VI 429 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി കുറച്ചു; കേരള സർക്കിളിൽ എന്ത് സംഭവിച്ചു എന്ന് അറിയണ്ടേ...
ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിലൊന്നായ വൊഡാഫോൺ ഐഡിയ (VI) ദീപാവലിയോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരപ്പിച്ചിരുന്നു. ഇത് കൂടാതെ ചില പ്ലാനുകൾക്കൊപ്പം ദീപാവലി ഓഫറിന്റെ ഭാഗമായി ഒരു മാസ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉൾപ്പെടെ ലഭ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് കൂടാതെ മറ്റ് ചില മാറ്റങ്ങൾ കൂടി വിഐ നടപ്പിലാക്കിയിട്ടുണ്ട്. 429 രൂപയുടെ പ്ലാൻ പരിഷ്കരിച്ചു എന്നതാണ് അതിലൊരു മാറ്റം. എന്നാൽ ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാകുന്ന ഒരു റീച്ചാർജ് പ്ലാൻ അല്ല, അതേപോലെ ഇപ്പോൾ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ ഈ പ്ലാൻ നിലവിലുള്ള എല്ലായിടത്തും ഉണ്ടാകുമോയെന്നും വ്യക്തമല്ല.
രാജസ്ഥാനിലെ വിഐ 429 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങളിലാണ് നിലവിൽ മാറ്റം കണ്ടെത്തിയിരിക്കുന്നത്. വരുംദിവസങ്ങളിൽ മറ്റ് സർക്കിളുകളിലേക്കും ഈ മാറ്റങ്ങൾ വ്യാപിപ്പിച്ചേക്കാം. 429 രൂപയുടെ വിഐ പ്ലാൻ 84 ദിവസ വാലിഡിറ്റിയിലാണ് എത്തിയിരുന്നത്. എന്നാലിപ്പോൾ 65 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ രാജസ്ഥാൻ സർക്കിളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അൺലിമിറ്റഡ് കോളിങ്, ആകെ 3ജിബി ഡാറ്റ, 600 എസ്എംഎസ് എന്നിവയായിരുന്നു 429 രൂപയുടെ ഈ പ്ലാനിൽ ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ. വാലിഡിറ്റി കുറച്ചതോടൊപ്പം ഈ പ്ലാനിൽ ലഭ്യമായിരുന്ന ഡാറ്റയുടെ അളവ് ചെറുതായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുൻപ് 3ജിബി ഡാറ്റ ഉണ്ടായിരുന്നത് ഇപ്പോൾ 5ജിബി ആയി ഉയർത്തിയിരിക്കുന്നു.
ചെറിയ അളവിൽ ഡാറ്റയോടെ കുറഞ്ഞ വിലയിൽ മികച്ച വാലിഡിറ്റി ആഗ്രഹിക്കുന്നവർക്കായി അവതരിപ്പിക്കപ്പെട്ട പ്ലാനായിരുന്നു 429 രൂപയുടേത്. കേരള സർക്കിളിലെ പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റിൽ നിലവിൽ 429 രൂപയുടെ പ്ലാൻ കാണുന്നില്ല. എന്നാൽ ഈ പ്ലാനിന്റെ ലക്ഷ്യങ്ങളോട് സമാനതയുള്ള ഒരു പ്ലാൻ 509 രൂപ വിലയിൽ വിഐ കേരളത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

509 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
84 ദിവസ വാലിഡിറ്റിയിൽ ചെറിയ അളവിൽ ഡാറ്റ സഹിതം ലഭ്യമാകുന്ന ഒരു വിഐ പ്രീപെയ്ഡ് പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിങ്, ആകെ 6ജിബി ഡാറ്റ, 1000 എസ്എംഎസ് എന്നീവ 84 ദിവസ വാലിഡിറ്റി സഹിതം 509 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്നു.
പ്രതിദിനം 6.05 രൂപയാണ് 509 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ്. ഇത് രാജസ്ഥാൻ സർക്കിളിൽ ഇപ്പോൾ പരിഷ്കരിക്കപ്പെട്ട 429 രൂപയുടെ പ്ലാനിനെക്കാൾ ചിലവ് കുറഞ്ഞതാണ് 429 രൂപയുടെ വിഐ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 6.6 രൂപയാണ്. ഇവിടെ മികച്ചത് കേരള സർക്കിളിൽ ലഭ്യമായിരിക്കുന്ന 509 രൂപയുടെ പ്ലാൻ തന്നെയാണ്.
വിഐയുടെ പ്രധാന മുൻഗണനാ സർക്കിളിൽ ആദ്യത്തേതാണ് കേരളം. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് പുതിയ വിഐ പ്ലാനുകൾ കേരള സർക്കിളിലും അവതരിപ്പിക്കപ്പെട്ടിരുന്നു. 2249 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ, 1149 രൂപയുടെ 180 ദിവസ വാലിഡിറ്റി പ്ലാൻ എന്നിവയാണ് അവ. 2249 രൂപയുടെ പ്ലാനിന്റെ മിനി പ്ലാനാണ് 1149 രൂപയുടെ പ്ലാൻ എന്ന് പറഞ്ഞാലും തെറ്റില്ല.

2249 രൂപയുടെ പ്ലാൻ 365 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, 30ജിബി ഡാറ്റ, മൊത്തം 3600 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാക്കിയിരിക്കുന്നത്. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 6.16 രൂപയാണ്. 1149 രൂപയുടെ പ്ലാൻ 180 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ആകെ 15ജിബി ഡാറ്റ, 1800 എസ്എംഎസ് എന്നിവ നൽകുന്നു, പ്രതിദിനം 6.38 രൂപയാണ് ഈ പ്ലാനിനായി ഉപയോക്താവിന് ചെലവാകുക.


Click it and Unblock the Notifications








