ഈ കളിക്ക് ഞങ്ങളും റെഡി! IPL കാണാൻ പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി VI
ഐപിഎല്ലിന്റെ പുതിയ സീസൺ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പുതിയ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളുമായി വൊഡാഫോൺ ഐഡിയയുടെ കിടിലൻ കടന്നുവരവ്. ഐപിഎല്ലിനായി ജിയോ നേരത്തെ തന്നെ വിവിധ പ്ലാനുകൾ പുറത്തിറക്കുകയും 299 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ ജിയോഹോട്ട്സ്റ്റാർ സൗജന്യമായി ലഭ്യമാക്കുമെന്ന് അറിയിട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എയർടെൽ ഇന്ന് 100 രൂപ, 195 രൂപ വിലകളിൽ പുതിയ രണ്ട് പ്ലാനുകളും പുറത്തിറക്കി. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ മൂന്നാമനായ വിഐയും ജിയോഹോട്ട്സ്റ്റാർ അടങ്ങുന്ന പുതിയ 3 പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നത്.
വിഐയുടെ പുതിയ ക്രിക്കറ്റ് പ്ലാനുകൾ 239 രൂപ, 399 രൂപ, 101 രൂപ വിലകളിലാണ് എത്തിയിരിക്കുന്നത്. 2025 മാർച്ച് 22 ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) 2025 കാണാൻ, ഉപയോക്താക്കൾക്ക് സജീവമായ ഒരു ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആവശ്യമാണ്. ഈ സബ്സ്ക്രിപ്ഷൻ ഈ മൂന്ന് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ മൂന്ന് പുതിയ വിഐ പ്രീപെയ്ഡ് പ്ലാനുകളിൽ 101 രൂപ പ്ലാൻ ഒരു ഡാറ്റ വൗച്ചറാണ്, അതേസമയം 239 രൂപ, 399 രൂപ പ്ലാനുകൾ ആക്ടീവ് സർവീസ് വാലിഡിറ്റി പ്ലാനുകളാണ്. ജിയോഹോട്ട്സ്റ്റാറിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് റീചാർജ് ചെയ്യാൻ കഴിയുന്ന നിരവധി പ്ലാനുകൾ വിഐയുടെ പക്കൽ വേറെയും ഉണ്ട്. 169 രൂപ, 994 രൂപ, 3699 രൂപ, 469 രൂപ, 151 രൂപ എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില.
വോഡഫോൺ ഐഡിയയുടെ 101 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: ഐപിഎല്ലിനായി അവതരിപ്പിച്ചത് ആണെങ്കിലും ഇത് ഒരു ഡാറ്റ പ്ലാൻ ആണ്. ഈ 101 രൂപ പ്രീപെയ്ഡ് പ്ലാൻ 5 ജിബി ഡാറ്റയുമായി വരുന്നു. ഈ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റി നൽകുന്നു. മൂന്ന് മാസത്തെ ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ഈ പ്ലാനിനൊപ്പം ലഭിക്കും.

239 രൂപയുടെ പുതിയ വിഐ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ആകെ 300 എസ്എംഎസ്, ദിവസേന 2 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും അധിക ആനുകൂല്യമായി ഇതിൽ ഉണ്ട്.
399 രൂപയുടെ പുതിയ വിഐ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ദിവസേന 2 ജിബി ഡാറ്റ എന്നിവ ഈ പ്ലാനിൽ ലഭിക്കും. കൂടാതെ രാത്രി 12 മുതൽ പകൽ 12 വരെ അൺലിമിറ്റഡ് ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും. 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാനിൽ 28 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യവും ലഭിക്കും.
ജിയോയും എയർടെലും 100 രൂപ, 195 രൂപ വിലകളിൽ അവതരിപ്പിച്ച ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ സമാന ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഇവ രണ്ടും ഡാറ്റ പ്ലാനുകളാണ്. വിഐയുടെ 101 രൂപയുടെ പ്ലാൻ ഒരു രൂപ വില കൂടുതൽ ഉണ്ടെങ്കിലും ഇതിലെ ആനുകൂല്യങ്ങൾ ജിയോയുടെയും എയർടെലിന്റെയും 100 രൂപ പ്ലാനിന് സമാനമാണ്.

എന്നാൽ ഐപിഎൽ 2025 കാണാൻ ഏറ്റവും മികച്ച ഓഫർ ലഭ്യമായിരിക്കുന്നത് ജിയോ വരിക്കാർക്കാണ്. സ്വന്തം ഒടിടി പ്ലാറ്റ്ഫോം എന്നത് കൂടി കണക്കിലെടുത്ത് കിടിലൻ ഓഫർ ജിയോ മുന്നോട്ട് വച്ചിരിക്കുന്നു. 299 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും എന്നതാണ് ജിയോയുടെ വാഗ്ദാനം. മാർച്ച് 22 മുതലാണ് ഈ സബ്സ്ക്രിപ്ഷൻ ആക്ടീവ് ആകുക.


Click it and Unblock the Notifications








