ഒരു വർഷത്തേക്ക് ആളുകളെ സന്തോഷിപ്പിക്കുന്ന അംബാനിയുടെ ചീപ് പ്ലാൻ; വിലയും ആനുകൂല്യങ്ങളും
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ വരിക്കാർക്ക് രണ്ട് വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ് ലഭ്യമായിട്ടുള്ളത്. ജിയോ പ്ലാനുകളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പ്രത്യേക പ്ലാൻ വാലിഡിറ്റി കൂടുന്തോറും അതിന്റെ പ്രതിദിന ചെലവ് കുറയുകയും ലാഭം കൂടുകയും ചെയ്യും എന്നാണ്. അതായത് വാലിഡിറ്റി കൂടുന്തോറും പ്ലാൻ തുക വലുത് ആയിരിക്കും, എങ്കിലും യഥാർഥത്തിൽ അത് ലാഭകരമായിരിക്കുകയും ചെയ്യും. അതേസമയം ബിഎസ്എൻഎല്ലിന്റെ കാര്യമെടുത്താൽ പ്രതിമാസ പ്ലാനുകളുടെയും വാർഷിക പ്ലാനുകളുടെയുമൊക്കെ പ്രതിദിന ചെലവ് തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകില്ല. എന്നാൽ ജിയോയുടേതിൽ ദീർഘകാല വാലിഡിറ്റി പ്ലാനുകളിൽ ലാഭം കൂടുതലാണ്.
ജിയോയ്ക്ക് പ്രധാനമായും രണ്ട് വാർഷിക പ്രീപെയ്ഡ് പ്ലാനുകളാണ് ഉള്ളത്. അവ ഒരു വർഷത്തേക്ക് ഉപയോക്താവിന് വേണ്ട എല്ലാ ആനുകൂല്യങ്ങളും ആവശ്യത്തിന് വാഗ്ദാനം ചെയ്യുന്ന പ്ലാനുകളാണ്. അതിൽ ഏറ്റവും ചീപ് റേറ്റിൽ അംബാനി ലഭ്യമാക്കിയിരിക്കുന്ന വാർഷിക പ്രീപെയ്ഡ് പ്ലാനിന് 3599 രൂപയാണ് വില.

ടെലിക്കോം നിരക്കുകൾ പുതുക്കുന്നതിന് മുൻപ്, അതായത് 2024 ജൂലൈയിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ റീച്ചാർജ് നിരക്ക് വർധിപ്പിക്കുന്നതിന് മുമ്പ് ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ മികച്ച വാർഷിക പ്ലാനുകൾ നിലവിലുള്ളതിനെക്കാൾ മെച്ചപ്പെട്ട നിലയിൽ ലഭ്യമായിരുന്നു. എന്നാൽ നിരക്ക് വർധനയ്ക്ക് ശേഷം 3599 രൂപ, 3999 രൂപ എന്നീ വിലകളിലാണ് ജിയോയുടെ വാർഷിക പ്ലാനുകൾ ലഭ്യമായിരിക്കുന്നത്.
ഒറ്റയടിക്ക് ഒരു വലിയ തുക എടുക്കേണ്ടി വരും എന്നത് ആണ് ആളുകളെ വാർഷിക പ്രീപെയ്ഡ് പ്ലാനുകളിൽ നിന്ന് അകറ്റുന്നത്. എന്നാൽ യഥാർഥത്തിൽ പ്രതിമാസ പ്ലാനുകളോ ത്രൈമാസ പ്ലാനുകളോ അർധ വാർഷിക പ്ലാനുകളോ തെരഞ്ഞെടുക്കുന്നതിനെക്കാൾ ലാഭം വാർഷിക പ്രീപെയ്ഡ് പ്ലാനുകളിലാണ് ലഭ്യമാകുക. മാത്രമല്ല, ഇടയ്ക്ക് ഒരു നിരക്ക് വർധന ഉണ്ടായാലും പേടിക്കേണ്ടതുമില്ല.

ഇടയ്ക്കിടെ റീച്ചാർജ് ചെയ്യാനായി മെനക്കെടേണ്ടതില്ല എന്നതാണ് വാർഷിക പ്ലാനുകളുടെ മറ്റൊരു ഗുണം. ജിയോയുടെ വാർഷിക പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമായിരിക്കുന്ന 3599 രൂപയുടെ പ്ലാനിൽ 365 ദിവസ വാലിഡിറ്റിയാണ് ഉള്ളത്. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 2.5ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
ആകെ 912.5ജിബി ഡാറ്റ ഇതിൽ ലഭിക്കും. അതേസമയം ജിയോ 5ജി ലഭ്യമായിട്ടുള്ള പ്രദേശങ്ങളിലെ 5ജി ഫോൺ ഉള്ള വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ അധിക ആനുകൂല്യമായി ഈ പ്ലാൻ നൽകുന്നുണ്ട്. അതിനാൽ ഡാറ്റ പരിധിയെപ്പറ്റി ആശങ്കപ്പെടാതെ തന്നെ ഇഷ്ടം പോലെ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.
ജിയോടിവി, ജിയോക്ലൗഡ്, എന്നിവയും 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിൽ ലഭിക്കും. പ്രതിദിനം 9.86 രൂപയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്. 2ജിബി പ്രതിദിന ഡാറ്റ അടങ്ങുന്ന പ്രതിമാസ പ്ലാനിന് ജിയോ വരിക്കാർ 349 രൂപ മുടക്കണം. അതിന്റെ പ്രതിദിന ചെലവ് 11.63 രൂപയാണ്.

349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 28 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. ഒരു വർഷത്തേക്ക് ഈ പ്ലാൻ ഉപയോഗിക്കണമെങ്കിൽ വർഷത്തിൽ 12 തവണ റീച്ചാർജ് ചെയ്യേണ്ടിവരും. അതിന് ഏകദേശം 4,537 രൂപ വേണ്ടിവരും. അതായത് ജിയോയുടെ ഏറ്റവും ചെലവ് കുറഞ്ഞ വാർഷിക പ്ലാനിനെക്കാൾ 938 രൂപ അധികമായി ചെലവാകും. അതിനർഥം 349 രൂപയുടെ പ്ലാൻ സ്ഥിരമായി ഉപയോഗിക്കുന്നതിലും നേട്ടം 3599 രൂപയുടെ പ്ലാൻ ഒറ്റത്തവണ ഉപയോഗിക്കുന്നതാണ്. അതുവഴി 1000 രൂപയ്ക്കടുത്ത് ലാഭിക്കാം.


Click it and Unblock the Notifications








