'ക്യാപ്സ്യൂൾ' വിട്ടൊരു കളിയില്ല! ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്‌സ്യൂൾ തിരിച്ചുകിട്ടി

|
മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്‌സ്യൂൾ തിരിച്ചുകിട്ടി

കഴിഞ്ഞ കുറച്ചേറെ ദിവസങ്ങളായി ഒരു ക്യാപ്സ്യൂൾ കണ്ടെത്താനുള്ള തീവ്ര പരിശ്രമത്തിൽ ആയിരുന്നു ഒരുസംഘം മനുഷ്യർ. ക്യാപ്സ്യൂൾ എന്ന് കേട്ടാൽ മലയാളിയുടെ മനസിലേക്ക് ഓടിയെത്തുന്നത് ട്രോളുകളിലും മറ്റും ഇപ്പോൾ കാണുന്ന 'പ്രത്യേക ക്യാപ്സ്യൂൾ' ആയിരിക്കും. എന്നാൽ ഇത് അ‌ത്ര തമാശ നിറഞ്ഞതല്ല, നേരേ മറിച്ച് ഏറെ ഗൗരവമുള്ളതാണ്. ഈ ക്യാപ്സ്യൂൾ കാണാതായത് ഓസ്ട്രേലിയയെ മണിക്കൂറുകളോളം ആശങ്കയിലാഴിത്തിയിരുന്നു. അ‌തിൽനിന്നു തന്നെ ഈ ക്യാപ്സ്യൂളിന്റെ ഗൗരവം വ്യക്തമായിക്കാണുമല്ലോ.

സീസിയം-137

വന്‍കിട ലോഹഖനന കമ്പനിയായ റിയോ ടിന്റോ ഗ്രൂപ്പിന്റെ ചരക്കുനീക്കത്തിനിടെയാണ് റേഡിയോ ആക്ടീവ് ഐസോടോപ്പ് ആയ സീസിയം-137 അടങ്ങിയ കാപ്സ്യൂൾ ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായത്. ഇരുമ്പയിരിന്റെ സാന്ദ്രത അളക്കുന്നതിന് വേണ്ടിയാണ് റേഡിയോ ആക്ടീവ് ഐസോടോപ്പ് ആയ സീസിയം-137 അടങ്ങിയ ഈ കാപ്സ്യൂൾ ഉപയോഗിക്കുന്നത്. ജനുവരി 12-ന് ഖനിയില്‍നിന്ന് പെര്‍ത്തിലെ റേഡിയേഷന്‍ സ്റ്റോറേജിലേക്ക് കൊണ്ടുപോവുന്ന വഴി ഇത് നഷ്ടമാകുകയായിരുന്നു. ജനുവരി 16 ന് കണ്ടെയ്നർ ലക്ഷ്യസ്ഥാനത്ത് എത്തിയെങ്കിലും ജനുവരി 25 ന്മാത്രമാണ് ഈ കണ്ടെയ്നർ തുറന്നത്. പക്ഷേ ക്യാപ്സ്യൂൾ കണ്ടെയ്നറിൽ ഉണ്ടായിരുന്നില്ല.

മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്‌സ്യൂൾ തിരിച്ചുകിട്ടി

​സൈന്യം ഉൾപ്പെടെ വൻ സന്നാഹം

ചരക്കുനീക്കത്തിനിടെ ഉണ്ടായ കുലുക്കത്തിനിടെ ക്യാപ്സൂൾ സൂക്ഷിച്ചിരുന്ന പെട്ടിതുറന്ന് റോഡിൽ വീണുപോയതാകാം എന്നായിരുന്നു നിഗമനം. തുടർന്ന് ക്യാപ്സ്യൂൾ കണ്ടെത്താൻ ​സൈന്യത്തിന്റെ ഉൾപ്പെടെ നേതൃത്വത്തിൽ വൻ സന്നാഹമാണ് നടത്തിയത്. വാഹനത്തിൽനിന്ന് വീണുപോയതിനാൽ വഴിയരികിൽ എവിടെയെങ്കിലും ഉണ്ടാവും എന്ന് അ‌ധികൃതർ കണക്കുകൂട്ടി. തുടർന്നായിരുന്നു വൻ സന്നാഹ​ങ്ങളോടെ തിരച്ചിൽ ആരംഭിച്ചത്.

ത്വക് രോഗവും ക്യാൻസർ സാധ്യതയും

ആണവായുധത്തിന്റെ അ‌ത്ര അ‌പകടകാരിയൊന്നുമല്ലെങ്കിലും സമ്പർക്കത്തിലേ​ർപ്പെടുന്ന മനുഷ്യരിൽ കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഈ ക്യാപ്സ്യൂളിന് കഴിയും. ത്വക് രോഗവും ശരീരത്തിൽ ഗുരുതരമായ ദഹന, പ്രതിരോധ പ്രശ്‌നങ്ങളും ഉണ്ടാക്കാൻ ഈ ക്യാപ്സ്യൂളുമായുള്ള സമ്പർക്കം ഇടയാക്കും. കൂടാതെ ഏറെ നേരത്തെ സമ്പർക്കം ക്യാൻസറിന് പോലും കാരണമാകും. 6 എംഎം വ്യാസവും 8 എംഎം നീളവുമുള്ള സിൽവർ ക്യാപ്‌സ്യൂളിൽ സീസിയം-137 അടങ്ങിയിട്ടുണ്ട്, ഇത് മണിക്കൂറിൽ 10 എക്സ്-റേകൾക്ക് തുല്യമായ വികിരണം ആണ് പുറപ്പെടുവിക്കുന്നത്.

ഒരു ഗുളികയുടെ വലിപ്പം മാത്രം

ഈ സാഹചര്യത്തിലാണ് ഓസ്ട്രേലിയൻ സർക്കാർ തന്നെ തെരച്ചിലിന് മുന്നിട്ടിറങ്ങയത്. ഒരു ഗുളികയുടെ വലിപ്പം മാത്രമാണ് ഈ ക്യാപ്സ്യൂളിന് ഉണ്ടായിരുന്നത് എന്നത് പ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചു. എങ്കിലും ആണവ വികിരണ വസ്തുക്കള്‍ കണ്ടെത്താനുള്ള ഡിറ്റക്ടറുകൾ എത്തിച്ച് ഓസ്‌ട്രേലിയന്‍ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജന്‍സികള്‍, വിദഗ്ധർ എന്നിവരടങ്ങുന്ന സംഘമാണ് തെരച്ചിലിനായി മുന്നിട്ടിറങ്ങിയത്. 1400 കിലോമീറ്ററോളം നീളമുള്ള ​ഹൈവേയിൽ ഒരാഴ്ചയോളം നടത്തിയ തിരച്ചിലിനൊടുവിൽ ക്യാപ്സ്യൂൾ സുരക്ഷിതമായി കണ്ടെത്തി. തെരച്ചിൽ 660ഓളം കിലോമീറ്റര്‍ പിന്നിട്ടപ്പോൾ റോഡരികില്‍ നിന്ന് ഏകദേശം 2 മീറ്റർ മാറിയാണ് ഗുളികയുടെ വലുപ്പമുള്ള ഈ റേഡിയോ ആക്ടീവ് ക്യാപ്‌സൂള്‍ കണ്ടെത്തിയത്. ​

മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്‌സ്യൂൾ തിരിച്ചുകിട്ടി


വൈക്കോൽ കൂനയിൽ സൂചി തിരച്ചിൽ...

വൈക്കോൽ കൂനയിൽ സൂചി തിരയുന്നതുപോലെയുള്ള ഒരു ദൗത്യമാണ് തങ്ങൾക്ക് നടത്തേണ്ടിവന്നത് എന്നും എങ്കിലും ഒടുവിൽ അ‌ത് കണ്ടെത്തിയതായും എമർജൻസി സർവീസിന്റെ ചുമതലയുള്ള മന്ത്രിയായ സ്റ്റീഫൻ ഡോസൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സൈന്യം ക്യാപ്‌സ്യൂൾ പരിശോധിച്ച് വരികയാണെന്നും പിന്നീടിത് പെർത്ത് നഗരത്തിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അ‌റിയിച്ചു. ചെറിയ ഉരുളൻ കല്ലുകൾക്കിടയിൽ നിലത്ത് കിടക്കുന്ന പയറിന്റെ വലിപ്പത്തിലുള്ള കാപ്‌സ്യൂളിന്റെ ക്ലോസ്-അപ്പ് ചിത്രവും പിന്നാലെ ഓസ്ട്രേലിയൻ അധികൃതർ പുറത്തുവിട്ടു.

ക്ഷമ ചോദിച്ച് റിയോ ടിന്റോ ഗ്രൂപ്പ്

ക്യാപ്സ്യൂൾ കാണാതായ സംഭവത്തിൽ റിയോ ടിന്റോ ഗ്രൂപ്പ് ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു. ഉപകരണം ഒരിക്കലും നഷ്‌ടപ്പെടാൻ പാടില്ലായിരുന്നു, തെരച്ചിലിനായി​ ചെലവായ പണം നൽകാമെന്നാണ് കമ്പനിയുടെ പ്രതികരണം. തെരച്ചിലിനായി ഏറെ പണിപ്പെട്ടെങ്കിലും അ‌പകടം ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഓസ്ട്രേലിയൻ അ‌ധികൃതർ. റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിൽ നിലവിലെ നിയമം പരാജയമാണെന്ന വിമർശനങ്ങളും ഈ ഘട്ടത്തിൽ ഉയർന്നു. ഈ പശ്ചാത്തലത്തിൽ ബന്ധപ്പെട്ട നിയമങ്ങളുടെ പൊളിച്ചെഴുത്തും പരിശോധിക്കുമെന്ന് അ‌ധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Best Mobiles in India

Read more about:
English summary
A capsule containing the radioactive isotope Cesium-137, which went missing during shipment from the Australian desert, has been found after a week of searching. A capsule containing the radioactive isotope Cesium-137 is used to measure the concentration of iron ore. This capsule can cause significant problems in humans who come into contact with it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X