ജിയോ 189 രൂപയ്ക്ക് 28 ദിവസം അൺലിമിറ്റഡ് കോളിങ് നൽകുമെന്നോ; കണ്ണുതുറന്ന് ഈ BSNL പ്ലാൻ ഒന്ന് നോക്ക് കണ്ണാ!
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. ഏറ്റവുമധികം ടെലിക്കോം വരിക്കാരുമായി ഇന്ത്യൻ ടെലിക്കോം രംഗത്തെ തന്നെ വൻ ശക്തിയായി ജിയോ നിലകൊള്ളുന്നു. അതിന്റെ മുന്നിൽ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) ഒന്നുമല്ലാതെ നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. എന്നാൽ 5ജി സേവനങ്ങൾ രാജ്യവ്യാപകമായി അവതരിപ്പിക്കാൻ കഴിഞ്ഞാൽ ജിയോ അടക്കമുള്ള വമ്പന്മാരെ നിലംപരിശാക്കാൻ ശേഷിയുള്ള ഒരു ആയുധം ബിഎസ്എൻഎല്ലിന്റെ പക്കൽ ഇപ്പോഴുമുണ്ട്- കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന റീച്ചാർജ് പ്ലാനുകളാണ് അത്. സ്വകാര്യ ടെലിക്കോം കമ്പനികളെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ബിഎസ്എൻഎൽ ടെലിക്കോം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയും പോലെ സ്വകാര്യ ടെലിക്കോം കമ്പനികളിൽ അൽപ്പം ആശ്വാസകരമായ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നതിൽ ജിയോ മുന്നിലാണ്. ഉയർന്ന വിലയിൽ മാത്രമല്ല, കുറഞ്ഞ വിലയിലുള്ള ചില പ്ലാനുകളും ജിയോ ലഭ്യമാക്കിയിട്ടുണ്ട്. ജിയോയുടെ പ്രീപെയ്ഡ് പ്ലാൻ പട്ടിക പരിശോധിച്ചാൽ അഫോർഡബിൾ പ്ലാനുകൾ എന്ന ഒരു വിഭാഗം തന്നെ കാണാൻ കഴിയും.

ജിയോയുടെ അഫോർഡബിൾ പ്ലാൻ വിഭാഗത്തിൽ രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് കാണാനാകുക. അവ 189 രൂപ, 209 രൂപ വിലകളിൽ എത്തുന്നു. ഇതിൽ 189 രൂപയുടെ പ്ലാൻ ജിയോയുടെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാനാണ്. അതായത് വാലിഡിറ്റി നിലനിർത്തുന്നതിനായി തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ.
189 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിങ്, ആകെ 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് 189 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസ വാലിഡിറ്റിയിലാണ് ഇവ ലഭ്യമാകുക. 28 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ഏറ്റവും വില കുറഞ്ഞ ജിയോ പ്ലാൻ ഇതാണ്.

209 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ അഫോർഡബിൾ പ്ലാനുകളിൽ രണ്ടാമത് ലിസ്റ്റ് ചെയ്തിരിക്കുന്ന പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംസ്, പ്രതിദിനം 1ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ. 22 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ രണ്ട് പ്ലാനുകളിലും ലഭ്യമാകും.
ജിയോ ഏറ്റവും വിലക്കുറവിൽ ലഭ്യമാകുന്ന പ്ലാനുകൾ എന്ന നിലയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഈ 189 രൂപ, 209 രൂപ പ്ലാനുകളെക്കാൾ വളരെ കൂടിയ ആനുകൂല്യങ്ങൾ ഇതിനെക്കാൾ വളരെ കുറഞ്ഞ വിലയിൽ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. പരിശോധിച്ചാൽ അത്തരം മൂന്നിലധികം ബിഎസ്എൻഎൽ പ്ലാനുകൾ കണ്ടെത്താൻ കഴിയും. ഏറ്റവും കുറഞ്ഞ വിലയിൽ ഈ ജിയോ പ്ലാനുകൾക്ക് മറുപടി നൽകാൻ കഴിയുന്ന ഓപ്ഷനുകളിലൊന്ന് 147 രൂപയുടെ പ്ലാനാണ്.
ജിയോയുടെ 189 രൂപ, 209 രൂപ എന്നീ രണ്ട് പ്ലാനുകളെയും ഒറ്റയടിക്ക് മലർത്തിയടിക്കാൻ ഈ ബിഎസ്എൻഎൽ പ്ലാൻ തന്നെ ധാരാളമാണ്. 147 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 30 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു എന്നത് തന്നെ വലിയ നേട്ടമാണ്. കൂടാതെ അൺലിമിറ്റഡ് കോളിങ്ങും ഈ പ്ലാനിൽ ലഭിക്കും. അതോടൊപ്പം 10ജിബി ബൾക്ക് ഡാറ്റയും ഇതിലുണ്ട്.

ഇനി ഡാറ്റയുടെ അളവ് വച്ച് നോക്കുമ്പോൾ 209 രൂപയുടെ ജിയോ പ്ലാനിൽ ലഭിക്കുന്നത്ര ഡാറ്റ 147 രൂപയുടെ പ്ലാനിൽ ഇല്ല എന്നതാണ് ഒരു പോരായ്മയെങ്കിൽ അടുത്ത ബിഎസ്എൻഎൽ ഓപ്ഷനായി 153 രൂപയുടെ പ്ലാനുണ്ട്. ജിയോ 209 പ്ലാനിൽ 22 ദിവസത്തേക്ക് 22ജിബി ഡാറ്റയാണ് കിട്ടുകയെങ്കിൽ, 153 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 26 ദിവസത്തേക്ക് 26ജിബി ഡാറ്റ നൽകുന്നു, അതും 56 രൂപ വിലക്കുറവിൽ. അപ്പോൾ ലാഭം ബിഎസ്എൻഎൽ സിം തന്നെയെന്ന് വ്യക്തം.


Click it and Unblock the Notifications








