മാറ്റങ്ങൾ വന്നു! ഒരുപാട് നാൾ വാലിഡിറ്റി വേണ്ടവർക്ക് ലഭ്യമായ ടോപ് 3 ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ
ഇന്ത്യയിലെ ഏക പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളെക്കാൾ നിരക്ക് കുറച്ച് മികച്ച ആനുകൂല്യങ്ങൾ അടങ്ങുന്ന റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്തുവന്നിരുന്നു. എന്നാൽ അടുത്തിടെ ബിഎസ്എൻഎൽ തങ്ങളുടെ ഏതാണ്ട് എട്ടോളം പ്രീപെയ്ഡ് പ്ലാനുകൾ ഒറ്റയടിക്ക് പരിഷ്കരിക്കുകയുണ്ടായി. സെപ്റ്റംബറിന്റെ തുടക്കത്തിൽ 5 പ്ലാനുകളിലെ വാലിഡിറ്റി കുറച്ചത് ആയിരുന്നു അടുത്ത കാലത്ത് ബിഎസ്എൻഎൽ നടത്തിയ പ്രധാന മാറ്റം. എന്നാൽ സെപ്റ്റംബറിലെ പ്ലാൻ പരിഷ്കരണത്തെയും കടത്തിവെട്ടി അടുത്തകാലത്ത് ബിഎസ്എൻഎല്ലിൽ ഉണ്ടായ ഏറ്റവും വലിയ പ്ലാൻ പരിഷ്കരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
പല പ്ലാനുകളുടെയും വാലിഡിറ്റി കുറച്ചു, ചിലതിൽ ഡാറ്റ കൂട്ടി, ചിലതിൽ ഡാറ്റ കുറച്ചു... ഈ പറഞ്ഞ മാറ്റങ്ങളൊക്കെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി തന്നെയാണ് ബിഎസ്എൻഎൽ ചെയ്തിരിക്കുന്നത്. പക്ഷേ സ്വകാര്യ കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്താൽ ഇപ്പോഴും ബിഎസ്എൻഎൽ പ്ലാനുകൾ തന്നെയാണ് ലാഭകരം.

അതായത് യൂസർ ഫ്രണ്ട്ലി റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ തങ്ങൾക്കുള്ള സൽപ്പേരിനും ആധിപത്യത്തിനും കോട്ടം തട്ടാത്ത വിധത്തിലുള്ള പ്ലാൻ പരിഷ്കരണമാണ് ബിഎസ്എൻഎൽ നടത്തിയത്. ഇപ്പോൾ വിലയിൽ മാറ്റം വന്നിട്ടില്ലെങ്കിലും പ്ലാനുകളിലെ ആനുകൂല്യങ്ങൾ ആകെ മാറിയിരിക്കുന്നു. അതിനാൽ റീച്ചാർജിന് തയാറെടുക്കുന്ന ബിഎസ്എൻഎൽ വരിക്കാർ പുതിയ മാറ്റങ്ങളെക്കുറിച്ച് മനസിലാക്കി വേണം റീച്ചാർജ് ചെയ്യാൻ.
പുതിയ മാറ്റങ്ങൾ മനസിലാകാതെ റീച്ചാർജ് ചെയ്താൽ സ്ഥിര ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളായിരിക്കില്ല ഒരുപക്ഷേ ലഭിക്കുക. ഉദാഹരണത്തിന് 897 രൂപയുടെ പ്ലാൻ സ്ഥിരമായി റീച്ചാർജ് ചെയ്തുകൊണ്ടിരിക്കുന്ന ഒരാൾ 180 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ച് ഇപ്പോൾ അതേ പ്ലാൻ ചെയ്താൽ പുതിയ പ്ലാൻ പരിഷ്കരണത്തിന്റെ ഫലമായി അയാൾക്ക് 165 ദിവസ വാലിഡിറ്റിയിൽ മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കൂ.

ഇത്തരത്തിൽ പല ബിഎസ്എൻഎൽ പ്ലാനുകളിലെയും ആനുകൂല്യങ്ങൾ അടിമുടി മാറിയിട്ടുണ്ട്. ഈ മാറ്റങ്ങളെക്കുറിച്ച് അറിയാനും പ്ലാനുകൾക്ക് ഒപ്പം എന്തെങ്കിലും ഓഫറുകൾ ഉണ്ടെങ്കിൽ അതേപ്പറ്റി അറിയാനും ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. ഇത് ഡിസ്കൗണ്ട് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കും. പ്ലാനുകളിൽ മാറ്റങ്ങൾ വന്ന സാഹചര്യത്തിൽ ഇപ്പോൾ, 300 ദിവസമോ അതിന് മുകളിലോ വാലിഡിറ്റി ലഭിക്കുന്ന ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ ഏതൊക്കെയുണ്ട് എന്ന് ഇവിടെ പരിചയപ്പെടാം.
365 ദിവസ വാലിഡിറ്റിയുള്ള ബിഎസ്എൻഎൽ പ്ലാൻ
ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം നിലവിൽ ഏറ്റവുമധികം വാലിഡിറ്റി ലഭിക്കുന്ന റീച്ചാർജ് പ്ലാൻ 2399 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനാണ്. ഇത് 365 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎല്ലിന്റെ ഇപ്പോൾ ലഭ്യമായിട്ടുള്ള ഏക വാർഷിക പ്ലാനും ഇത് തന്നെ.
330 ദിവസ വാലിഡിറ്റിയുള്ള ബിഎസ്എൻഎൽ പ്ലാൻ
ബിഎസ്എൻഎൽ 1999 രൂപ പ്രീപെയ്ഡ് പ്ലാൻ 330 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകുന്നു. അൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിൽ ഇപ്പോൾ ലഭിക്കുക. മുൻപ് 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ ആനുകൂല്യങ്ങൾ നൽകിയിരുന്നു. എന്നാൽ സെപ്റ്റംബറിലെ പ്ലാൻ പരിഷ്കരണത്തിന് ശേഷം ഇതിന്റെ വാലിഡിറ്റി, ഡാറ്റ എന്നിവ കുറയ്ക്കപ്പെടുകയായിരുന്നു.

300 ദിവസ വാലിഡിറ്റിയുള്ള ബിഎസ്എൻഎൽ പ്ലാൻ
365 ദിവസ പ്ലാൻ, 330 ദിവസ പ്ലാൻ എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം വാലിഡിറ്റി ലഭിക്കുന്ന മൂന്നാമത്തെ പ്രീപെയ്ഡ് പ്ലാൻ 300 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 1499 രൂപയുടെ പ്ലാനാണ്. ഇതിൽ അൺലിമിറ്റഡ് കോളിങ്, 32ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുക. കഴിഞ്ഞ ദിവസം പരിഷ്കരിക്കുന്നതിന് മുൻപ് വരെ ഈ പ്ലാൻ 336 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ നൽകിയിരുന്നത്.


Click it and Unblock the Notifications








