ആളുകൾ കലിപ്പാകുന്നതിൽ കുറ്റം പറയാൻ പറ്റില്ല! VI ഗ്യാരണ്ടി എക്സ്ട്രാ ഡാറ്റ ഓഫർ നിർത്തലാക്കി
വിഐ വരിക്കാരെ തേടി ഒരു നിരാശ വാർത്തകൂടി എത്തിയിരിക്കുന്നു. പുതിയ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് വിഐ ലഭ്യമാക്കി വന്ന വിഐ ഗ്യാരണ്ടി എക്സ്ട്രാ ഡാറ്റ ഓഫർ നിർത്തലാക്കിയതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്തു. വിഐയുടെ ഒരു നേട്ടമായി വരിക്കാർ കണ്ടിരുന്ന ആനുകൂല്യങ്ങളിൽ ഒന്നാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. ഇത് വിഐ വരിക്കാരുടെ ഡാറ്റ ആവശ്യകത കൂട്ടുകയും ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ട സ്ഥിതി ഉണ്ടാക്കുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു. വിഐ ഗ്യാരണ്ടി പ്രോഗ്രാമിന് കീഴിൽ, ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്ക് 130GB ഗ്യാരണ്ടീഡ് എക്സ്ട്രാ ഡാറ്റ ലഭിച്ചിരുന്നു.
വിഐ ഗ്യാരണ്ടി ഓഫർ
വിഐ ഗ്യാരണ്ടി ഓഫറിന് കീഴിൽ 13 തവണകളിലായാണ് ഉപയോക്താവിന് 130ജിബി എക്സ്ട്രാ ഡാറ്റ ലഭ്യമായിരുന്നത്. അതായത് തുടർച്ചയായി 13 സൈക്കിളുകളിലേക്ക് ഓരോ 28 ദിവസത്തിലും 10GB ഡാറ്റ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി ക്രെഡിറ്റ് ചെയ്യപ്പെടും. വിഐ ആപ്പ് വഴിയാണ് ഈ വിഐ ഗ്യാരണ്ടി എക്സ്ട്രാ ഡാറ്റ ലഭിക്കുക.

239 രൂപയോ അതിൽ കൂടുതലോ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്നവർക്കാണ് തുടക്കത്തിൽ വിഐ ഗ്യാരണ്ടി എക്സ്ട്രാ ഡാറ്റ ഓഫർ ലഭ്യമായിരുന്നത്. കർണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, അസം, നോർത്ത് ഈസ്റ്റ്, ഒറീസ എന്നിവ ഒഴികെയുള്ള ഇന്ത്യയിലുടനീളമുള്ള എല്ലാ 5G, പുതിയ 4G സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്കും വിഐ ഗ്യാരണ്ടി ഓഫർ ലഭ്യമാണ് എന്നാണ് ഈ ഓഫർ പ്രഖ്യാപിച്ചപ്പോൾ വിഐ അറിയിച്ചത്.
ഈ വർഷം ജൂലൈയിൽ, 2G ഹാൻഡ്‌സെറ്റുകൾ ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായും വിഐ ഗ്യാരണ്ടി പ്രോഗ്രാം ആരംഭിച്ചു, 199 രൂപയോ അതിൽ കൂടുതലോ വിലയുള്ള പ്ലാനുകളിൽ ഈ ഓഫറിന്റെ ഭാഗമായി രണ്ട് ദിവസത്തെ അധിക വാലിഡിറ്റി (പ്രതിവർഷം 24 ദിവസം) വിഐ വാഗ്ദാനം ചെയ്തു, ഇത് ഉപയോക്താവിന് 30 ദിവസത്തെ വാലിഡിറ്റി ഉറപ്പാക്കുന്നു.

കുറഞ്ഞ വിലയുള്ള പ്ലാനുകൾ ഉപയോഗിക്കുന്ന സാധാരണ ഉപയോക്താക്കൾക്ക് അധിക വാലിഡിറ്റിയുടെ രൂപത്തിലും 299 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾ ഉപയോഗിക്കുന്ന വരിക്കാർക്ക് എക്സ്ട്രാ ഡാറ്റയുടെ രൂപത്തിലും വിഐ ഗ്യാരണ്ടി പ്രോഗ്രാം ആനുകൂല്യങ്ങൾ ലഭ്യമാക്കി വന്നു. എന്നാലിപ്പോൾ ഈ എക്സ്ട്രാ ഡാറ്റ പ്രോഗ്രാം വിഐ നിർത്തലാക്കിയതായി ടെലിക്കോം ടോക്ക് നിരീക്ഷിക്കുന്നു.
ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റ സൗജന്യമായി നൽകുന്ന നോൺ-സ്റ്റോപ്പ് ഹീറോ പ്ലാനുകൾ രാജ്യവ്യാപകമായി വിഐ ഇപ്പോൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് എക്സ്ട്രാ ഡാറ്റ പ്രോഗ്രാം വിഐ നിർത്തലാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ നോൺ-സ്റ്റോപ്പ് ഹീറോ പ്ലാനുകൾ വിരലിലെണ്ണാവുന്നവ മാത്രമേയുള്ളൂ. അതിനാൽ വഐയുടെ ഈ തീരുമാനം മറ്റ് പ്ലാനുകൾ ഉപയോഗിക്കുന്ന നിരവധി വരിക്കാർക്ക് തിരിച്ചടിയായേക്കും.
പ്രധാന പ്ലാനിന്റെ ഭാഗമായുള്ള ഡാറ്റ തീർന്നാലും ഉപയോക്താക്കൾക്കായി ഡാറ്റ ലഭ്യമാക്കാൻ വിഐ പല ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഡാറ്റ ഡിലൈറ്റ്, വീക്കെൻഡ് ഡാറ്റ റോളോവർ എന്നിവയൊക്കെ അത്തരത്തിലുള്ളതാണ്. അതുപോലെ വരിക്കാർക്ക് ഡാറ്റ പിന്തുണ നൽകിയിരുന്ന ഒരു ഓഫറായിരുന്നു വിഐ ഗ്യാരണ്ടി എക്സ്ട്രാ ഡാറ്റ ഓഫർ.

വിഐ പലവിധത്തിലും തങ്ങളുടെ വരുമാനം വർധിപ്പിക്കാൻ നോക്കുന്നുണ്ട്. അതിന്റെ ഭാഗമായി കൂടുതൽ ഡാറ്റയ്ക്കായി വരിക്കാരെ ഡാറ്റ പ്ലാനുകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാകാം വിഐ ഗ്യാരണ്ടി എക്സ്ട്രാ ഡാറ്റ ഓഫർ നിർത്തലാക്കിയത് എന്നും വിലയിരുത്തലുകൾ ഉണ്ട്. എന്തായാലും വരിക്കാരെ പിടിച്ചുനിർത്താൻ പാടുപെടുന്ന ഒരു ടെലിക്കോം കമ്പനികൂടിയാണ് വിഐ. അങ്ങനെയുള്ളപ്പോൾ ഇത്തരം നീക്കങ്ങൾ വിഐക്ക് ഗുണം ചെയ്യുമോയെന്ന് കണ്ടറിയണം.


Click it and Unblock the Notifications







