അങ്ങനെ മൂന്നാമനും പ്ലാൻ മാറ്റി! VI പുതിയ രണ്ട് വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചു
ഇന്ത്യൻ ടെലിക്കോം മേഖലയിൽ വോയ്സ്- എസ്എംഎസ് ഒൺലി പ്ലാന അവതരിപ്പിക്കാനുള്ള ടെലിക്കോം കമ്പനികളുടെ അഴിച്ചുപണികൾ തുടരുന്നു. ട്രായി ഉത്തരവ് പാലിക്കുന്നതിനായി ജിയോ, എയർടെൽ, വിഐ എന്നീ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളും ജനുവരി 23ന് തങ്ങളുടെ വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ പുറത്തിറക്കിയിരുന്നു. എന്നാൽ ഈ പ്ലാനുകൾക്ക് നിരക്ക് കൂടുതലാണ് എന്നും ഇത് ട്രായിയുടെ വോയ്സ് ഒൺലി പ്ലാൻ എന്ന നിർദേശത്തിന്റെ ലക്ഷ്യത്തെ തകർക്കുന്നതാണ് എന്നും വിമർശനങ്ങൾ ഉയർന്നു. ഇതിന് പിന്നാലെ മൂന്ന് കമ്പനികളോടും വോയ്സ് ഒൺലി പ്ലാനിന്റെ നിരക്ക് കുറയ്ക്കണമെന്ന് ട്രായി ആവശ്യപ്പെട്ടു എന്ന വാർത്തയും എത്തി.
വിഷയത്തിൽ ട്രായി ഇടപെട്ടു എന്ന വാർത്ത വന്നതിന് പിന്നാലെ തന്നെ എയർടെൽ, ജിയോ എന്നിവയുടെ വോയ്സ് -എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കുകളിൽ മാറ്റം വരികയും ആദ്യം അവതരിപ്പിച്ച പ്ലാനുകൾ പിൻവലിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ ജിയോയ്ക്കും എയർടെലിനും പിന്നാലെ വൊഡാഫോൺ ഐഡിയയും (VI) തങ്ങളുടെ ആദ്യ വോയ്സ് ഒൺലി പ്ലാൻ പിൻവലിക്കുകയും പുതിയ പ്ലാൻ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.

ജിയോയും എയർടെലും ആദ്യം രണ്ട് വോയ്സ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചപ്പോൾ വിഐ 1460 രൂപയുടെ ഒരു പ്രീപെയ്ഡ് പ്ലാൻ മാത്രമാണ് അവതരിപ്പിച്ചത്. ഇപ്പോൾ മറ്റ് രണ്ട് കമ്പനികളും ആദ്യ പ്ലാനുകൾ പിൻവലിച്ചതിന് പിന്നാലെ വിഐയും തങ്ങളുടെ ആദ്യ പ്ലാൻ പിൻവലിച്ച് 470 രൂപയും 1849 രൂപ വിലകളിൽ രണ്ട് പുതിയ വോയ്സ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നു.
1,460 രൂപയുടെ വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനിൽ വിഐ നൽകിയിരുന്ന ആനുകൂല്യങ്ങൾ: 270 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ഈ വിഐ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഈ പ്ലാൻ ഇപ്പോൾ ലഭ്യമല്ല. പകരം 470 രൂപയും 1849 രൂപ പ്ലാനുകളാണ് വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ ഓപ്ഷനുകളായി ഇപ്പോൾ വിഐ നൽകുന്നത്.

470 രൂപയുടെ വിഐ വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 900 എസ്എംഎസ് എന്നിവ 84 ദിവസ വാലിഡിറ്റിയിൽ ഈ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും.
1849 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 3600 എസ്എംഎസ്, 365 ദിവസം വാലിഡിറ്റി എന്നിവ ഈ പ്ലാനിൽ ലഭ്യമാകുന്നു.
ഈ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികളുടെയും വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകളുടെ കാര്യത്തിൽ അന്തിമമായ തീരുമാനം ആയി എന്ന ഉറപ്പിച്ച് പറയാൻ കഴിയുന്നില്ല. കാരണം ഇന്ന് പ്ലാൻ അവതരിപ്പിച്ചാൽ നാളെ അത് പിൻവലിച്ച് പുതിയ പ്ലാൻ അവതരിപ്പിക്കപ്പെടുന്നു. മൂന്ന് കമ്പനികളുടെ കാര്യവും അങ്ങനെ തന്നെ. അതിനാൽ ഇപ്പോൾ അവതരിപ്പിക്കപ്പെട്ട വിഐ പ്ലാനുകൾ അന്തിമമാണ് എന്ന് ഉറപ്പിച്ച് പറയാൻ കഴിയുന്നില്ല.
ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ജിയോയുടെ വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ ഇപ്പോൾ ലഭ്യമായിരിക്കുന്നത് 448 രൂപ, 1748 രൂപ വിലകളിലാണ്. എയർടെലിന്റെ മുൻപ് അവതരിപ്പിച്ച 499 രൂപയുടെ വോയ്സ് ഒൺലി പ്ലാൻ ഇപ്പോൾ 469 രൂപ വിലയിലും 1959 രൂപയുടെ വോയ്സ് ഒൺലി പ്ലാൻ ഇപ്പോൾ 1849 രൂപ വിലയിലും ആണ് എത്തുന്നത്.


Click it and Unblock the Notifications








