മുഴുവൻ വേണ്ടെങ്കിൽ പകുതി പിടിച്ചോ! 365 ദിവസ പ്ലാനിന് പിന്നാലെ 180 ദിവസ വാലിഡിറ്റിയിലും പുതിയ പ്ലാൻ ഇറക്കി VI
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ തങ്ങളുടെ വരിക്കാർക്കായി പ്രത്യേക ദീപാവലി ഓഫറുകൾ പുറത്തിറക്കിയത് കൂടാതെ കഴിഞ്ഞ ദിവസം ഒരു പുതിയ വാർഷിക പ്രീപെയ്ഡ് പ്ലാനും അവതരിപ്പിച്ചിരുന്നു. 2249 രൂപയായിരുന്നു ഈ പുതിയ വിഐ പ്ലാനിന്റെ വില. ഇപ്പോൾ ഇത് കൂടാതെ മറ്റൊരു പുതിയ റീച്ചാർജ് പ്ലാൻ കൂടി വിഐ അവതരിപ്പിച്ചിട്ടുണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു. 2249 രൂപയുടെ പ്ലാനിനായി പണം ചെലവഴിക്കാൻ സാധിക്കാത്തവർക്ക് പരിഗണിക്കാൻ അനുയോജ്യമായ വിധത്തിലാണ് പുതിയ രണ്ടാമത്തെ പ്ലാൻ എത്തിയിരിക്കുന്നത്. 1149 രൂപ വിലയിലാണ് ഈ പുതിയ വിഐ പ്ലാൻ എത്തിയിരിക്കുന്നത്.
കുറഞ്ഞ വിലയിൽ ദീർഘകാല വാലിഡിറ്റിയും ചെറിയ അത്യാവശ്യങ്ങൾക്കായി കുറച്ച് ഡാറ്റയും അടങ്ങുന്ന റീച്ചാർജ് പ്ലാൻ തേടുന്നവർക്കായാണ് 2249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 365 ദിവസ വാലിഡിറ്റിയോടെ വിഐ അവതരിപ്പിച്ചത്. എന്നാൽ ഇത്ര ഉയർന്ന തുക റീച്ചാർജിനായി ഒന്നിച്ച് മുടക്കാൻ കഴിയാത്തവർക്ക് തെരഞ്ഞെടുക്കാവുന്ന ഒരു ബദൽ ഓപ്ഷനാണ് പുതിയ 1149 രൂപയുടെ പ്ലാൻ.

2249 രൂപയുടെ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങളുടെ ഏറെക്കുറെ നേർ പാതി പതിപ്പ് എന്ന് പുതിയ 1149 രൂപ പ്ലാനിനെ വിലയിരുത്താം. 180 ദിവസത്തെ വാലിഡിറ്റിയിലാണ് പുതിയ പ്ലാൻ വിഐ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമായും വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും സേവന വാലിഡിറ്റിയും ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് ഇത് ലക്ഷ്യമിടുന്നത്.
1149 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ
അൺലിമിറ്റഡ് കോളിങ്, ആകെ 15ജിബി ഡാറ്റ, 1800 എസ്എംഎസ്, 180 ദിവസം വാലിഡിറ്റി എന്നിവയാണ് 1149 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. നിശ്ചിത ഡാറ്റ ക്വാട്ട പൂർത്തിയായതിന് ശേഷമുള്ള ഡാറ്റയ്ക്ക് 1എംബിക്ക് 50 പൈസ എന്ന നിരക്കിൽ ഈടാക്കും. കൂടാതെ എസ്എംഎസ് ക്വാട്ടയ്ക്ക് ശേഷം, ലോക്കൽ എസ്ടിഡി/എസ്എംഎസിന് 1/1.5 രൂപ നിരക്ക് ഈടാക്കും.

കേരളത്തിലും വിഐയുടെ പുതിയ 1149 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്. പ്രതിദിനം 6.38 രൂപയാണ് ഈ പ്ലാനിനായി ഉപയോക്താവിന് ചെലവാകുക. അതേസമയം 2249 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ ആണെങ്കിൽ ഉപയോക്താവിന്റെ പ്രതിദിന ചെലവ് 6.16 രൂപയാണ്. അതായത് 1149 രൂപയുടെ പ്ലാനിനെക്കാൾ നേരിയ ലാഭം 2249 രൂപയുടെ പ്ലാനാണ്.
2249 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
വിഐ അവതരിപ്പിച്ച 2249 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിങ്, ആകെ 30GB ഡാറ്റ, മൊത്തം 3600 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ സഹിതം 365 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. പ്രതിദിന ഡാറ്റ സഹിതമുള്ള വാർഷിക പ്രീപെയ്ഡ് പ്ലാനുകളെ അപേക്ഷിച്ച് ഈ വാർഷിക പ്ലാനിന്റെ വില വളരെ കുറവാണ് എന്ന് കാണാനാകും.
ഈ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളും അവതരിപ്പിച്ചതിലൂടെ വരിക്കാരെ ദീർഘകാല പ്ലാനുകളിലേക്ക് ആകർഷിക്കാനാണ് വിഐ ലക്ഷ്യമിടുന്നത് എന്നാണ് മനസിലാക്കാനാകുന്നത്. ഈ പുതിയ രണ്ട് പ്ലാനുകളിലും ഡാറ്റ വളരെ കുറവാണ്. എന്നാൽ കുറഞ്ഞ ഡാറ്റ ഉപയോഗമുള്ളവരെയും വൈഫൈ ഡാറ്റ ഉപയോഗമുള്ളവരെയും ലക്ഷ്യമിട്ടായിരിക്കാം വിഐ ഇവ അവതരിപ്പിച്ചിരിക്കുന്നത്.

180 ദിവസവും 365 ദിവസവും വാലിഡിറ്റിയുള്ള ഈ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് കൂടുതൽ ഡാറ്റ ആവശ്യമായി വന്നാൽ വിഐയുടെ ഡാറ്റ പ്ലാനുകൾ ഉപയോഗിക്കാനാകും. അതേസമയം ഡാറ്റ ആനുകൂല്യം ഇല്ലാതെ വാർഷിക റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി 1849 രൂപയുടെ വിഐ വോയിസ് ഒൺലി പ്ലാനും ലഭ്യമാണ്. അൺലിമിറ്റഡ് കോളിങ്, ആകെ 3600 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നിവയാണ് 1849 രൂപ പ്ലാനിൽ ലഭ്യമാകുക.


Click it and Unblock the Notifications







