പുതിയതല്ല, പക്ഷേ എതിരാളികൾക്ക് ഇവൻ ആള് ഇത്തിരി പ്രശ്നക്കാരനാ! വിഐയുടെ കലക്കൻ 180 ദിവസ പ്ലാൻ
ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിൽ ഒന്നാണ് വൊഡാഫോൺ ഐഡിയ (VI). എതിരാളികളായ ജിയോ, എയർടെൽ എന്നിവയിൽ നിന്ന് വിഐ കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. ജിയോ, എയർടെൽ എന്നിവ 5ജി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം വിഐക്ക് 5ജി അവതരിപ്പിക്കാനായില്ല. അതിനാൽത്തന്നെ നിരവധി വിഐ വരിക്കാർ ഇതിനോടകം കണക്ഷൻ ഉപേക്ഷിച്ച് ജിയോ, എയർടെൽ എന്നിവയിലേക്ക് പോയി. എങ്കിലും മികച്ച റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിക്കൊണ്ട് പിടിച്ചുനിൽക്കാൻ വിഐ ശ്രമിച്ചുവരുന്നു. അതിന്റെ ഭാഗമായി ചില ബജറ്റ് ഫ്രണ്ട്ലി റീച്ചാർജ് ഓപ്ഷനുകൾ വിഐ നൽകുന്നുണ്ട്.
ആളുകളെ സംബന്ധിച്ചിടത്തോളം ഡാറ്റയ്ക്ക് മികച്ച വേഗത ഉണ്ടായാൽ മതി, അത് 4ജിയാണോ, 5ജിയാണോ എന്നതിൽ വലിയ കാര്യമില്ല. വിഐയെ സംബന്ധിച്ചിടത്തോളം 5ജി ഇല്ല എങ്കിലും വിഐയുടെ 4ജി സേവനങ്ങൾ ഏറ്റവും മികച്ച വേഗത തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ ഉപയോക്താക്കൾക്ക് മികച്ച വേഗതയിൽ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കുന്നു.

ജിയോ, എയർടെൽ വരിക്കാരെ സംബന്ധിച്ചിടത്തോളം 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റ അടങ്ങുന്ന പ്ലാനുകൾക്കൊപ്പം മാത്രമേ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകൂ. അതിനാൽ 2ജിബിയിൽ താഴെ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളുടെ കാര്യത്തിൽ എല്ലാ സ്വകാര്യ കമ്പനികളും ഏതാണ്ട് ഒരുപോലെ തന്നെയാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
മികച്ച വാലിഡിറ്റിയിൽ അത്യാവശ്യം ഡാറ്റ സഹിതമുള്ള ആനുകൂല്യങ്ങൾ അടങ്ങുന്ന റീച്ചാർജ് ഓപ്ഷനുകൾ തേടുന്ന വരിക്കാർക്കായി വിഐ 180 ദിവസ വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. അൺലിമിറ്റഡ് കോളിങ് സൗകര്യം സഹിതമാണ് ഈ പ്ലാൻ എത്തുന്നത്. 1,749 രൂപയാണ് ഈ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ വില.

വിഐ 1749 രൂപ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവ 180 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകും. പ്രതിദിനം 1.5ജിബി എന്ന ക്വാട്ട പിന്നിട്ടാൽ ഡാറ്റ വേഗത 64 Kbps ആയി കുറയും.
രാത്രി 12 മുതൽ പുലർച്ചെ 6 വരെ അൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ലഭ്യമാക്കുന്ന ബിങ് ഓൾനൈറ്റ് ഓഫർ, പ്രവൃത്തി ദിവസങ്ങളിൽ ഉപയോഗിക്കാത്ത പ്രതിദിന ഡാറ്റ ലഭ്യമാക്കുന്ന വീക്കെൻഡ് ഡാറ്റ റോളോവർ ഓഫർ, ഡാറ്റ ഡിലൈറ്റ്സ് എന്നീ വിഐ ഹീറോ ആനുകൂല്യങ്ങൾ അധിക ആനുകൂല്യമായി 1749 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും.
എതിരാളികളുടെ പ്രീപെയ്ഡ് പ്ലാനുകൾക്ക് കനത്ത വെല്ലുവിളി ഉയർത്താൻ കഴിയുന്ന വിധത്തിലുള്ള ആനുകൂല്യങ്ങൾ വിഐ 1749 രൂപയുടെ പ്ലാനിൽ നൽകുന്നുണ്ട്. ജിയോയ്ക്കും എയർടെലിനും നിലവിൽ 180 ദിവസ വാലിഡിറ്റിയുള്ള ഇത്തരമൊരു പ്ലാൻ ഇല്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ്.

180 ദിവസ പ്ലാനിന്റെ കാര്യത്തിലും വിഐ പ്ലാനുകൾക്ക് ഒരു എതിരാളി ഉണ്ടെങ്കിൽ അത് ബിഎസ്എൻഎൽ മാത്രമാണ്. 180 ദിവസ വാലിഡിറ്റിയുള്ള ബിഎസ്എൻഎൽ പ്ലാൻ 897 രൂപ വിലയിലാണ് വരുന്നത്. അതായത് ചെലവ് നോക്കിയാൽ ബിഎസ്എൻഎൽ പ്ലാൻ ആണ് ലാഭം. എന്നാൽ അതിൽ ഡാറ്റയുടെ അളവ് അൽപ്പം കുറവാണ്.
897 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിങ്, 90 ജിബി ബൾക്ക് ഡാറ്റ ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ ബിഎസ്എൻഎൽ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 4 രൂപ 98 പൈസയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്. വിഐയുടെ പ്ലാനിനെ അപേക്ഷിച്ച് ഇതിൽ ഡാറ്റ കുറവാണ്. എന്നാൽ അതിനനുസരിച്ചുള്ള നിരക്ക് മാത്രമേ ബിഎസ്എൻഎൽ ഈടാക്കുന്നുള്ളൂ.


Click it and Unblock the Notifications








