പണം വാരിയെറിഞ്ഞാൽ നാട്ടിൽ സുഖമായി വിലസാം: ഇന്ത്യയിലെ ഏറ്റവും വില കൂടിയ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ
ഇന്ത്യൻ ടെലിക്കോം രംഗത്ത് പലപ്പോഴും ചർച്ചയാകാറുള്ള ഒരു പ്രധാന സംഗതിയാണ് റീച്ചാർജ് പ്ലാനുകളുടെ വില. കുറഞ്ഞ വിലയിൽ കൂടുതൽ ആനുകൂല്യം ലഭിക്കണം എന്ന് വരിക്കാർ ആഗ്രഹിക്കുന്നു, മറുവശത്ത് കൂടിയ വിലയിൽ ഏറ്റവും കുറഞ്ഞ ആനുകൂല്യങ്ങൾ എങ്ങനെ നൽകാം എന്നതിലാണ് ടെലിക്കോം കമ്പനികൾ ഗവേഷണം നടത്തുന്നത്. റീച്ചാർജ് പ്ലാനുകളിൽ ആനുകൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നവർ നിരവധിയാണ്. അവർ റീച്ചാർജിനായി എത്ര വലിയ തുകയും നൽകാൻ തയാറാകുന്നു. ഇത്തരത്തിൽ റീച്ചാർജിനായി എത്ര വലിയ തുകയും മുടക്കാൻ തയാറാകുന്നവർക്കായി തയാറാക്കിയത് എന്ന് തോന്നിപ്പിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ വൊഡാഫോൺ ഐഡിയയ്ക്ക് ഉണ്ട്.
വിഐ 4999 രൂപ വിലയിൽ ഒരു റീച്ചാർജ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. റീച്ചാർജിനായി പണം വാരിയെറിഞ്ഞാൽ നിറയെ ആനുകൂല്യങ്ങൾ ആസ്വദിച്ചുകൊണ്ട് നാട്ടിൽ സുഖമായി വിലസാം എന്ന് തെളിയിക്കുന്ന ഒരു റീച്ചാർജ് പ്ലാനാണ് വിഐയുടെ 4999 രൂപ പ്ലാൻ. ഇന്ത്യയിലെ ഏറ്റവും വില കൂടിയ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ ആണ് ഇത്.

4999 രൂപയുടെ വിഐ പ്ലാൻ ഒരു വാർഷിക പ്രീപെയ്ഡ് പ്ലാനാണ്. വാർഷിക വാലിഡിറ്റിയിൽ ഡാറ്റ, കോളിങ് എന്നിവ മാത്രമല്ല, ഏറ്റവും ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഒരു വർഷത്തേക്ക് ലഭ്യമാകും എന്നതാണ് 4999 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ പ്രധാന പ്രത്യേകത.
ഇപ്പോൾ പുതുവർഷം വരാൻ പോകുകയാണ്. അടുത്ത വർഷത്തേക്കായി മികച്ച റീച്ചാർജ് പ്ലാൻ അന്വേഷിക്കുന്ന ആർക്കും ഈ 4999 രൂപയുടെ പ്ലാൻ പരിഗണിക്കാവുന്നതാണ്. എന്നാൽ ഉയർന്ന വില നൽകേണ്ടിവരും എന്നുമാത്രം. ഇന്ത്യയിലെ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നീ നാല് പ്രധാന ടെലിക്കോം കമ്പനികളും ലഭ്യമാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും വില കൂടിയ പ്രീപെയ്ഡ് പ്ലാനാണ് 4999 രൂപയുടെ വിഐ വാർഷിക പ്ലാൻ.

ഇത്ര വലിയ തുകയിൽ ആണ് ലഭ്യമാകുക എങ്കിലും ഈ പ്ലാനിൽ വരിക്കാരന് പരമാവധി ഒരു ദിവസം 13.69 രൂപ മാത്രമേ ചെലവാകുന്നുള്ളൂ. മാത്രമല്ല, ഏതാണ്ട് 5000 രൂപയോളം ഒരു വർഷത്തെ റീച്ചാർജിനായി ഇവിടെ മുടക്കുമ്പോൾ അതിന് അനുസരിച്ചുള്ള മൂല്യമുള്ള ആനുകൂല്യങ്ങൾ ഈ പ്ലാൻ നൽകുന്നുമുണ്ട്. അവ എന്തൊക്കെ എന്ന് പരിചയപ്പെടാം.
4999 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ
അൺലിമിറ്റഡ് വോയ്സ് കോളിംഗ്, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് ഈ വിഐ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 365 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. അതായത് ഒരു വാർഷിക പ്ലാനിൽ സാധാരണയായി എല്ലാ ടെലിക്കോം കമ്പനികളും വാഗ്ദാനം ചെയ്യുന്ന അതേ പ്രധാന ആനുകൂല്യങ്ങൾ ഒക്കെത്തന്നെയാണ് 4999 രൂപയുടെ വിഐ പ്ലാനിലും ഉള്ളത്.
4999 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിനെ മറ്റ് കമ്പനികളുടെ വാർഷിക പ്ലാനുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിലടങ്ങിയിരിക്കുന്ന ഒടിടി സബ്സ്ക്രിപ്ഷനുകളാണ്. ഒരു വർഷത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ ഈ വിഐ പ്ലാൻ നൽകുന്നു. ഒപ്പം വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും വിഐ MTV (Movies and TV) സബ്സ്ക്രിപ്ഷനും ഉണ്ട്.

VI MTV സബ്സ്ക്രിപ്ഷൻ ഉള്ളതിനാൽ സീ5, സോണിലിവ്, പ്ലേഫ്ലിക്സ്, ഫാൻകോഡ്, ആജ് തക്, മനോരമ മാക്സ് തുടങ്ങി ആകെ 16 ഒടിടി പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകൾ ആസ്വദിക്കാൻ സാധിക്കും. ഇതിലെ വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളിൽ വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ്, ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ ( രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ) എന്നിവ ഉൾപ്പെടുന്നു.


Click it and Unblock the Notifications







