ഗൾഫിനായി പ്രത്യേകം റോമിങ് പ്ലാൻ ഇറക്കി VI; ഹജ്ജിന് പോകുന്നവർക്ക് നേട്ടം!
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ തങ്ങളുടെ ഇന്റർനാഷണൽ റോമിങ് പ്ലാനുകളുടെ നിരയിലേക്ക് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നു. 1,199 രൂപ, 2,388 രൂപ വിലകളിലുള്ള പ്രീപെയ്ഡ് പ്ലാനും 2500 രൂപ, 4500 രൂപ വിലകളിലുള്ള പോസ്റ്റ്പെയ്ഡ് പ്ലാനും ആണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് ഇൻകമിംഗ് കോൾ വാഗ്ദാനം ചെയ്യുന്നു. 20, 40 ദിവസ കാലയളവിലേക്കായി ഗൾഫ് മേഖലയിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ പ്ലാനുകൾ ഏറെ അനുയോജ്യം. ഈ വർഷം ഇന്ത്യയുടെ ഹജ്ജ് തീർത്ഥാടന ക്വാട്ട 1,75,000-ൽ അധികമാണ്.
അതിനാൽ വരുംദിവസങ്ങളിൽ ഇന്ത്യയിൽ നിന്ന് ഗൾഫിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം വലിയ തോതിൽ ഉയരും. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് വിഐ പുതിയ റോമിങ് പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നത്. ഈ പുതിയ പ്ലാനുകൾ ഉപയോഗപ്പെടുത്തുന്നതിലൂടെ തീർഥാടകർക്കും മറ്റ് ഉപയോക്താക്കൾക്കും ഉയർന്ന അന്താരാഷ്ട്ര റോമിംഗ് നിരക്കുകൾ നൽകാതെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കാമെന്ന് വിഐ ചൂണ്ടിക്കാട്ടുന്നു.

20 ദിവസവും 40 ദിവസവും വാലിഡിറ്റിയുള്ള പ്ലാനുകളാണ് പുതിയതായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. തീർത്ഥാടകർക്ക് ഇതിൽനിന്ന് തങ്ങൾക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാം. 1,199 രൂപയുടെ വിഐ പ്രീപെയ്ഡ് ഇന്റർനാഷണൽ റോമിങ് പ്ലാനിൽ അൺലിമിറ്റ്ഡ് ഇൻകമിംഗ് കോളുകൾ, 2GB ഡാറ്റ, 150 ഔട്ട്‌ഗോയിംഗ് മിനിറ്റ്, എസ്എംഎസ് (ഒന്നിന് 15 രൂപ) എന്നിവ ലഭിക്കും. 20 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
2,388 രൂപയുടെ വിഐ പ്രീപെയ്ഡ് ഐആർ പ്ലാനിൽ അൺലിമിറ്റഡ് ഇൻകമിങ് കോൾ, 4GB ഡാറ്റ, 300 ഔട്ട്‌ഗോയിംഗ് മിനിറ്റ്, എസ്എംഎസ് (ഒന്നിന് 15 രൂപ) എന്നീ ആനുകൂല്യങ്ങൾ ആണ് ലഭിക്കുക. 40 ദിവസം വാലിഡിറ്റിയിൽ ആണ് ഈ ഐആർ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക.

നിശ്ചിത കോളിങ്, ഡാറ്റ പരിധികൾ പിന്നിട്ടാൽ ഔട്ട്‌ഗോയിംഗ് കോൾ നിരക്കുകൾ മിനിറ്റിന് 10 രൂപയും ഡാറ്റ നിരക്കുകൾ MB -ക്ക് 10 രൂപയും ആയിരിക്കും. ഈ രണ്ട് വിഐ ഐആർ പ്രീപെയ്ഡ് പ്ലാനുകളും സൗദി അറേബ്യ, യുഎഇ എന്നിവയ്ക്ക് പുറമേ ഇറാഖിലും ഉപയോഗിക്കാനാകും.
വിഐയുടെ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ കാര്യമെടുത്താൽ, 2500 രൂപയുടെ പോസ്റ്റ്പെയ്ഡ് ഐആർ പ്ലാനിൽ അൺലിമിറ്റഡ് ഇൻകമിങ് കോൾ, 4 ജിബി ഡാറ്റ, 500 ഔട്ട്‌ഗോയിംഗ് മിനിറ്റ്, സൗജന്യ ഇൻകമിംഗ് എസ്എംഎസ്, 20 ഔട്ട്‌ഗോയിംഗ് എസ്എംഎസ് എന്നിവ ലഭ്യമാകും. 20 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
4,500 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് ഇൻകമിങ് കോളുകൾ, 8 ജിബി ഡാറ്റ, 1,000 ഔട്ട്‌ഗോയിംഗ് മിനിറ്റ്, സൗജന്യ ഇൻകമിംഗ് എസ്എംഎസ്, 30 ഔട്ട്‌ഗോയിംഗ് എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 40 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.

ചെറിയ കാലയളവിലേക്കുള്ള വിദേശ യാത്രകൾക്കായി കുറഞ്ഞ വിലയിലുള്ള ഐആർ പ്ലാനുകളും വിഐ വാഗ്ദാനം ചെയ്യുന്നുണ്ട്. പരിമിതമായ ആനുകൂല്യങ്ങളോടെ 495 രൂപ, 749 രൂപ വിലകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്. 495 രൂപയുടെ പ്ലാൻ 3 ദിവസ വാലിഡിറ്റിയിലും 749 രൂപയുടെ പ്ലാൻ ഒരു ദിവസത്തെ വാലിഡിറ്റിയിലും ആണ് എത്തുന്നത്.
ഹജ്ജ് യാത്രക്കാരെയാണ് തങ്ങൾ പ്രധാനമായും പുതിയ പ്ലാനുകളിലൂടെ ലക്ഷ്യമിടുന്നത് എന്ന് വിഐ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് വിദേശത്ത് തടസ്സമില്ലാത്ത ടെലിക്കോം എക്സ്പീരിയൻസ് ആസ്വദിക്കാൻ അനുവദിക്കുമെന്ന് വിഐ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. വിഐ മാത്രമല്ല എയർടെലും പുതിയ ഐആർ പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. അവ 189 രാജ്യങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്നവയാണ്.


Click it and Unblock the Notifications








