പ്രതീക്ഷയോടെ 2026ന് വേണ്ടി റീച്ചാർജ് ചെയ്യാം; VI വരിക്കാർക്ക് രണ്ട് ബെസ്റ്റ് ഓപ്ഷനുകൾ ഇതാ
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) ജിയോയും എയർടെലും ഉയർത്തുന്ന കനത്ത വെല്ലുവിളിയെ നേരിട്ടുകൊണ്ടും, സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചും മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. കേരളത്തിലടക്കം നിരവധി പേർ വിഐ സേവനങ്ങൾ സംതൃപ്തിയോടെ ഉപയോഗിച്ചുപോരുന്നു. എന്നാൽ എല്ലാ മാസവും വലിയ അളവിൽ ആളുകൾ വിഐ സിം ഉപേക്ഷിക്കുന്നുണ്ട് എന്നത് വേറൊരു വസ്തുതയാണ്. 5ജി സേവനങ്ങൾ രാജ്യവ്യാപകമായി അവതരിപ്പിക്കുന്നതിൽ അടക്കം വന്ന കാലതാമസം വിഐക്ക് തിരിച്ചടിയാകുന്നുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകം 2026 ലേക്ക് കടക്കാൻ പോകുകയാണ്. ഈ അവസരത്തിൽ അടുത്ത വർഷത്തേക്ക് കൂടി കൂട്ടി റീച്ചാർജ് ചെയ്താൽ അതൊരു മികച്ച തീരുമാനമായിരിക്കും.
വൊഡാഫോൺ ഐഡിയ അടക്കമുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾ 2026ൽ നിരക്കുകൾ 20 ശതമാനം വരെ വർധിപ്പിക്കാൻ സാധ്യതയുണ്ട് എന്നാണ് വിശകലന വിദഗ്ധർ ഉൾപ്പെടെ പ്രവചിച്ചിരിക്കുന്നത്. ഇതിന് മുൻപ് പ്രത്യക്ഷ നിരക്ക് വർധന ഉണ്ടായത് 2024ൽ ആയിരുന്നു. ഇന്ത്യയിൽ 2 വർഷം കൂടുമ്പോൾ സ്വകാര്യ കമ്പനികൾ നിരക്ക് വർധിപ്പിക്കുന്ന പതിവ് ഉണ്ട്.

ആ നിലയ്ക്ക് നോക്കുമ്പോൾ 2026ൽ റീച്ചാർജ് നിരക്കുകൾ വർധിക്കും എന്ന പ്രവചനങ്ങൾ സത്യമാകാൻ സാധ്യതയുണ്ട്. റീച്ചാർജ് നിരക്ക് വർധനയുടെ ഭാരം തലയിൽ വീഴാതെ രക്ഷപ്പെടണമെങ്കിൽ വരിക്കാർ വാർഷിക റീച്ചാർജ് പ്ലാനുകൾ ഉപയോഗിച്ച് ഇപ്പോഴേ റീച്ചാർജ് ചെയ്യുന്നത് നന്നായിരിക്കും. പ്രതിമാസ പ്ലാനുകളെക്കാൾ ലാഭവും വാർഷിക പ്ലാനുകൾ തന്നെയാണ്.
വിഐയെ സംബന്ധിച്ചിടത്തോളം 365 ദിവസ വാലിഡിറ്റിയുള്ള ഒന്നിലധികം പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. അതിൽ ചിലത് ഒടിടി ആനുകൂല്യങ്ങളിലെ വ്യത്യാസത്തിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്ത വിലകളിൽ എത്തുന്നവയാണ്. എന്നാൽ അതലല്ലാതെ പ്രതിദിന ഡാറ്റയുടെ അളവ് വ്യത്യാസത്തിൽ എത്തുന്ന വിഐയുടെ വാർഷിക പ്ലാനുകൾ പ്രധാനമായും രണ്ടെണ്ണമാണ് ഉള്ളത്.

3499 രൂപ, 3599 രൂപ, 3699 രൂപ, 3799 രൂപ, 4999 രൂപ എന്നിവയെല്ലാം വിഐയുടെ വാർഷിക പ്ലാനുകളാണ്. എന്നാൽ ഇതിൽ ഡാറ്റയുടെ അളവ് കണക്കാക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് 3499 രൂപ, 3599 രൂപ പ്ലാനുകളാണ്. മറ്റ് പ്ലാനുകളെല്ലാം 3599 രൂപയുടെ പ്ലാനിലെ അതേ പ്രധാന ആനുകൂല്യങ്ങൾ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. ഒടിടി ആനുകൂല്യങ്ങൾ വ്യത്യാസപ്പെടുന്നു എന്നുമാത്രം.
3499 രൂപയുടെ വിഐ പ്ലാൻ
365 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾ ഈ വിഐ വാർഷിക പ്ലാൻ നൽകുന്നു. കൂടാതെ രാത്രി 12 മുതൽ പുലർച്ചെ 6 വരെ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും. തിങ്കൾ-വെള്ളിവരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഉപയോഗിക്കാത്ത ഡാറ്റ ശനി-ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്.
3599 രൂപയുടെ വിഐ പ്ലാൻ
ഇത് വിഐയുടെ 2ജിബി പ്രതിദിന ഡാറ്റ സഹിതം 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ വാർഷിക പ്ലാനാണ്. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ ഓഫറും ഇതിലുണ്ട്. അതായത് രാത്രി 12 മുതൽ പകൽ 12 വരെ അൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ലഭ്യമാകും.

ഈ രണ്ട് പ്ലാനുകളും പരിഗണിക്കുമ്പോൾ 3599 രൂപയുടെ പ്ലാനാണ് കൂടുതൽ ലാഭകരം. 3499 രൂപയുടെ പ്ലാനിന് പ്രതിദിനം 9.86 രൂപയാണ് ചെലവാകുക. 3599 രൂപയുടെ പ്ലാനിന് പ്രതിദിനം 9.86 രൂപയും. അതായത് വളരെ ചെറിയ തുക അധികമായി നൽകുന്നതിലൂടെ വർഷം മുഴുവൻ കൂടുതൽ ഡാറ്റ ഉറപ്പിക്കാം. കൂടാതെ ഈ രണ്ട് പ്ലാനുകളും അൺലിമിറ്റഡ് 5ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








