കൂടിയത് 1GB ഡാറ്റ, വില കൂട്ടിയത് 39 രൂപ; വീണ്ടും പ്രീപെയ്ഡ് പ്ലാൻ നിരക്ക് വർധിപ്പിച്ച് വിഐ തന്ത്രം
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) പരോക്ഷമായി റീച്ചാർജ് നിരക്ക് വർധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ട്. നേരത്തെ 1999 രൂപയുടെ പ്ലാൻ പിൻവലിച്ച് നിസാര മാറ്റം മാത്രം വരുത്തി 2,249 രൂപയുടെ പ്ലാനായി വിഐ അവതരിപ്പിച്ചിരുന്നു. അതേ തന്ത്രം വീണ്ടും ഒരിക്കൽ കൂടി വിഐ പരീക്ഷിച്ചതിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. അടുത്തിടെ വിഐ 548 രൂപ വിലയിൽ ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. ഇതിനകം ലഭ്യമായിരുന്ന 509 രൂപയുടെ പ്ലാൻ പിൻവലിച്ചുകൊണ്ടാണ് വിഐ പുതിയ പ്ലാൻ അവതരിപ്പിച്ചത്.
ഫലത്തിൽ 509 രൂപയുടെ പ്ലാനിന് ഇപ്പോൾ 548 രൂപ നൽകണം, ഇവിടെ തുകയിൽ 39 രൂപയുടെ വലിയ വർധനവ് ഉണ്ടായിരിക്കുന്നു. എന്നാൽ ആനുകൂല്യങ്ങളിൽ ഉണ്ടായതാകട്ടെ വെറും 1 ജിബി ഡാറ്റയുടെ വർധനവ് മാത്രവും. വിഐയുടെ 509 രൂപ പ്ലാൻ മുൻപ് എന്താണ് നൽകിയിരുന്നത് എന്നും ഇപ്പോൾ 548 രൂപ പ്ലാൻ എന്താണ് നൽകുന്നത് എന്നും നോക്കാം.

509 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
അടുത്തിടെ വരെ ലഭ്യമായിരുന്ന 509 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ, കുറഞ്ഞ വിലയിൽ വാലിഡിറ്റി സഹിതം അൺലിമിറ്റഡ് കോളിങ് ആവശ്യങ്ങളുള്ള വരിക്കാരെ ലക്ഷ്യമിട്ടാണ് എത്തിയിരുന്നത്. അൺലിമിറ്റഡ് കോളിങ്, ആകെ 6GB ഡാറ്റ, 1000 എസ്എംഎസ് എന്നിവയായിരുന്നു ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഇവ ലഭ്യമായിരുന്നത്.
548 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
509 രൂപയുടെ പ്ലാനിൽ ചെറിയൊരു പരിഷ്കരണം മാത്രം വരുത്തി വിഐ അവതരിപ്പിച്ച പ്ലാനാണ് ഇപ്പോൾ 548 രൂപ വിലയിൽ വിഐ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ കാണുന്നത്. അൺലിമിറ്റഡ് കോളിങ്, 7ജിബി ഡാറ്റ, 1000 എസ്എംഎസ്, 84 ദിവസ വാലിഡിറ്റി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

ഇവിടെ ഇരു പ്ലാനുകളും തമ്മിലുള്ള വില വ്യത്യാസം 39 രൂപയാണ്. ആനുകൂല്യങ്ങളിൽ വന്ന വ്യത്യാസമാകട്ടെ 1ജിബി ഡാറ്റ കൂടി എന്നതും. പഴയ 509 രൂപയുടെ വിഐ പ്ലാനിന്റെ പ്രതിദിന ചെലവ് 6.05 രൂപയായിരുന്നു. പുതിയ 548 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 6.52 രൂപയാണ്.
അതായത് ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം നിരക്ക് വർധന ആണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ഡയറക്ടായി നിരക്ക് വർധിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വരുമാനം വർധിപ്പിക്കാൻ ടെലിക്കോം കമ്പനികൾ ഇത്തരത്തിൽ പ്ലാനുകളിൽ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി പുതിയ വിലയിൽ അവതരിപ്പിക്കുന്നു. ഇത് കൂടാതെ പ്രത്യക്ഷ നിരക്ക് വർധന ഇനി ഉണ്ടാകുമോയെന്ന് കാത്തിരുന്ന് കാണണം.
അടുത്തിടെ നടന്ന ഒരു ഏർണിങ് കോളി നിരക്ക് വർധന സംബന്ധിച്ച് "കാത്തിരുന്ന് കാണാം" എന്നായിരുന്നു വിഐയുടെ സിഇഒയുടെ പ്രതികരണം. ഡയറക്ടായി ഒരു നിരക്ക് വർധന നടപ്പാക്കുന്നതിന് റിലയൻസ് ജിയോയ്ക്ക് താൽപര്യമില്ല. അതിനാൽത്തന്നെ എയർടെലിനും വിഐക്കും മാത്രമായി ഒരു പ്രത്യക്ഷ നിരക്ക് വർധന പ്രഖ്യാപിക്കാനും കഴിയില്ല.

കാരണം ജിയോ നിരക്ക് വർധിപ്പിക്കാതിരിക്കുകയും മറ്റ് രണ്ട് സ്വകാര്യ കമ്പനികളും നിരക്ക് വർധിപ്പിക്കുകയും ചെയ്താൽ അത് വരിക്കാർ ജിയോയിലേക്ക് പോർട്ട് ചെയ്ത് പോകുന്നതിന് കാരണമാകാൻ സാധ്യതയുണ്ട്. എന്നാൽ ഡയറക്ടായി വില വർധിപ്പിക്കാൻ തയാറല്ലെങ്കിലും നിലവിലുള്ള പ്ലാനുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തി പരോക്ഷമായി നിരക്ക് കൂട്ടി വരുമാനം വർധിപ്പിക്കാനുള്ള നീക്കങ്ങൾ ജിയോയും നടത്താറുണ്ട്.


Click it and Unblock the Notifications








