കുടുംബത്തിന് സുഖമായി അടിച്ചുപൊളിച്ച് കഴിയാം! VI പുതിയ പ്ലാൻ അവതരിപ്പിച്ചു, നെറ്റ്ഫ്ലിക്സും ആമസോണും ഉണ്ട്
കണക്കുകളിൽ വരിക്കാരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഇന്ത്യൻ ടെലിക്കോം രംഗത്ത് ഇപ്പോഴും പ്രധാന ശക്തി തന്നെയാണ് വൊഡാഫോൺ ഐഡിയ (VI). പ്രീപെയ്ഡിനെക്കാളുപരി പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കാണ് വിഐയോട് താൽപ്പര്യം കൂടുതലുള്ളത്. എയർടെൽ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം പോസ്റ്റ്പെയ്ഡ് വരിക്കാർ ഉള്ള കമ്പനിയും വിഐ ആണ്. പോസ്റ്റ്പെയ്ഡ് വരിക്കാർക്കിടയിൽ തങ്ങൾക്കുള്ള സ്വാധീനം നിലനിർത്താൻ വിഐ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പോസ്റ്റ്പെയ്ഡ് വരിക്കാരാണ് വിഐയെ വീഴാതെ താങ്ങി നിർത്തിയിരിക്കുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല. കഴിഞ്ഞ ദിവസം വിഐ പോസ്റ്റ്പെയ്ഡ് വരിക്കാർക്കായി ഒരു പുതിയ ഫാമിലി പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുന്നു.
871 രൂപ വിലയിലാണ് പുതിയ വിഐ മാക്സ് ഫാമിലി പ്ലാൻ എത്തിയിരിക്കുന്നത് (Vi Max Family Plan at Rs 871). ഒരു ഫാമിലി പ്ലാനിന് കീഴിൽ എട്ട് സെക്കൻഡറി അംഗങ്ങളെ വരെ അനുവദിക്കാൻ അടുത്തിടെ വിഐ തീരുമാനിച്ചിരുന്നു. ആ തീരുമാനത്തിനെ പിന്തുണച്ചുകൊണ്ട് എത്തിയിരിക്കുന്ന ഒരു പ്ലാനാണ് ഇതെന്ന് പറയാം.

871 രൂപ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിൽ പ്രധാനമായും രണ്ട് കണക്ഷനുകൾ ഉൾപ്പെടുന്നു - ഒരു പ്രൈമറി കണക്ഷനും ഒരു സെക്കൻഡറി കണക്ഷനും. ഇത് കൂടാതെ ഒരു കണക്ഷന് 299 രൂപ അധിക ചിലവിൽ എട്ട് സെക്കൻഡറി അംഗങ്ങളെ വരെ ഈ ഫാമിലി പ്ലാൻ പിന്തുണയ്ക്കുന്നുണ്ട്.
അതായത് ഒരൊറ്റ പ്ലാനിന് കീഴിൽ ബണ്ടിൽ ചെയ്ത ഡാറ്റ, എന്റർടെയ്ൻമെന്റ്, സുരക്ഷാ സേവനങ്ങൾ എന്നിവ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് അനുയോജ്യമായ വിധത്തിലാണ് 871 രൂപയുടെ വിഐ മാക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ എത്തിയിരിക്കുന്നത്. മറ്റൊരു പ്രധാന പ്രത്യേകത എന്തെന്നാൽ നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും അടക്കമുള്ള ഒടിടി സബ്സ്ക്രിപ്ഷനുകൾ ഇതിൽ അടങ്ങുന്നു എന്നതാണ്.

871 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ഈ പ്ലാനിൽ രണ്ട് കണക്ഷനുകൾ ഉൾപ്പെടുന്നു എന്ന് ഇതിനകം വിശദമാക്കിയിട്ടുണ്ട്. ഈ കണക്ഷനുകൾക്കായി 120GB യുടെ സംയോജിത പ്രതിമാസ ഡാറ്റ പൂൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതിൽ പ്രാഥമിക ഉപയോക്താവിന് 70 ജിബി ഡാറ്റ്യും, സെക്കൻഡറി ഉപയോക്താവിന് 40 ജിബി ഡാറ്റയും ഇതിന് പുറമേ 10 ജിബി അധിക ഷെയർ ഡാറ്റയും ഉൾപ്പെടുന്നു.
അൺലിമിറ്റഡ് കോളിങ്, പ്രതിമാസം 3000 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഇതിന് പുറമേ രാവിലെ 12 മുതൽ രാവിലെ 6 വരെ അൺലിമിറ്റഡ് നൈറ്റ് ഡാറ്റയും, 400 ജിബി വരെ ഡാറ്റ റോൾഓവറും (ഒരു അംഗത്തിന് 200 ജിബി) വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്.
വി മൂവീസ് & ടിവി വഴി 18 ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസും ഈ വിഐ മാക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലെ നെറ്റ്ഫ്ലിക്സ് ബേസിക് സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരു ഡിവൈസിൽ (മൊബൈൽ/ ടിവി) കണ്ടന്റ് സ്ട്രീം ചെയ്യാം. നെറ്റ്ഫ്ലിക്‌സിന്റെ പൂർണ്ണ കാറ്റലോഗിലേക്കുള്ള ആക്‌സസ് ഈ സബ്‌സ്‌ക്രിപ്‌ഷനിൽ ഉൾപ്പെടുന്നു.

ഇത് കൂടാതെ 'ചോയ്‌സ്' എന്ന ഓപ്ഷൻ പ്രകാരം, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് എന്റർടെയ്ൻമെന്റ്, യാത്ര, മൊബൈൽ സുരക്ഷ എന്നിവയിൽനിന്ന് ഇഷ്ടപ്പെട്ട ആനുകൂല്യങ്ങൾ തിരഞ്ഞെടുക്കാം. എന്റർടെയ്മെന്റിൽ ആമസോൺ പ്രൈം, ജിയോഹോട്ട്‌സ്റ്റാർ, സോണിലൈവ് എന്നിവയിലൊന്ന് തിരഞ്ഞെടുക്കാം, അല്ലെങ്കിൽ വി മൂവീസ് & ടിവി പ്ലാറ്റ്‌ഫോം വഴി 17 ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് (സീ5, ഫാൻകോഡ്, ഡിസ്കവറി+, സോണിലൈവ്, ജിയോഹോട്ട്‌സ്റ്റാർ തുടങ്ങി നിരവധി പ്ലാറ്റ്ഫോമുകൾ ഉൾപ്പെടുന്നു) ആക്‌സസ് നേടാം.
നോർട്ടൺ മൊബൈൽ സെക്യൂരിറ്റി അല്ലെങ്കിൽ ഫ്ലൈറ്റ് യാത്രയിൽ ഡിസ്കൗണ്ട് ലഭ്യമാകുന്ന ഈസ്‌മൈട്രിപ്പ് ട്രാവൽ ബെനിഫിറ്റ് എന്നിവയിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഇതിലും കുറഞ്ഞ വിലയിൽ ഫാമിലി പ്ലാൻ തേടുന്നവർക്ക് 701 രൂപയുടെ പ്ലാനും ലഭ്യമാണ്. കൂടിയ പ്ലാനുകൾ വേണ്ടവർക്ക് 1201 രൂപ, 1401 രൂപ പോലുള്ള പ്ലാനുകളിലൊന്ന് തെരഞ്ഞെടുക്കാം.


Click it and Unblock the Notifications