എന്തായാലും ഇത്രയുമായി, ഇനി വിഷു വരെ ഇരിക്കട്ടെ! ആ ഓഫർ ജിയോ ഏപ്രിൽ 15 വരെ നീട്ടി
ക്രിക്കറ്റ് സീസൺ കണക്കിലെടുത്ത് കൂടുതൽ ആളുകളെ തങ്ങളുടെ ഒടിടി പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കാൻ ജിയോ പ്രഖ്യാപിച്ച ജിയോഹോട്ട്സ്റ്റാർ പ്രത്യേക ഓഫറിന്റെ കാലാവധി ഏപ്രിൽ 15 വരെ നീട്ടി. 2025 മാർച്ച് മധ്യത്തോടെയാണ് തങ്ങളുടെ 299 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭ്യമാക്കുമെന്ന് ജിയോ പ്രഖ്യാപിച്ചത്. എന്നാൽ ഈ ഓഫറിന്റെ കാലാവധി ഇന്നലെ (മാർച്ച് 31) അവസാനിക്കുമെന്ന് കരുതിയിരിക്കെ ജിയോ ഓഫർ വാലിഡിറ്റി നീട്ടിയതായി അറിയിക്കുകയായിരുന്നു. 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ആണ് ഈ ഓഫർ വഴി ലഭ്യമാകുക.
ഈ വർഷം ഫെബ്രുവരിയിലാണ് ജിയോസിനിമയും ഹോട്ട്സ്റ്റാറും ഒന്നായി ജിയോഹോട്ട്സ്റ്റാർ നിലവിൽ വന്നത്. ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് IPL (ഇന്ത്യൻ പ്രീമിയർ ലീഗ്) 2025 കാണാൻ കഴിയും. ഐപിഎൽ കണക്കിലെടുത്ത് ബിഎസ്എൻഎൽ ഒഴികെയുള്ള പ്രമുഖ ടെലിക്കോം കമ്പനികളെല്ലാം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന പ്ലാനുകൾ അവതരിപ്പിച്ചിരുന്നു.

ജിയോഹോട്ട്‌സ്റ്റാറിന്റെ പേയ്‌മെന്റ് ഉപയോക്തൃ അടിത്തറ 100 ദശലക്ഷം കടന്നതായി അടുത്തിടെ ജിയോ പ്രഖ്യാപിച്ചു. ഇത് പണമടച്ചുള്ള സബ്‌സ്‌ക്രൈബർ അടിത്തറയുള്ള രാജ്യത്തെ ഏറ്റവും വലിയ OTT (ഓവർ ദി ടോപ്പ്) പ്ലാറ്റ്‌ഫോമായി ജിയോഹോട്ട്‌സ്റ്റാറിനെ മാറ്റുന്നു. പഴയ ഉപയോക്താക്കൾക്കും പുതിയ ഉപയോക്താക്കൾക്കും ജിയോ അൺലിമിറ്റഡ് ഓഫർ ലഭ്യമാണ്.
28 ദിവസം/1 മാസം/ 30 ദിവസം പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾ നിലവിലുള്ള പ്ലാൻ കാലഹരണപ്പെട്ടതിന് 48 മണിക്കൂറിനുള്ളിൽ യോഗ്യമായ ഒരു പ്ലാൻ (299 രൂപയ്ക്ക് മുകളിലുള്ളതോ 299 രൂപ പ്ലാൻ) ഉപയോഗിച്ച് റീചാർജ് ചെയ്താൽ അതുവഴി അവർക്ക് ജിയോഹോട്ട്‌സ്റ്റാർ ആക്‌സസ് തുടർന്നും ലഭിക്കും.

ജിയോയുടെ ശരാശരി വരുമാനം (ARPU) വർദ്ധിപ്പിക്കുന്നതിനും ജിയോഹോട്ട്സ്റ്റാറിനെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഈ ഓഫർ ജിയോയെ വളരെയധികം സഹായിക്കുന്നു. ഇപ്പോൾ ഏപ്രിൽ 15 വരെ എന്നാണ് അറിയിച്ചിട്ടുള്ളത് എങ്കിലും ഐപിഎൽ ആവേശം അതുകഴിഞ്ഞും തുടരും എന്നതിനാൽ ജിയോയും ഈ ഓഫർ ഏപ്രിൽ 15ന് ശേഷവും നൽകുമോയെന്ന് കണ്ടറിയണം.
299 രൂപയിൽ താഴെ വിലയുള്ള ജിയോ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്തുപോയ വരിക്കാർക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വേണമെങ്കിൽ 100 രൂപയുടെ ആഡ്-ഓൺ പായ്ക്ക് ലഭ്യമാണ്. ഇത് ഐപിഎൽ കണക്കിലെടുത്ത് അടുത്തിടെ ജിയോ അവതരിപ്പിച്ചതാണ്. ആകെ 5ജിബി ഡാറ്റയും 30 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കും. ഇതൊരു ഡാറ്റ പ്ലാൻ ആണ്.
100 രൂപയുടെ ഡാറ്റ പ്ലാൻ കൂടാതെ, 195 രൂപയുടെ ഒരു ക്രിക്കറ്റ് സ്പെഷൽ ഡാറ്റ പ്ലാനും ജിയോ പുറത്തിറക്കിയിട്ടുണ്ട്. അതിൽ 90 ദിവസത്തെ വാലിഡിറ്റിയിൽ 15 ജിബി ഡാറ്റയും ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും അടങ്ങുന്നു. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമല്ല, പോസ്റ്റ്പെയ്ഡ് മൊബൈൽ വരിക്കാർക്കായും ജിയോ ക്രിക്കറ്റ് ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്.

ജിയോ പ്രീപെയ്ഡ് വരിക്കാരെ സംബന്ധിച്ചിടത്തോളം 299 രൂപയോ അതിന് മുകളിലോ ഉള്ള പ്രീപെയ്ഡ് പ്ലാനുകളിലും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അധിക ആനുകൂല്യമായി ലഭിക്കും. എന്നാൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലേക്ക് വന്നാൽ അവിടെ എല്ലാ പ്ലാനുകൾക്ക് ഒപ്പവും 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ/ ടിവി സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. പക്ഷേ ജിയോഹോട്ട്സ്റ്റാർ ആനുകൂല്യം ലഭിക്കുന്നതിന് ബിൽ തീയതിയിലോ അതിനു മുമ്പോ അവരുടെ ബിൽ/ ക്ലിയർ കുടിശ്ശികകൾ അടയ്ക്കണം.


Click it and Unblock the Notifications