ബെന്നു ഛിന്നഗ്രഹ സാമ്പിൾ കാർബൺ, ജലം എന്നിവയാൽ സമ്പന്നമെന്ന് നാസ! ഭൂമിയിലെ ജീവന്റെ രഹസ്യങ്ങൾ തുറക്കുന്നുവോ?
ഭൂമിയിലെ ജീവന്റെ ഉൽപ്പത്തിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷ ശക്തമാക്കി ബെന്നു ഛിന്നഗ്രഹത്തിൽ നിന്നുള്ള സാമ്പിളിന്റെ ആദ്യഘട്ട വിവരങ്ങൾ നാസ പുറത്തുവിട്ടു. സാമ്പിളുകളുടെ പ്രാഥമിക പഠനത്തിൽ ഉയർന്ന കാർബണിന്റെയും ജലത്തിന്റെയും തെളിവുകൾ കണ്ടെത്തി. ഏതാണ്ട് എട്ടുവർഷത്തോളംനീണ്ട ഓസിരിസ് റെക്സ് ദൗത്യത്തിലൂടെയാണ് ഛിന്നഗ്രഹ സാമ്പിൾ നാസ ഭൂമിയിലെത്തിച്ചത്.
4.5 ബില്യൺ വർഷം പഴക്കമുള്ള ഛിന്നഗ്രഹത്തിലും നമ്മുടെ ഗ്രഹത്തിലെ ജീവന്റെ നിർമ്മാണ ഘടകങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് സാമ്പിളുകൾ പരിശോധിച്ച ശേഷമുള്ള നാസയുടെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഓസിരിസ് റെക്സ് (OSIRIS-REx) ദൗത്യം ഭൂമിയിലേക്ക് പതിച്ചതിനുശേഷം ഇതാദ്യമായി നാസയിലെ ശാസ്ത്രജ്ഞരും നേതാക്കളും ഛിന്നഗ്രഹ വസ്തുക്കൾ പ്രദർശിപ്പിച്ചു.

''ഓസിരിസ് റെക്സ് സാമ്പിൾ ഭൂമിയിലേക്ക് ഇതുവരെ എത്തിച്ചതിൽ വച്ച് ഏറ്റവും വലിയ കാർബൺ സമ്പന്നമായ ഛിന്നഗ്രഹ സാമ്പിളാണ്. ഇത് വരും തലമുറകളിൽ നമ്മുടെ സ്വന്തം ഗ്രഹത്തിലെ ജീവന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കും. നമ്മൾ ആരാണെന്നും എവിടെ നിന്നാണ് വരുന്നത് എന്നതിനെക്കുറിച്ചും ഉള്ള ചോദ്യങ്ങൾക്ക് നാസ ഉത്തരം തേടുന്നു''.
'' ഓസിരിസ് റെക്സ് പോലെയുള്ള നാസ ദൗത്യങ്ങൾ ഭൂമിയെ ഭീഷണിപ്പെടുത്തുന്ന ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവും ബോധ്യവും മെച്ചപ്പെടുത്തും, അപ്പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് ഒരു നോട്ടം നൽകും. സാമ്പിൾ ഭൂമിയിലേക്ക് തിരികെയെത്തി, പക്ഷേ ഇനിയും വളരെയധികം ശാസ്ത്രം വരാനുണ്ട് - ഞങ്ങൾ മുമ്പ് കണ്ടിട്ടില്ലാത്തത്ര സയൻസ്, " നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പത്രക്കുറിപ്പിൽ പറഞ്ഞു.
ഒട്ടേറെ പ്രതിസന്ധികൾ മറികടന്ന് സംഭവബഹുലമായ ഒരു ദൗത്യത്തിനൊടുവിലാണ് നാസ ബെന്നു ഛിന്നഗ്രഹത്തിൽനിന്നുള്ള സാമ്പിളുകൾ ഭൂമിയിൽ എത്തിച്ചിരിക്കുന്നത്. ഭൂമിയിൽനിന്ന് എട്ടു കോടി കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ബെന്നുവിൽ നിന്നു സാംപിളുകൾ ശേഖരിച്ചു ഭൂമിയിലേക്കു തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യവുമായി 2016ൽ ഓസിരിസ് റെക്സ് എന്ന നാസയുടെ ബഹിരാകാശ പേടകം ഭൂമിയിൽനിന്നു യാത്ര തിരിച്ചു.
2020 ൽ ഓസിരിസ് ബെന്നുവിനു സമീപം എത്തി. ഉറച്ച പാറ പോലെയുള്ള പ്രതലമായിരിക്കും ബെന്നുവിലേത് എന്നാണ് കരുതപ്പെട്ടിരുന്നത് എങ്കിലും ഇളകിക്കിടക്കുന്ന പൂഴിമണൽ വിരിച്ചതുപോലുള്ള പ്രതലമായിരുന്നു അവിടുത്തേത്. ഇതറിയാതെ ബെന്നുവിലെ നൈറ്റിങ്ഗേൽ എന്ന മേഖലയിലേക്ക് ഇറങ്ങിയ ഓസിരിസ് ഉപരിതലത്തിൽ തൊട്ടതും മണ്ണ് ഇളകിത്തെറിച്ച് ഭീമാകാരമായ ഒരു ഗർത്തം രൂപപ്പെട്ടു.
ആ ചുഴിയിൽപ്പെട്ട് ഓസിരിസ് മുങ്ങിപ്പോയേക്കുമെന്ന് കരുതിയെങ്കിലും ഓസിരിസിൽ ഘടിപ്പിച്ചിരുന്ന ചെറു റോക്കറ്റുകൾ ഉടനടി പ്രവർത്തിച്ചു. ഇതുമൂലം പേടകം മുകളിലേക്കുയർന്നു. ഇതിനിടയിൽ കുറച്ചു സാംപിളുകളും ശേഖരിച്ചു. സാഹസിക ദൗത്യത്തിനൊടുവിൽ സാമ്പിളുമായി യുഎസിലെ യൂട്ടാ മരുഭൂമിയിലെ ടെസ്റ്റ് റേഞ്ചിൽ കഴിഞ്ഞമാസം ഓസിരിസ് റെക്സ് തിരിച്ചിറങ്ങി.

തുടർന്ന് ഈ സാമ്പിളുകൾ നാസ പഠിച്ചുവരികയായിരുന്നു. ഇതിന്റെ ആദ്യ ഘട്ട റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സാമ്പിൾ തിരികെ നൽകാൻ ഉപയോഗിച്ച ഹാർഡ്‌വെയർ ശ്രദ്ധാപൂർവ്വം വേർപെടുത്താൻ നാസ വിദഗ്ധർ പത്ത് ദിവസത്തിലധികം ചെലവഴിച്ചു. സാമ്പിൾ കാനിസ്റ്ററിന്റെ മൂടി ആദ്യം തുറന്നപ്പോൾ, ചില "ബോണസ്" മെറ്റീരിയലും ശാസ്ത്രജ്ഞർ കണ്ടെത്തി.
ഇൻഫ്രാറെഡ് അളവുകൾ, എക്സ്-റേ ഡിഫ്രാക്ഷൻ, കെമിക്കൽ എലമെന്റ് അനാലിസിസ് എന്നിവയ്‌ക്കൊപ്പം സ്കാനിംഗ് ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ നിന്ന് ചിത്രങ്ങൾ ശേഖരിച്ചും സാമ്പിളിന്റെ ആദ്യഘട്ട വിശകലനങ്ങൾ നാസ നടത്തി. ഒരു കണികയുടെ 3D കമ്പ്യൂട്ടർ മോഡൽ നിർമ്മിക്കാൻ എക്സ്-റേ കംപ്യൂട്ടഡ് ടോമോഗ്രാഫിയും ഉപയോഗിച്ചു. ഈ പ്രാഥമിക പരിശോധനയിലാണ് സാമ്പിളിൽനിന്ന് കാർബണിന്റെയും വെള്ളത്തിന്റെയും സമൃദ്ധമായ സാന്നിധ്യത്തിന് തെളിവ് ലഭിച്ചത്.
ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള മെയ്ൻ ആസ്റ്ററോയ്ഡ് ബെൽറ്റിലാണ് ഈ ഛിന്നഗ്രഹത്തിന്റെ ഉദ്ഭവം. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വലിയൊരു ഛിന്നഗ്രഹത്തിൽനിന്നു വേർപെട്ട ഭാഗമാണ് ബെന്നുവായി മാറിയതെന്നും ഭാവിയിൽ ശുക്രനിൽ പതിച്ച് ഇത് നശിക്കുമെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങളുടെ രൂപീകരണം, സൗരയൂഥത്തിന്റെ ഉദ്ഭവം, ജീവന്റെ ഉൽപ്പത്തി എന്നിവയെപ്പറ്റിയെല്ലാം നിർണായക വിവരങ്ങൾ ബെന്നുവിലെ സാമ്പിളുകളിൽനിന്നു ലഭിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
Image credit: NASA


Click it and Unblock the Notifications








