വിജയകരമായി 'അവർ' വേർപിരിഞ്ഞു, രാജ്യം സന്തോഷത്തിൽ! വിക്രം ലാൻഡറിന്റെ ചാന്ദ്ര യാത്ര ഇനി തനിയേ
പ്രാർഥനയോടെയും ആകാംക്ഷയോടെയും രാജ്യം ഉറ്റുനോക്കിയ നിർണായക ഘട്ടം വിജയകരമായി പിന്നിട്ട് ഇന്ത്യയുടെ ചന്ദ്രയാൻ -3 ലാൻഡിംഗ് മൊഡ്യൂൾ ചന്ദ്രോപരിതലത്തിലേക്ക് തനിയേ യാത്രതിരിച്ചു. ചന്ദ്രയാൻ 3യുടെ നിർണായക ഘട്ടങ്ങളിലൊന്നായിരുന്നു പ്രൊപ്പൽഷൻ മോഡ്യൂളിൽനിന്നുള്ള വിക്രം ലാൻഡറിന്റെ വേർപെടൽ. ഇത് വിജയകരമായി പിന്നിട്ടതോടെ ചാന്ദ്ര സ്വപ്നം ഇന്ത്യയുടെ കൈയെത്തും ദൂരത്തായി.
ഇനി ഓഗസ്റ്റ് 23 ന് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്ട് ലാൻഡിങ് നടത്തിയാൽ ഇന്ത്യയുടെ ചാന്ദ്ര സ്വപ്നം പൂർണ്ണമായി പൂവണിയുകയും ചന്ദ്രയാൻ 3 ഇന്ത്യയുടെ അഭിമാനത്തിന്റെ തിലകക്കുറിയായി മാറുകയും ചെയ്യും. 17ന് ഉച്ചയ്ക്ക് 1:15 നാണ് വിക്രം ലാൻഡർ യാത്രയുടെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചത്.

ഇതോടെ ചന്ദ്രനിലിറങ്ങാനുള്ള തയാറെടുപ്പുകളും ലാൻഡർ ആരംഭിച്ചു. "ലാൻഡിംഗ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വിജയകരമായി വേർപെടുത്തി. നാളെ ( ഓഗസ്റ്റ് 18 ) വൈകുന്നേരം 4 മണിക്ക് ആസൂത്രണം ചെയ്ത ഡീ-ബൂസ്റ്റിംഗിൽ ലാൻഡിംഗ് മൊഡ്യൂൾ അല്പം താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഇറങ്ങും" എന്ന് ഇസ്രോ പറഞ്ഞു.
വിക്രം (ലാൻഡർ), പ്രഗ്യാൻ (റോവർ) എന്നിവയടങ്ങുന്ന ചന്ദ്രയാൻ -3 ലാൻഡിംഗ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വിജയകരമായി വേർപെട്ടതോടെ ജൂലൈ 14 ന് പറന്നുയർന്ന ചാന്ദ്രയാൻ 3 ദൗത്യത്തിലെ നിർണായക നാഴികക്കല്ലായാണ് അടയാളപ്പെടുത്തുന്നത്. വിക്രമും പ്രഗ്യാനും പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വിജയകരമായി വേർപ്പെട്ട വിവരം ഐഎസ്ആർഒ എക്സിലൂടെ പങ്കുവച്ചു.
വിവരം പുറത്തുവന്ന പിന്നാലെ രാജ്യം വൻ ആവേശത്തിലാണ്. കേന്ദ്ര മന്ത്രിമാർ മുതൽ സാധാരണക്കാർ വരെ ഐഎസ്ആർഒയ്ക്ക് അഭിനന്ദനവുമായി എത്തി. "ലോകം മുഴുവൻ ഉറ്റുനോക്കവേ, അവസാനത്തെ നിർണായക ഘട്ടം വിജയകരമായി പൂർത്തിയാക്കിയ ഐഎസ്ആർഒ ടീമിനെ ഓർത്ത് ഇന്ത്യ അഭിമാനിക്കുന്നു!" എന്ന് ഇസ്രോയെ അഭിനന്ദിച്ച് ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ ജിതേന്ദ്ര സിംഗ് എക്‌സിൽ കുറിച്ചു.
ഇനി ചന്ദ്രോപരിതലത്തിൽ വിജയകരമായി ലാൻഡർ ഇറക്കാനുള്ള തയാറെടുപ്പിലാണ് ഇസ്രോ. ചന്ദ്രോപരിതലത്തിനു 800 മീറ്റർ ഉയരത്തിൽ എത്തുമ്പോൾ 2 ത്രസ്റ്റർ എൻജിനുകളുടെ സഹായത്തോടെ വിക്രം ലാൻഡർ അന്തരീക്ഷത്തിൽ അൽപനേരം നിശ്ചലമായി നിൽക്കും. തുടർന്ന് വേഗം കുറച്ച ശേഷം സെക്കൻഡിൽ 1-2 മീറ്റർ വേഗത്തിൽ താഴേക്കിറങ്ങുവിധമാണ് ലാൻഡിങ് ക്രമീകരിച്ചിരിക്കുന്നത്.
പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍നിന്ന് വേര്‍പ്പെട്ട ലാൻഡർ മോഡ്യൂളിനെ ചന്ദ്രോപരിതലത്തില്‍നിന്നും 30കിമീ കുറഞ്ഞ ദൂരവും 100 കിമീ കൂടിയ ദൂരവുമുള്ള ഭ്രമണ പഥത്തിലേക്ക് മാറ്റും. തിരശ്ചീനമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റി വേഗം ക്രമീകരിച്ചാണ് താഴെയിറക്കുക. ചന്ദ്രയാൻ-2 ദൗത്യത്തിൽ ഇല്ലാതിരുന്ന ലേസർ ഡോപ്ലർ വെലോസിറ്റി മീറ്റർ ഇത്തവണ വിക്രം ലാൻഡറിന്റെ പ്രവേഗം കൃത്യമായി നിശ്ചയിക്കാൻ സഹായിക്കും.

23നു വൈകിട്ട് 5.47നു ചന്ദ്രനിൽ ലാൻഡർ ഇറങ്ങുമെന്നാണ് ഇസ്റോയുടെ വിലയിരുത്തൽ. ലാൻഡിങ്ങിന് ശേഷം വിക്രം ലാൻഡറില്‍ നിന്ന് പ്രഗ്യാൻ റോവര്‍ പുറത്തുവരികയും പേടകത്തിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്യും. ഒരു കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കാൻ റോവറിന് കഴിയും. ബെംഗളുരുവിലെ ഇസ്റോ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക് (ഇസ്ട്രാക്) ആണു പേകടത്തെ നിയന്ത്രിക്കുന്നത്.
അതേസമയം, ഇന്ത്യക്കൊപ്പം റഷ്യയും ചന്ദ്രനിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. കാരണം റഷ്യയുടെ ലൂണ-25 ചന്ദ്രനിലിറങ്ങാനുള്ള യാത്രയിലാണ്. ചന്ദ്രയാന് മുൻപേ ചന്ദ്രനിലിറങ്ങും വിധമാണ് ലൂണ25 ന്റെ ലാൻഡിങ് ക്രമീകരിച്ചിരിക്കുന്നത്. 1976-ലെ സോവിയറ്റ് കാലഘട്ടത്തിലെ ലൂണ-24 ദൗത്യത്തിന് ശേഷം ചാന്ദ്ര ദൗത്യങ്ങളിലേക്കുള്ള റഷ്യയുടെ നിർണായക തിരിച്ചുവരവാണ് ലൂണ25. അഞ്ച് പതിറ്റാണ്ടിനിടെ റഷ്യ നടത്തുന്ന ആദ്യ ചാന്ദ്ര പര്യവേക്ഷണണെമന്ന പ്രത്യേകതയും ഇതിനുണ്ട്.
ചന്ദ്രനിലേക്കുള്ള നേരിട്ടുള്ള പാതയിലായിരുന്നു സഞ്ചാരം എന്നതിനാൽ ചന്ദ്രയാൻ 3 വിക്ഷേപിച്ച് ഏറെ നാളുകൾക്ക് ശേഷമാണ് വിക്ഷേപിച്ചത് എങ്കിലും ചന്ദ്രയാൻ ദൗത്യത്തെക്കാൾ മുന്നേ ചന്ദ്രനിലെത്താൻ ലൂണ25 ന് സാധിക്കും. ഭാരം കുറഞ്ഞ രൂപകല്പനയും ഇന്ധന സംഭരിക്കാനുള്ള ശേഷിയുമാണ് അതിവേഗ യാത്രയക്ക് ലൂണ25 ന് തുണയായത്.


Click it and Unblock the Notifications








