പുതിയ വാർഷിക പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ അവതരിപ്പിച്ച് VI; വിലയും ആനുകൂല്യങ്ങളും
വൊഡാഫോൺ ഐഡിയ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി പുതിയ ഒരു റീച്ചാർജ് പ്ലാൻ വളരെ നിശബ്ദമായി അവതരിപ്പിച്ചിരിക്കുന്നു. കാര്യമായ പ്രചാരണങ്ങളൊന്നുമില്ലാതെ എത്തിയിരിക്കുന്ന പുതിയ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ വില 2249 രൂപയാണ്. ഇത് ഒരു വാർഷിക പ്രീപെയ്ഡ് പ്ലാനാണ്. എന്നാൽ വളരെയധികം ഡാറ്റ ഉപയോഗമുള്ള ഉപയോക്താക്കൾക്കായല്ല, മറിച്ച് ചെറിയ അളവിൽ ഡാറ്റ സഹിതം അൺലിമിറ്റഡ് കോളിങ്ങോടെ ഒരു ദീർഘകാല വാലിഡിറ്റി പ്ലാൻ തേടുന്നവർക്കായാണ് ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. കേരളത്തിലടക്കം ഇന്ത്യയിലെ ഏതാണ്ട് എല്ലാ ടെലിക്കോം സർക്കിളുകളിലും ഈ വിഐ പ്ലാൻ ലഭ്യമാണ്.
ഹിമാചൽ പ്രദേശ് ടെലിക്കോം സർക്കിളിൽ മാത്രം 2249 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ അൽപ്പം വ്യത്യസ്തമായിരിക്കും. അവിടെ 40ജിബി ബൾക്ക് ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. വീട്ടിലും ഓഫീസിലും വൈഫൈയുള്ള വിഐ വരിക്കാർക്ക് അനുയോജ്യമാണ് ഈ പുതിയ പ്രീപെയ്ഡ് പ്ലാൻ എന്ന് പറയാം. ഇതിലെ ആനുകൂല്യങ്ങൾ വിശദമായി പരിചയപ്പെടാം.

2249 രൂപയുടെ പുതിയ വിഐ പ്രീപെയ്ഡ് പ്ലാൻ
അൺലിമിറ്റഡ് കോളിങ്, ആകെ 30GB ഡാറ്റ, മൊത്തം 3600 എസ്എംഎസ് എന്നിവയാണ് 2249 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ. 365 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ന്യായമായ വിലയിൽ ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്ന വിഐ വരിക്കാർക്ക് വേണ്ടിയുള്ള ഒരു പ്ലാനാണിത്.
2249 രൂപയുടെ പുതിയ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 6.16 രൂപയാണ്. പ്രതിദിന ഡാറ്റ സഹിതമുള്ള വാർഷിക പ്രീപെയ്ഡ് പ്ലാനുകളെ അപേക്ഷിച്ച് ഈ പ്ലാനിന്റെ വില വളരെ കുറവാണ് എന്ന് കാണാനാകും. എന്നാൽ വിഐ വരിക്കാർ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ഇതിനെക്കാൾ കുറഞ്ഞ വിലയിലും ഒരു വിഐ വാർഷിക പ്രീപെയ്ഡ് പ്ലാൻ ഉണ്ട് എന്നതാണ് അത്.

1999 രൂപ വിലയിൽ വിഐ ഇതിനകം തന്നെ ഒരു പ്രീപെയ്ഡ് പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്, അത് ഒരു വാർഷിക പ്ലാൻ ആണ്. ചെറിയ അളവിൽ ഡാറ്റയും ദീർഘകാല വാലിഡിറ്റിയും വേണ്ടവർക്കായി അവതരിപ്പിക്കപ്പെട്ട പ്ലാനാണ് 1999 രൂപയുടേതും. പുതിയ 2249 രൂപയുടെ പ്ലാനിനെ അപേക്ഷിച്ച് 1999 രൂപയുടെ പ്ലാനിൽ ഡാറ്റ കുറച്ചുകൂടി കുറവാണ് എന്നതാണ് വ്യത്യാസം.
1999 രൂപയുടെ വിഐ പ്ലാനിലെ ആനുകൂല്യങ്ങൾ
അൺലിമിറ്റഡ് കോളിങ്, ആകെ 24ജിബി ഡാറ്റ, മൊത്തം 3600 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. നിശ്ചിത ഡാറ്റ ക്വാട്ട പൂർത്തിയായതിന് ശേഷമുള്ള ഡാറ്റ താരിഫ് 1എംബിക്ക് 50 പൈസ നിരക്കിൽ ഈടാക്കും. പോസ്റ്റ് എസ്എംഎസ് ക്വാട്ടയിൽ, ലോക്കൽ/എസ്ടിഡി എസ്എംഎസുകൾക്ക് 1/1.5 രൂപ ഈടാക്കും.
1999 രൂപയുടെ വിഐ വാർഷിക പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് ഏതാണ്ട് 5.47 രൂപയാണ്. 2249 രൂപയുടെ പ്ലാനിനെ അപേക്ഷിച്ച് നിരക്ക് കുറവ് ഈ പ്ലാനിന് തന്നെ. ഡാറ്റയുടെ അളവിൽ ഏതാണ്ട് 6GBയുടെ കുറവ് മാത്രമേ ഈ രണ്ട് പ്ലാനുകളും തമ്മിലുള്ളൂ എന്നതും ശ്രദ്ധിക്കുക.

1849 രൂപയുടെ VI പ്ലാൻ
1999 രൂപയുടെ പ്ലാനിനെക്കാളും കുറഞ്ഞ വിലയിൽ ഒരു വാർഷിക പ്രീപെയ്ഡ് പ്ലാനും വിഐക്ക് ഉണ്ട്. 1849 രൂപയുടെ പ്ലാനാണ് അത്. വിഐയുടെ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനാണ് ഇത്. അതായത് ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കൾക്കായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള വാർഷിക പ്രീപെയ്ഡ് പ്ലാനാണിത്. അൺലിമിറ്റഡ് കോളിങ്, ആകെ 3600 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നിവയാണിതിലെ പ്രധാന ആനുകൂല്യങ്ങൾ.


Click it and Unblock the Notifications








