99 രൂപയ്ക്ക് VI പ്ലാനിൽ ബ്ലൂ റിബൺ ബാഗ് സർവീസും; ബാഗ് നഷ്ടപ്പെടുകയോ വൈകുകയോ ചെയ്താൽ 19800 രൂപ നഷ്ടപരിഹാരം
ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിൽ ഒന്നായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം ഒരു പുതിയ സേവനം കൂടി ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നു. 99 രൂപയ്ക്ക് പോസ്റ്റ്‌പെയ്ഡ് ഐആർ (ഇന്റർനാഷണൽ റോമിങ്) പായ്ക്കുകൾക്കൊപ്പം ബ്ലൂ റിബൺ ബാഗ്സ് (Blue Ribbon Bags) സർവീസ് ലഭ്യമാകുമെന്ന് വിഐ അറിയിച്ചു. വിമാനയാത്രകളും മറ്റും നടത്തുന്ന വിഐ വരിക്കാർക്ക് ഇത് ഒരു മികച്ച സേവനം ആണ്. അടുത്തിടെ എയർടെലും തങ്ങളുടെ ചില റീച്ചാർജ് പ്ലാനുകൾക്കൊപ്പം ബ്ലൂ റിബൺ ബാഗ്സ് സേവനം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഐയും ഈ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്.
എന്താണ് ബ്ലൂ റിബൺ ബാഗ്സ്: ബ്ലൂ റിബൺ ബാഗ്സ് എന്നത് യാത്രക്കാർക്ക് മനസ്സമാധാനത്തോടെ പറക്കാൻ അനുവദിക്കുന്ന ഒരു ബാഗേജ് സേവനമാണ്. യുഎസ് ആസ്ഥാനമായുള്ള ബാഗേജ് കൺസേർജ് സേവനമായ ബ്ലൂ റിബൺ ബാഗ്‌സാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഇപ്പോൾ വിഐ ഇവരുമായി സഹകരിച്ചുകൊണ്ടാണ് ബ്ലൂ റിബൺ ബാഗ്സ് സേവനം 99 രൂപയ്ക്ക് എല്ലാ പോസ്റ്റ്‌പെയ്ഡ് ഇന്റർനാഷണൽ റോമിംഗ് പാക്കുകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ സേവനം കൂടി ഉൾപ്പെടുത്തിയതോടെ വിഐയുടെ ഇന്റർനാഷണൽ റോമിങ് പ്ലാനുകളുടെ പ്രാധാന്യം വർധിച്ചിട്ടുണ്ട്. വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം ഇത് ലാഭകരമായ ഡീൽ ആണ്. എന്തുകൊണ്ടെന്നാൽ, യാത്രയ്ക്കടിയിൽ ലഗേജ് വൈകുകയോ നഷ്ടപ്പെടുകയോ ചെയ്താൽ, പരാതി നൽകി 96 മണിക്കൂറിനുള്ളിൽ ഒരു ബാഗിന് 19,800 രൂപ നഷ്ടപരിഹാരം ലഭിക്കും.
ലഗേജുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ബ്ലൂ റിബൺ ബാഗ്സ് സർവീസ് ഉപയോക്താക്കളെ സഹായിക്കുന്നു. ഇതിന് മുൻപും വിഐ ബ്ലൂ റിബൺ ബാഗ്സുമായി സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ ആയിരുന്നു അത്. "ലഗേജ് നഷ്ടപ്പെടുകയോ വൈകുകയോ ചെയ്യുന്ന നിർഭാഗ്യകരമായ സാഹചര്യത്തിൽ വിഐയുടെ ലഗേജ് പ്രൊട്ടക്ഷൻ സേവനം ഉപഭോക്താക്കൾക്ക് ഒരു സുരക്ഷാബോധം നൽകുന്നു, ഇത് അവരുടെ യാത്ര ആശങ്കാരഹിതമാക്കുന്നു,"- വിഐ പറഞ്ഞു.

ബ്ലൂ റിബൺ ബാഗ്സ് സേവനം എങ്ങനെ ഉപയോഗിക്കണം: ഇന്റർനാഷണൽ റോമിംഗ് പായ്ക്ക് വാങ്ങുമ്പോൾ വിഐ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് 99 രൂപ അധികമായി നൽകി ബാഗേജ് പ്രൊട്ടക്ഷൻ സർവീസ് തെരഞ്ഞെടുക്കാം. ഇത് ആക്ടിവേറ്റ് ചെയ്യുന്നതിന് വിമാനം മുമ്പ് ബ്ലൂ റിബൺ ബാഗ്സ് രജിസ്ട്രേഷൻ ആവശ്യമാണ്.
ബാഗ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും: എയർലൈൻ അവരുടെ ലഗേജ് നഷ്ടപ്പെടുകയോ വൈകുകയോ ചെയ്‌താൽ, ലാൻഡിംഗ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ എയർലൈനിലും ബ്ലൂ റിബൺ ബാഗ്സിലും റിപ്പോർട്ട് സമർപ്പിക്കണം. ബ്ലൂ റിബൺ ബാഗ്സ് അവരുടെ ആഗോള നെറ്റ്‌വർക്കും ട്രാക്കിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ച് നഷ്ടപ്പെട്ട ലഗേജ് കണ്ടെത്തി വേഗത്തിൽ തിരികെ നൽകും.
നാല് ദിവസത്തിനുള്ളിൽ ലഗേജ് ഉപയോക്താവിന് തിരികെ നൽകാനായില്ലെങ്കിൽ, ബാഗ് നഷ്ടപ്പെട്ടതിന് കൂടുതൽ തെളിവ് ആവശ്യമില്ലാതെ തന്നെ കമ്പനി ഉപഭോക്താക്കൾക്ക് ഒരു ബാഗിന് 19,800 രൂപ വച്ച് (രണ്ട് ബാഗുകൾക്ക് വരെ) നഷ്ടപരിഹാരം നൽകും. ബാഗേജ് പ്രൊട്ടക്ഷൻ പ്ലാനിലെ ആനുകൂല്യമായി ചേർക്കുന്നത് ഉപഭോക്താക്കൾക്ക് സമഗ്രവും ആശങ്കരഹിതവുമായ ഒരു അന്താരാഷ്ട്ര യാത്രാ അനുഭവം നൽകാൻ ലക്ഷ്യമിട്ടാണെന്ന് വിഐ ആവർത്തിച്ച് വ്യക്തമാക്കുന്നു.

വിഐ ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ: 29 രാജ്യങ്ങളിലായി അൺലിമിറ്റഡ് ഡാറ്റയും കോളുകളും, 122-ലധികം രാജ്യങ്ങളിലേക്ക് പരിധിയില്ലാത്ത ഇൻകമിംഗ് കോളുകളും, വാട്ട്‌സ്ആപ്പ് വഴി 24 മണിക്കൂറും തത്സമയ ഏജന്റ് പിന്തുണയും ഉൾപ്പെടെ സമഗ്രമായ ആനുകൂല്യങ്ങൾ ലഭ്യമാകുന്ന വിധത്തിലാണ് വിഐയുടെ അന്താരാഷ്ട്ര റോമിംഗ് പ്ലാനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ വിദേശയാത്രകൾ നടത്തുന്നവർക്ക് ഈ പ്ലാനുകൾ ഏറെ പ്രയോജനപ്രദമാണ്.


Click it and Unblock the Notifications








