ചീപ്പാണ്, പക്ഷേ അത്ര 'ചീപ്പല്ല'! ഏറ്റവും വില കുറഞ്ഞ ജിയോ 5G പ്ലാൻ ശരിക്കും വില കുറഞ്ഞതാണോ? ഉത്തരം ഇതാ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) 5ജി സേവനങ്ങൾ ഇതിനകം രാജ്യമെമ്പാടുമായി എല്ലാ ടെലിക്കോം സർക്കിളുകളിലും ആരംഭിച്ചിട്ടുണ്ട്. എങ്കിലും പൂർണ്ണമായി 5ജി എല്ലായിടത്തും എത്തിയിട്ടില്ല, അതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. 5ജി സേവനം ലഭ്യമാക്കിയതിനൊപ്പം, നിലവിൽ മികച്ച ഡീലുകളും 5ജി ഉപയോക്താക്കൾക്കായി ജിയോ മുന്നോട്ട് വച്ചിട്ടുണ്ട്. ജിയോ 5ജി സൗജന്യമാണ് എന്ന് പറയുമെങ്കിലും 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ മാത്രമേ ഈ അൺലിമിറ്റഡ് 5ജി ലഭ്യമാകൂ എന്നതാണ് നിബന്ധന.
ഏറ്റവും കുറഞ്ഞ വിലയിൽ അൺലിമിറ്റഡ് 5ജി ലഭ്യമാകുന്ന ജിയോ 5ജി പ്ലാൻ 198 രൂപ വിലയിൽ എത്തുന്നു. ഇത് ഇന്ത്യയിലെ തന്നെ 5ജി ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ പ്ലാനാണ്. ഇന്ത്യയിലുടനീളമുള്ള ജിയോ ഉപഭോക്താക്കൾക്ക് കുറഞ്ഞ വാലിഡിറ്റിയിലാണെങ്കിലും അൺലിമിറ്റഡ് 5ജി ലഭ്യമാകാൻ ഈ പ്ലാൻ ഉപയോഗപ്പെടുത്താൻ കഴിയുന്നു.

ജിയോ 5ജി ലഭ്യമായ പ്രദേശത്തെ ജിയോ ഉപയോക്താക്കൾക്ക് 5ജി ഫോൺ ഉണ്ടെങ്കിൽ അൺലിമിറ്റഡ് ഡാറ്റ ഹൈ സ്പീഡിൽ ഉപയോഗിക്കാൻ കഴിയും എന്നതാണ് ജിയോ 5ജി ഓഫറിന്റെ പ്രത്യേകത. അവിടെ ഡാറ്റയുടെ പരിധിയെക്കുറിച്ച് ആശങ്കപ്പെടാതെ തന്നെ ഉപയോക്താവിന് ഇന്റർനെറ്റ് ആവശ്യങ്ങൾ മികച്ച രീതിയിൽ നിറവേറ്റി മുന്നോട്ട് പോകാൻ സാധിക്കും.
198 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന ജിയോയുടെ 2ജിബി പ്രതിദിന ഡാറ്റ പ്ലാൻ ആണ് ഇത്. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 14 ദിവസമാണ് ഈ ജിയോ പ്ലാനിന്റെ വാലിഡിറ്റി.

ജിയോടിവിയുടെയും ജിയോഎഐക്ലൗഡിന്റെയും ആഡ്- ഓൺ ആനുകൂല്യങ്ങളും 198 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ഉൾപ്പെടുന്നു. എയർടെൽ, വോഡഫോൺ ഐഡിയ (Vi) പോലുള്ള കമ്പനികൾ അൺലിമിറ്റഡ് 5G എന്ന് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പ്രതിമാസം ഉപയോഗിക്കാവുന്ന 5ജി ഡാറ്റയുടെ അളവ് പ്രതിമാസം 300GB ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ജിയോ അത്തരം പരിധികൾ നിശ്ചയിച്ചിട്ടില്ല.
അതിനാൽ മറ്റ് കമ്പനികളുടെ അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാനുകളെക്കാൾ ഈ വില കുറഞ്ഞ ജിയോ 5ജി ഡാറ്റ ഓഫർ പ്ലാൻ മികച്ചതാണ്. ഇന്ത്യയിൽ ഏറ്റവും ചീപ് റേറ്റിൽ അൺലിമിറ്റഡ് 5ജി ലഭ്യമാക്കുന്ന പ്രീപെയ്ഡ് പ്ലാനാണ് 198 രൂപയുടെ ജിയോ പ്ലാൻ എന്നത് ശരിയാണ്, പക്ഷേ മറ്റ് ജിയോ പ്ലാനുകളുമായി താരതമ്യം ചെയ്താൽ ഈ പ്ലാൻ അത്ര ചീപ്പല്ല.
പ്രതിദിനം 14.14 രൂപയാണ് ജിയോ 198 രൂപ പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താവിന് ചെലവാകുക. എന്നാൽ ഇതിന്റെ തൊട്ടടുത്ത ഓപ്ഷനും ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ ലഭ്യമാകുന്നതുമായ 349 രൂപയുടെ ജിയോ പ്ലാൻ ഇതിനെക്കാൾ ലാഭകരമാണ്. പ്രതിദിനം 12.46 രൂപയാണ് 349 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ്.

ജിയോ 349 രൂപ പ്ലാൻ പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, 28 ദിവസ വാലിഡിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ജിയോടിവി, ജിയോ ക്ലൗഡ് സബ്സ്ക്രിപ്ഷനുകളും ഉണ്ട്. അതിനാൽ ഒരുമിച്ച് 349 രൂപ ചെലവഴിക്കാൻ കഴിയുന്ന ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം 349 രൂപയുടെ പ്ലാനാണ് ലാഭകരം.
എന്നാൽ പണം കൈയിൽ കുറവാണെങ്കിലും 5ജി ഡാറ്റ ഓഫർ വേണമെങ്കിൽ 198 രൂപയുടെ പ്ലാൻ തന്നെ ആശ്രയം. ഡാറ്റ ഉപയോഗം അധികമുണ്ടെങ്കിൽ കുറഞ്ഞ എക്സ്ട്രാ ഡാറ്റ പ്ലാനിന് തുക മുടക്കാതെ ആവശ്യത്തിന് ഡാറ്റ ഉപയോഗിക്കാൻ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുള്ള പ്ലാനുകൾ ജിയോ വരിക്കാർക്ക് തെരഞ്ഞെടുക്കാവുന്നതാണ്.


Click it and Unblock the Notifications







