പെൺമയുടെ കീർത്തി ബഹിരാകാശത്തോളം ഉയർത്താൻ സൗദി; റയ്യാന ബർണവിയിലൂടെ പിറക്കുക ചരിത്രം

റയ്യാന ബർണവി എന്ന ഒരു മുപ്പത്തിമൂന്ന് വയസുകാരിയിലൂടെ പുതിയ ചരിത്രം രചിക്കാൻ ഒരുങ്ങി സൗദി അറേബ്യ. ഈ വർഷം തന്നെ നടത്താൻ ഉദ്ദേശിക്കുന്ന തങ്ങളുടെ ബഹിരാകാശ ദൗത്യത്തിന്റെ സംഘത്തിലേക്ക് സൗദി തെരഞ്ഞെടുത്തിരിക്കുന്ന രണ്ട് പേരിൽ ഒരാളാണ് റയ്യാന ബർണവി.
ബഹിരാകാശത്തേക്ക് പ്രവേശിക്കുന്ന ആദ്യ സൗദി വനിത എന്ന നേട്ടമാണ് റയ്യാന ബർണവിയെ കാത്തിരിക്കുന്നത്. ഫൈറ്റർ ജെറ്റ് പൈലറ്റായ അലി അൽ ഖർനിയാണ് സൗദിയുടെ ബഹിരാകാശ ദൗത്യ സംഘത്തിലുള്ള മറ്റൊരാൾ. ഒരു സ്ത്രീയെയും ഒരു പുരുഷനെയും ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള തീരുമാനം സൗദിയുടെ ചരിത്രം തിരുത്തിക്കുറിക്കുന്ന വിപ്ലവകരമായ നീക്കമായാണ് രാജ്യാന്തര തലത്തിൽ ഏറ്റെടുക്കപ്പെട്ടിരിക്കുന്നത്.
പ്രതിച്ഛായ മാറ്റും
യാഥാസ്ഥിതിക രാജ്യമെന്നും സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നതിൽ കടുംപിടുത്തം തുടരുന്ന രാജ്യമെന്നുമൊക്കെയുള്ള ഒരു പ്രതിച്ഛായ രാജ്യാന്തര തലത്തിൽ ചിലർ സൗദിക്കുമേൽ ചാർത്തിയിട്ടുണ്ട്. ഇത്തരം പ്രതിച്ഛായകൾ മാറ്റിയെടുത്ത് സ്വയം നവീകരിക്കാനുള്ള സൗദിയുടെ നീക്കമായാണ് റയ്യാന ബർണവിയുടെ ബഹിരാകാശ യാത്ര വിലയിരുത്തപ്പെടുന്നത്. സൗദിയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കടന്നുവരവോടെ സ്ത്രീകൾക്ക് സൗദിയിൽ ഒട്ടേറെ മേഖലകളിൽ പ്രാതിനിധ്യവും ഇളവുകളും ലഭ്യമായിത്തുടങ്ങിലയിരുന്നു. ഈ മാറ്റത്തിലെ പുതിയ അധ്യായമാണ് റയ്യാന ബർണവിയിലൂടെ എഴുതപ്പെട്ടിരിക്കുന്നത്.

യാത്രയ്ക്ക് ഫാൽക്കൺ 9 റോക്കറ്റ്
സൗദി ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാമും യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ ബഹിരാകാശ യാത്രാ കമ്പനിയായ ആക്‌സിയവും സഹകരിച്ചുകൊണ്ട് നടത്തുന്ന 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായാണ് ഇരുവരും രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. ഇവരെക്കൂടാതെ വേറെയും യാത്രികർ ദൗത്യത്തിൽ ഉണ്ടാകും. സ്‌പേസ് എക്‌സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ആണ് സംഘത്തിന്റെ യാത്ര. ഈ വർഷം രണ്ടാം പകുതിയോടെ ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയിൽ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ആക്‌സ്-2 വിക്ഷേപിക്കുന്നത്.
സൗദി ചുവട് മാറ്റുന്നു
ബഹിരാകാശ രംഗത്തേക്ക് പറയത്തക്ക നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ സൗദിക്ക് കഴിഞ്ഞിട്ടില്ല. ഈ അവസ്ഥയിൽനിന്ന് മാറി ബഹിരാകാശ രംഗത്തേക്ക് രാജ്യം പതിയെ ചുവട് ഉറപ്പിക്കുന്നതിന്റെ ഭാഗമായും ഇരുവരുടെയും യാത്രയെ കാണാവുന്നതാണ്. ദീർഘവീക്ഷണമുള്ള നടപടികളിലൂടെ മുന്നോട്ടുപോകുന്ന സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്റെ വിഷൻ 2030 ന്റെ ഭാഗമായാണ് സൗദി ബഹിരാകാശ കമ്മിഷന്റെ (എസ്‌എസ്‌സി) സൗദി ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാം സ്ഥാപിച്ചത്. ബഹിരാകാശ യാത്രാ പദ്ധതിയുടെ ഭാഗമായി മറിയം ഫർദൂസ്, അലി അൽ-ഗാംഡി എന്നിവരെ കൂടി സൗദി പരിശീലിപ്പിക്കുന്നുണ്ട്.വരും നാളുകളിൽ വേറിട്ട മേഖലകളിൽ വ്യക്തിമുദ്രപതിപ്പിക്കാൻ ഉറച്ചുതന്നെയാണ് സൗദി നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.
റയ്യാന ബർണവി
സൗദിയുടെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായതോടെ ലോകമെങ്ങും വാർത്തകളിലൂടെ നിറഞ്ഞിരിക്കുകയാണ് റയ്യാന ബർണവി. മുപ്പത്തിമൂന്നുകാരിയായ റയ്യാന ബയോമെഡിക്കൽ ഗവേഷകയാണ്. ന്യൂസിലാൻഡിലെ ഒട്ടാഗോ സർവകലാശാലയിൽ നിന്ന് ബയോമെഡിക്കൽ സയൻസസിൽ (ReGD) ബാച്ചിലർ ബിരുദം പൂർത്തിയാക്കി. റിയാദിലെ അൽഫൈസൽ യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദം നേടി. കാൻസർ സ്റ്റെം സെൽ ഗവേഷണത്തിൽ ബർണാവിക്ക് ഒമ്പത് വർഷത്തെ പരിചയമുണ്ട്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തുമ്പോൾ മിഷൻ പരീക്ഷണങ്ങൾ നടത്തുന്നതിന്റെ ഉത്തരവാദിത്തം റയ്യാനയ്ക്കായിരിക്കും.

നേട്ടങ്ങളുടെ പട്ടിക
ബഹിരാകാശത്ത് എത്തുന്ന റയ്യാന ബർണവിയെ അസുലഭ നേട്ടം കാത്തിരിക്കുന്നുണ്ടെങ്കിലും ബഹിരാകാശത്തെത്തുന്ന ആദ്യ മുസ്ലിം വനിത എന്ന വിശേഷണം റയ്യാനയ്ക്ക് ലഭിക്കില്ല. കാരണം 2006-ൽ ബഹിരാകാശ വിനോദസഞ്ചാരിയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന അനൗഷെ അൻസാരി ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി, ബഹിരാകാശത്തെത്തിയ ആദ്യത്തെ മുസ്ലിം വനിത, ആദ്യ ഇറാൻ വംശജ എന്നീ ബഹുമതികൾ സ്വന്തം പേരിൽ കുറിച്ചിരുന്നു. 2006 സെപ്റ്റംബർ 18-ന് കസാക്കിസ്ഥാനിൽ ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും റഷ്യയുടെ സൊയൂസ് വാഹനത്തിൽ മറ്റു രണ്ടു സഞ്ചാരികളോട് ഒപ്പം ബഹിരാകാശത്തേക്ക് യാത്ര തിരിച്ച അനൗഷെ അൻസാരി അവിടെ 10 മണിക്കൂർ ചിലവഴിച്ചു.
ബഹിരാകാശത്തെ അറബ് മുദ്രകൾ...
ബഹിരാകാശത്തേക്ക് വനിതയെ അയച്ച ആദ്യ അറബ് രാജ്യം എന്ന നേട്ടവും സൗദിക്ക് അല്ല. 2019ല്‍ നൂറ അൽ മത്രൂഷിയെന്ന വനിതയെ ബഹിരാകാശത്തേക്ക് അയച്ച് സൗദിയെക്കാൾ മുമ്പേ ബഹിരാകാശ രംഗത്തേക്ക് തിരിഞ്ഞ യുഎഇയുടെ പേരിലാണ് ആ നേട്ടം. എങ്കിലും സൗദിയെ സംബന്ധിച്ചിടത്തോളം റയ്യാന ബർണവിയുടെ യാത്ര ചരിത്രം തന്നെയാണ്. ബഹിരാകാശത്ത് എത്തുന്ന ആദ്യ സൗദി വനിത എന്നത് ചെറിയ നേട്ടമല്ല, ചരിത്രം തന്നെയാണ്. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ സൗദി അറേബ്യക്കാരൻ എന്ന ബഹുമതി സൗദി അറേബ്യയിലെ രാജകുമാരൻ സുൽത്താൻ ബിൻ സൽമാന്റെ പേരിലാണ്. 1985 ൽ ആയിരുന്നു അദ്ദേഹത്തിന്റെ യാത്ര.
മുഹമ്മദ് ബിൻ സൽമാൻ
സൗദി സ്ത്രീകൾ അടുത്ത കാലത്തായി നടത്തിവരുന്ന മുന്നേറ്റങ്ങൾക്കെല്ലാം പിന്നിലുള്ള ചാലക ശക്തിയായി വാഴ്ത്തപ്പെടുന്നത് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആണ്. അദ്ദേഹം കൈക്കൊണ്ട നടപടികൾ സൗദിയെ ഏറെ മുന്നിലേക്ക് നയിക്കുന്നു എന്നാണ് രാജ്യാന്തര തലത്തിൽ വിലയിരുത്തപ്പെടുന്നത്. 2017 മുതൽ അദ്ദേഹത്തിന്റെ ഭരണകാലത്ത്, പുരുഷ രക്ഷാധികാരിയില്ലാതെ സൗദി സ്ത്രീകൾക്ക് വാഹനമോടിക്കാനും വിദേശയാത്ര നടത്താനും അനുമതി നൽകിയിരുന്നു. കൂടാതെ, തൊഴിൽ മേഖലയിലെ സ്ത്രീകളുടെ അനുപാതം 2016 -ൽ 17% ആയിരുന്നത് ഇന്ന് 37% ആയി വളർന്നതിനു പിന്നിലും അദ്ദേഹമാണ്.


Click it and Unblock the Notifications








