത്തിൽ ഏറ്റവും ഉയർന്ന വിലയുള്ളത് വിഐയുടെ ഈ പ്ലാനിനാണ് എന്ന് കാണാനാകും.


Click it and Unblock the Notifications








