ജിയോ, എയർടെൽ, വിഐ... ഈ മൂവരെക്കൊണ്ടും കൂട്ടിയാൽ കൂടില്ല! BSNL ഒന്നേയുള്ളൂ, ഈ പ്ലാനും!
ഇന്ത്യയിൽ പ്രധാനമായും നാല് ടെലിക്കോം കമ്പനികളാണ് പ്രവർത്തിക്കുന്നത്, അതിൽ വരിക്കാരുടെ എണ്ണം കണക്കാക്കിയാൽ ഒന്നാം സ്ഥാനത്ത് റിലയൻസ് ജിയോയും രണ്ടാം സ്ഥാനത്ത് എയർടെലും മൂന്നാം സ്ഥാനത്ത് വൊഡാഫോൺ ഐഡിയയും (VI) നാലാം സ്ഥാനത്ത് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎല്ലുമാണ് (BSNL). ഇതിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള കമ്പനികളും സ്വകാര്യ സ്ഥാപനവും ഏറ്റവും പിന്നിലുള്ള ബിഎസ്എൻഎൽ പൊതുമേഖലാ സ്ഥാപനവുമാണ് എന്നത് ഏതാണ്ട് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ആണ് ഈ ടെലിക്കോം കമ്പനികളെല്ലാം ഇന്ത്യയിൽ പ്രവർത്തിച്ചുവരുന്നത്.
ഇന്ത്യയിലെ ടെലിക്കോം വരിക്കാരുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതിൽ ഒരു പ്രധാന ഉത്തരവായിരുന്നു എല്ലാ ടെലിക്കോം കമ്പനികൾക്കും വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ ഉണ്ടാകണം എന്നത്. നേരത്തെ സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം ഡാറ്റ സഹിതമുള്ള പ്രീപെയ്ഡ് റീച്ചാർജ് ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്തിരുന്നത്.

അതിനാൽ ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താവ് പോലും റീച്ചാർജ് ചെയ്യുന്ന ഘട്ടത്തിൽ ഉപയോഗമില്ലാത്ത ഡാറ്റയ്ക്കും ചേർത്ത് പണം മുടക്കേണ്ട സ്ഥിതി നിലനിന്നിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഡാറ്റ വേണ്ടാത്ത ഉപയോക്താക്കൾക്ക് അനുയോജ്യമായ റീച്ചാർജ് ഓപ്ഷനുകളും ഉണ്ടാകണം എന്ന ഉദ്ദേശത്തോടുകൂടി വോയ്സ് ഒൺലി പ്ലാനുകൾ അവതരിപ്പിക്കാൻ ട്രായി കമ്പനികളോട് നിർദേശിച്ചത്.
ട്രായിയുടെ നിർദേശത്തെ തുടർന്ന് സ്വകാര്യ കമ്പനികളെല്ലാം വോയ്സ്- എസ്എംഎസ് ആനുകൂല്യങ്ങൾ സഹിതമുള്ള പ്ലാനുകൾ അവതരിപ്പിച്ചു. അതിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്ലാനുകൾ ഏതെന്നും ഇന്ത്യയിൽ ഏറ്റവും മികച്ച വോയ്സ് ഒൺലി പ്ലാൻ വാഗ്ദാനം ചെയ്യുന്ന ടെലിക്കോം കമ്പനി ഏതെന്നും ഈ കമ്പനികളുടെ പ്ലാനുകൾ പരിചയപ്പെടുത്തിക്കൊണ്ട് ഇവിടെ പരിശോധിക്കുന്നു.

ജിയോ 448 രൂപ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ ഏറ്റവും നിരക്ക് കുറഞ്ഞ വോയ്സ് ഒൺലി പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിങ്, 1000 എസ്എംഎസ് എന്നിവ 84 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ജിയോക്ലൗഡ്, ജിയോടിവി തുടങ്ങിയ സേവനങ്ങളും വൈഫൈ ഉപയോഗിച്ച് ആസ്വദിക്കാനാകും. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 5 രൂപ, 33 പൈസയാണ്.
എയർടെൽ 469 രൂപ പ്രീപെയ്ഡ് പ്ലാൻ: എയർടെലിന്റെ ഈ പ്രീപെയ്ഡ് പ്ലാനിൽ 84 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ് സൗകര്യം, 900 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുക. അധിക ആനുകൂല്യമായി ആന്റി സ്പാം ഫീച്ചറുമുണ്ട്. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 5 രൂപ 58 പൈസയാണ്.
വിഐ 470 രൂപ പ്രീപെയ്ഡ് പ്ലാൻ: 84 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ആകെ 900 എസ്എംഎസ് എന്നിവയാണ് ഈ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. മറ്റ് അധിക ആനുകൂല്യങ്ങൾ ഇതിൽ ഇല്ല. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 5 രൂപ 59 പൈസയാണ്.

ബിഎസ്എൻഎൽ 439 രൂപ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് കോളിങ്, ആകെ 300 എസ്എംഎസ് എന്നിവയാണ് ഈ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 90 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ബിഎസ്എൻഎല്ലിന്റെ ഏക വോയ്സ് ഒൺലി പ്ലാനാണിത്. ട്രായിയുടെ നിർദേശം വരുന്നതിനും വളരെ മുൻപേ ഈ പ്ലാൻ ബിഎസ്എൻഎൽ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിരുന്നു. പ്രതിദിനം 4 രൂപ, 87 പൈസയാണ് ഈ പ്ലാനിന്റെ ചെലവ്.
ഈ നാല് ടെലിക്കോം കമ്പനികളുടെയും ഏറ്റവും കുറഞ്ഞ വിലയിലുള്ള വോയ്സ് ഒൺലി പ്ലാനുകൾ പരിശോധിച്ചാൽ ഉപയോക്താവിന് ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച വാലിഡിറ്റിയോടെ ലഭ്യമായിരിക്കുന്നത് ബിഎസ്എൻഎൽ പ്ലാനാണ്. എയർടെൽ, വിഐ എന്നീ സ്വകാര്യ കമ്പനികളുടെ പ്ലാനുകളുടെ വിലകൾ തമ്മിൽ ഒരു രൂപ വീതമുള്ള വ്യത്യാസമാണ് ഉള്ളത്. സ്വകാര്യ ടെലിക്കോം കമ്പനികളുടെ വോയ്സ് പ്ലാനുകളിൽ ഏറ്റവും ലാഭകരം ജിയോയുടേതാണ്, രണ്ടാമത് എയർടെലും മൂന്നാമത് വിഐയും.


Click it and Unblock the Notifications








