വിഐ ഓഫറുകൾ തുടരും! ഓരോ റീച്ചാർജിലും 2G വരിക്കാർക്ക് 2 ദിവസ എക്സ്ട്രാ വാലിഡിറ്റി പ്രഖ്യാപിച്ചു
ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ നിലനിൽപ്പിനായി ഏറ്റവുമധികം പൊരുതുന്ന ഒരു കമ്പനിയാണ് വൊഡാഫോൺ ഐഡിയ (VI). സാമ്പത്തിക പ്രതിസന്ധികൾ മൂലം 5ജി സേവനം അവതരിപ്പിക്കാൻ വൈകിയത് വിഐയെ വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. ചിലർ 5ജി ലഭ്യമല്ലാത്തതുകൊണ്ടും മറ്റും കണക്ഷൻ ഉപേക്ഷിച്ചെങ്കിലും പൊതുവിൽ വളരെ സംതൃപ്തരായാണ് വിഐ വരിക്കാരെ കാണാറുള്ളത്. കാരണം 4ജി നൽകുന്നയിടങ്ങളിൽ മികച്ച വേഗത വിഐ ഉറപ്പാക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനാൽത്തന്നെ വിഐയെ ഇഷ്ടപ്പെടുന്ന ആളുകളും ഏറെയാണ്. ഇതിനകം വിഐ 5ജി വ്യാപനം തുടങ്ങി വച്ചിട്ടുണ്ട്. ഇപ്പോൾ കൂടുതൽ നഗരങ്ങളിൽ 5ജി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് വിഐ.
5ജി വ്യാപനത്തിന്റെ ഭാഗമായി അടുത്തതായി 5ജി അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന 23 നഗരങ്ങളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം വിഐ പുറത്തിറക്കിയിരുന്നു. ഇത് വിഐയുടെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒരു നീക്കമായിരുന്നു. ഇതിന് പിന്നാലെ വിഐ ഇപ്പോൾ തങ്ങളുടെ സാധാരണക്കാരായ (2ജി) വരിക്കാർക്കുവേണ്ടിയും ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നു.

2ജി വരിക്കാർക്ക് ഓരോ റീച്ചാർജിനും 2 ദിവസത്തെ വാലിഡിറ്റി സൗജന്യമായി നൽകും എന്നാണ് പുതിയ വിഐ പ്രഖ്യാപനം. വിഐ ഗ്യാരന്റി പ്രോഗ്രാമിന് കീഴിലാണ് ഈ 2 ദിവസ വാലിഡിറ്റി ലഭ്യമാക്കുക. 199 രൂപയ്ക്ക് മുകളിലുള്ള തുക ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന 2ജി ഉപയോക്താക്കളായ വിഐ പ്രീപെയ്ഡ് വരിക്കാർക്ക് ആണ് ഈ 2 ദിവസ വാലിഡിറ്റി എക്സ്ട്രാ ലഭ്യമാകുക.
ഓരോ റീച്ചാർജിലും 2 ദിവസ വാലിഡിറ്റി വീതം വർഷത്തിൽ 12 റീച്ചാർജിന് ആകെ 24 ദിവസത്തെ എക്സ്ട്രാ വാലിഡിറ്റി ലഭിക്കുമെന്ന് വിഐ പറയുന്നു. 28 ദിവസ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് ഇനി മാസത്തിൽ 30 ദിവസ വാലിഡിറ്റിയിൽ ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ ഈ ഓഫർ സഹായിക്കും.

സാധാരണക്കാരായ ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അവർ വോയ്സ് കോളിങ് ആനുകൂല്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. അത്തരം വരിക്കാർക്ക് ഒരു സഹായമാകാൻ ഈ എക്സ്ട്രാ വാലിഡിറ്റി ഓഫർ സഹായിക്കും. വരിക്കാരെ കൂടെ നിർത്തുന്നതിനും ഈ ഓഫർ വിഐയെ സഹായിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 28 വാലിഡിറ്റി പ്ലാനുകൾ മൂലം ഒരു മാസത്തിൽ രണ്ട് തവണ റീച്ചാർജ് ചെയ്യുന്ന രീതി ഒഴിവാക്കാനും ഈ പ്ലാനുകൾ സാധാരണക്കാരെ സഹായിക്കും.
വിഐ ഗ്യാരന്റി പ്ലാനിന്റെ ഭാഗമായി വോയ്‌സ് കോളിംഗ് പായ്ക്കുകളിൽ 28 ദിവസത്തിന് പകരം 30 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്നുണ്ടെന്ന് വിഐ ഉറപ്പാക്കും. വിഐയുടെ 4G, 5G ഉപഭോക്താക്കൾക്കായി വിവിധ വിഐ ഗ്യാരന്റി പ്രോഗ്രാം ആനുകൂല്യങ്ങൾ ഇതിനകം നിലവിലുണ്ട്. ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് 130 ജിബി അധിക ഡാറ്റ ലഭിക്കും എന്നതാണ് അതിലൊന്ന്.
ഓരോ 28 ദിവസത്തിലും 10ജിബി ഡാറ്റ വീതം മൊത്തം 13 റീചാർജ് സൈക്കിളുകളിലായാണ് 130ജിബി ഡാറ്റ വിഐ ഗ്യാരന്റി പ്രോഗ്രാമിന്റെ ഭാഗമായി ലഭിക്കുക. ഈ ഓഫർ ലഭിക്കുന്നതിന്, വിയുടെ 4 ജി, 5 ജി ഉപയോക്താക്കൾ കുറഞ്ഞത് 299 രൂപയുടെ പ്ലാൻ ഉപയോഗിച്ചെങ്കിലും റീചാർജ് ചെയ്യേണ്ടതുണ്ട്.

കേരളത്തിലെ വിഐ വരിക്കാരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ ദിവസത്തെ വിഐയുടെ പ്രഖ്യാപനം ഏറെ സന്തോഷം നൽകുന്നതാണ്. കാരണം അടുത്തതായി വിഐ 5ജി അവതരിപ്പിക്കാൻ പോകുന്ന 23 നഗരങ്ങളിൽ കേരളത്തിൽ നിന്ന് 4 നഗരങ്ങൾ ഇടം പിടിച്ചിട്ടുണ്ട് എന്നതാണ് അത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മലപ്പുറം എന്നിവയാണ് അവ.


Click it and Unblock the Notifications








