50 വർഷങ്ങൾക്കിപ്പുറം വീണ്ടുമെന്തിനൊരു മടക്കം; Artemis ദൌത്യങ്ങളിലൂടെ NASA ലക്ഷ്യമിടുന്നതെന്ത്..?
അപ്പോളോ ദൌത്യങ്ങൾ നാടകം മാത്രമാണെന്ന ആരോപണങ്ങൾക്കിടയിൽ നാസ വീണ്ടുമൊരു ലൂണാർ ലാൻഡിങിനുള്ള ഒരുക്കത്തിലാണ്. അഞ്ച് പതിറ്റാണ്ടിനിപ്പുറം ചാന്ദ്രോപരിതലത്തിൽ വീണ്ടും മനുഷ്യന്റെ കാലടിപ്പാടുകൾ പതിയാൻ ഒരുങ്ങുന്നു. പാഴ്ചിലവെന്ന പരിഹാസത്തിനിടയിലും ലോകത്തെ ഒന്നാമത്തെ സ്പേസ് എജൻസി ആർട്ടെമിസ് ദൌത്യവുമായി മുന്നോട്ട് പോകുന്നത് എന്തിനാണ്..? മനുഷ്യൻ ചന്ദ്രോപരിതലത്തിലിറങ്ങിയെങ്കിൽ പിന്നെയെന്തിന് വീണ്ടുമൊരു മടക്കമെന്ന ചോദ്യവും വിമർശകർ ഉയർത്തുന്നുണ്ട് (Artemis - Nasa).

അന്ന് വമ്പ്, ഇന്നതല്ലെന്നാണ് വാദം
അമേരിക്ക - സോവിയറ്റ് ശീതയുദ്ധത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ബഹിരാകാശ മേൽക്കോയ്മ ഉറപ്പിക്കുകയെന്നതായിരുന്നു അപ്പോളോ ചാന്ദ്ര ദൌത്യങ്ങളുടെ പ്രഥമ ലക്ഷ്യം ( ഗൂഢാലോചന സൈദ്ധാന്തികർ അമൈതി..). എന്നാൽ കാലം മാറിയിരിക്കുകയാണ്. ചൊവ്വയിലേക്ക് മനുഷ്യരെയെത്തിക്കാനുള്ള ദൌത്യത്തിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പരിമിതികൾ മറി കടക്കാനും വിവിധ പരീക്ഷണങ്ങൾക്കും എല്ലാം ചന്ദ്രനിലിറങ്ങുന്നത് അനിവാര്യമാണെന്നാണ് യുഎസിന്റെ വാദം.

വാസ്തവം?
അമേരിക്കയുടെ എല്ലാ പ്രവർത്തികൾക്കും പിന്നിൽ എന്തെങ്കിലും ഒരു അജണ്ട കാണുമെന്നത് തർക്കമില്ലാത്ത കാര്യം തന്നെയാണ്. ബഹിരാകാശ രംഗത്ത് ഇപ്പോഴത്തെ മുഖ്യ എതിരാളിയായ ചൈനയ്ക്ക് മുകളിൽ ആധിപത്യം നിലനിർത്തുകയെന്ന രാഷ്ട്രീയ ലക്ഷ്യവും ആർട്ടെമിസ് ദൌത്യങ്ങൾക്ക് പിന്നിലുണ്ട്. സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിച്ച് സ്പേസ് റേസിൽ അതിവേഗം മുന്നോട്ടോടുന്ന ചൈന 2030ൽ ചാന്ദ്ര ദൌത്യത്തിനും ഒരുങ്ങുകയാണ്.

ഇതിന് മുമ്പ് ചന്ദ്രനിൽ ബേസ് ക്യാമ്പും ഭ്രമണപഥത്തിൽ ഗേറ്റ് വേ എന്ന ബഹിരാകാശ നിലയവും സ്ഥാപിക്കുകയെന്നതാണ് അമേരിക്കയുടെ പദ്ധതി. ബഹിരാകാശ സേനകൾ രൂപീകരിച്ച് ഇരു രാജ്യങ്ങളും നടത്തുന്ന രഹസ്യ ദൌത്യങ്ങൾ വീണ്ടുമൊരു ബഹിരാകാശ മത്സരം രൂപപ്പെട്ടു കഴിഞ്ഞിരിക്കുവെന്നതിന് ഏറ്റവും വലിയ തെളിവാണ്.

യുഎസിന്റെ എക്സ്-37 ബിയും ചൈനയുടെ പേരറിയാത്ത ബഹിരാകാശ വിമാനവും ( ആളില്ലാ വിമാനങ്ങളാണിവ ) വെറുതെ സ്പേസിൽ പോയി മടങ്ങുകയല്ലായെന്നും ഊഹിക്കാൻ കഴിയും. ആർട്ടെമിസ് ദൌത്യത്തിന് പിന്നിലെ രാഷ്ട്രീയം പറഞ്ഞ് കഴിഞ്ഞ സ്ഥിതിക്ക് ആർട്ടെമിസ് ദൌത്യങ്ങളിൽ നാസയുടെ മറ്റ് ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ചൊവ്വയിൽ പോകാനും ചാന്ദ്രയാത്ര അനിവാര്യം
മനുഷ്യ ചരിത്രത്തിൽ നടന്നിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശയാത്രയായിരിക്കും ചൊവ്വാ ദൌത്യം. ചൊവ്വയിലേക്കുള്ള യാത്ര ഒരു വർഷത്തിൽ കൂടുതൽ നീണ്ട് നിൽക്കുന്നതുമായിരിക്കും. ഡീപ്പ് സ്പേസിൽ ഏറെ നാൾ ചിലവഴിക്കുന്നതിന് മുമ്പ് യാത്രികർക്ക് കൃത്യമായ പരിശീലനം ലഭിക്കേണ്ടതുണ്ട്. ഇതിന് ചന്ദ്രനിൽ ചിലവിടുന്ന സമയം ഏറെ ഉപയോഗപ്രദമായിരിക്കും. അപ്പോളോ ദൌത്യത്തിലേത് പോലെ ദിവസങ്ങളല്ല, ആഴ്ചകളോളം ചന്ദ്രനിൽ കഴിയാനും അവിടുത്തെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനും ബഹിരാകാശ യാത്രികർക്ക് സാധിക്കണം.

അന്താരാഷ്ട്ര ബഹിരാകാശ നിലയം മതിയായ പരിശീലനം നൽകില്ല
ചൊവ്വ യാത്രയ്ക്കുള്ള പരിശീലനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങിയാലും ലഭിക്കില്ലേയെന്ന് ചിന്തിക്കരുത്. ഐഎസ്എസിലെ താമസം ഡീപ് സ്പേസിലേക്കുള്ള യാത്രയ്ക്ക് മതിയായ പരിശീലനമാകില്ല. ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ സ്വാധീനമുള്ള ലോ എർത്ത് ഓർബിറ്റിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഉള്ളത്. ചന്ദ്രനിൽ ഈ സാഹചര്യം ഇല്ലെന്നത് ആർട്ടെമിസ് ദൌത്യത്തെ നിർണായകമാക്കുന്നു.

ഗേറ്റ് വേയും ബേസ് ക്യാമ്പും
ഒരു പതിറ്റാണ്ട് കാലം ഉപയോഗപ്പെടുത്താവുന്ന ഗേറ്റ് വേ എന്ന സ്പേസ്ഷിപ്പ് / സ്പേസ് സ്റ്റേഷൻ ചന്ദ്രന്റെ ഭ്രമണപഥത്തിൽ സ്ഥാപിക്കുകയെന്നത് ആർട്ടെമിസ് ദൌത്യത്തിന്റെ വലിയ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഒപ്പം ചന്ദ്രോപരിതലത്തിൽ ബേസ് ക്യാമ്പും സ്ഥാപിക്കും. ചന്ദ്രനിലേക്കുള്ള പ്രവേശന കവാടങ്ങളെന്നതിന് അപ്പുറം ശാസ്ത്രജ്ഞർക്ക് താമസിക്കാനും വിവിധ പരീക്ഷണങ്ങൾ നടത്താനുമാണ് ഈ രണ്ട് നിലയങ്ങളും. ഒപ്പം ചൊവ്വ യാത്രയ്ക്ക് വേണ്ട പരിശീലനം, തയ്യാറെടുപ്പ്, അവശ്യവസ്തുക്കളുടെ സംഭരണം ഇതെല്ലാം ഈ നിലയങ്ങൾ കേന്ദ്രീകരിച്ച് നടക്കും.

ഐസ് റോക്കറ്റ് ഇന്ധനമാക്കി മാറ്റാൻ കഴിയുമോ?
ചൊവ്വ യാത്രയുടെ ചിലവ് കുറയ്ക്കാനും ഭൂമിയിൽ നിന്ന് ഒപ്പം കരുതേണ്ട ഇന്ധനമടക്കമുള്ളവയുടെ അളവ് കുറയ്ക്കാനും ചന്ദ്രനിൽ ലഭ്യമായ വിഭവങ്ങൾ ഉപയോഗിക്കാൻ കഴിയുമോയെന്ന് പരിശോധിക്കുന്നതും ആർട്ടെമിസ് ദൌത്യത്തിന്റെ ലക്ഷ്യമാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഐസ് റോക്കറ്റ് ഇന്ധനമാക്കി മാറ്റാൻ കഴിയുമോയെന്നതാണ് ഇവയിലൊന്ന്. ഐസ് ഹൈഡ്രജനും ഓക്സിജനും ആയി വേർതിരിച്ച ശേഷമാണ് ഇന്ധനമായി മാറ്റാനുള്ള ശ്രമം നടത്തുകയെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

വാഹനങ്ങളും ഉപകരണങ്ങളും
ചന്ദ്രനിലും മറ്റ് അന്യഗ്രഹങ്ങളിലും ഉപയോഗിക്കേണ്ട വാഹനങ്ങൾ, ഇന്ധന ആവശ്യങ്ങൾ നിറവേറ്റാനുള്ള പോർട്ടബിൾ ന്യൂക്ലിയാർ ഫിഷൻ സിസ്റ്റങ്ങൾ, മറ്റ് ഉപകരണങ്ങൾ, സ്പേസ് സ്യൂട്ടുകൾ, എന്നിവയുടെയൊക്കെ പരീക്ഷണങ്ങൾ നടത്താനും കുറവുകളുണ്ടെങ്കിൽ പരിഹരിക്കാനും അർട്ടെമിസ് ദൌത്യം ഉപയോഗപ്പെടുത്തും. ചൊവ്വ യാത്രയ്ക്ക് മുതിരുമ്പോൾ പോരായ്മകൾ ഒന്നുമുണ്ടാകില്ലെന്ന് നാസക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്. ചാന്ദ്ര യാത്രയ്ക്ക് ദിവസങ്ങൾ മതിയെന്നത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പരിഹരിക്കുന്നത് എളുപ്പമാക്കും. എന്നാൽ ചൊവ്വ ദൌത്യത്തിൽ അങ്ങനെയൊരു സാധ്യത ഇല്ലെന്നത് ആർട്ടെമിസ് ദൌത്യത്തിനെ പ്രസക്തമാക്കുന്നു.


Click it and Unblock the Notifications








