കളം മാറ്റി കളിച്ച് വിഐ! മുംബൈയിൽ അൺലിമിറ്റഡ് ഫ്രീ 5ജി, കേരളത്തിൽ എന്ന്..?
ടെലികോം കമ്പനികൾ മത്സരത്തിലാണ്. ഇന്ന് തുടങ്ങിയ മത്സരമല്ല, മൊബൈൽ ഫോണിന്റെ തുടക്കം മുതൽ തന്നെ ഈ കമ്പനികൾ പരസ്പരം മത്സരിക്കുകയാണ്. പുതിയ റീച്ചാർജ് പ്ലാൻ പുറത്തിറക്കിയും കൂടുതൽ നെറ്റ്‌വർക്ക് സൗകര്യങ്ങൾ നൽകിയും കമ്പനികൾ മത്സരിക്കുമ്പോൾ പുതിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ ഉപയോക്താക്കളും ഹാപ്പിയാണ്. എന്നാൽ ഇതിന്റെ തലങ്ങൾ മാറി വരുന്നുണ്ട്. ഇപ്പോൾ 5ജിയാണ് ട്രൻഡ്. വാരക്കോരി ഡാറ്റ കൊടുത്ത് ഉപയോക്താക്കളെ വരുതിയിലാക്കാനാണ് ഇപ്പോൾ കമ്പനികൾ ശ്രമിക്കുന്നത്. ഇപ്പോഴിതാ വിഐ (വൊഡാഫോൺ ഐഡിയ) 5ജി സേവനങ്ങൾ തുടങ്ങിവെച്ചിരിക്കുകയാണ്. തുടക്കം ഗംഭീരമാക്കി മുംബൈയിൽ അൺലിമിറ്റഡ് 5ജി സേവനങ്ങൾ ലഭിച്ചുതുടങ്ങി. ഇത്തിരി ലേറ്റായി വന്നാലും ലേറ്റസ്റ്റായി തന്നെ വിഐ വന്നിട്ടുണ്ട്.
ഇന്ത്യയിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതിൽ ജിയോ, എയർടെൽ തുടങ്ങിയ പ്രമുഖ ടെലികോം ഭീമന്മാർക്ക് ഏറെ പിന്നിലാണ് ബിഎസ്എൻഎല്ലും വിഐയും പ്രവർത്തിക്കുന്നത്. നിലവിലെ അവസ്ഥയാണ് ഇത് എങ്കിൽ ഭാവിയിൽ വൻ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് വിഐയുടെ 5ജി ഫ്രീ എന്ന കുതിച്ചുചാട്ടത്തിൽ നിന്ന് മനസ്സിലാക്കുന്നത്.

വിഐയുടെ 5ജി സേവനം ഇതര കമ്പനികൾക്ക് ഭീഷണിയാകും. നിലവിൽ ജിയോ, എയർടെൽ കമ്പനികൾ 5ജി സേവനങ്ങൾ നൽകുന്നുണ്ട്. ജിയോ അൺലിമിറ്റഡ് 5ജി സേവനങ്ങൾ നൽകി മാക്‌സിമം ഉപയോക്താക്കളെ കൈയിലെടുക്കാനുള്ള നീക്കത്തിലാണ്. ഇതിനിടയിലാണ് വിഐയുടെ ഈ വരവ്. ഇത് ഏതായാലും ടെലികോം കമ്പനികളുടെ മത്സരങ്ങൾക്ക് ചൂടുപിടിക്കുമെന്ന് ഉറപ്പാണ്.

ഏപ്രിൽ മാസത്തിൽ മുംബൈക്ക് പുറമെ ഡൽഹി, ബെംഗളൂരു, ചെന്നൈ, പട്ന എന്നിവയുൾപ്പെടെ കൂടുതൽ നഗരങ്ങളിലേക്ക് വിഐ 5ജി സേവനങ്ങൾ വ്യാപിപ്പിക്കാനും നീക്കമുണ്ട്. മൂന്ന് വർഷത്തോളമായി തങ്ങളുടെ 5ജി നെറ്റ്വർക്ക് പണിപ്പുരയിരുന്നു വിഐ. 2024 ഡിസംബറിൽ കമ്പനി പരീക്ഷണാർത്ഥം 17 നഗരങ്ങളിൽ 5ജി സേവനങ്ങൾ പുറത്തിറക്കിയിരുന്നു.

വിഐ 5ജി സേവനങ്ങൾ ലഭ്യമാക്കിത്തുടങ്ങിയതോടെ കേരളത്തിലെ ഉപയോക്താക്കളും പ്രതീക്ഷയലാണ്. എന്നാൽ വിഐ പുറത്തുവിട്ട പട്ടികയിൽ കേരളം ഇടംപിടിക്കാത്തതിനാൽ ഉടൻ തന്നെ സംസ്ഥാനത്ത് 5ജി ലഭിക്കാൻ സാധ്യതയില്ല. പക്ഷെ കാത്തിരിപ്പുകൾക്ക് അധികകാലം വേണ്ടി വരില്ല, കേരളത്തിലും വൈകാതെ വിഐയുടെ 5ജി സേവനങ്ങൾ ലഭിച്ച് തുടങ്ങും.
വിഐയുടെ 5ജി പ്ലാനുകൾ ജിയോയെക്കാളും എയർടെല്ലിനെക്കാളും വില കുറഞ്ഞവയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എതിരാളികളുടേതിനേക്കാൾ 15 ശതമാനം വില കുറച്ചാണ് പ്ലാനുകൾ അവതരിപ്പിക്കുക എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 299 രൂപ മുതൽ ആരംഭിക്കുന്ന പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി പ്ലാനുകളും 451 രൂപ മുതൽ ആരംഭിക്കുന്ന പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി പ്ലാനുകളും ലഭ്യമാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സൗജന്യ സേവനം അവസാനിക്കുന്നത് മുതൽ പ്ലാനുകളുടെ വിശദ വിവരങ്ങൾ ലഭ്യമായി തുടങ്ങും.


Click it and Unblock the Notifications








