അമ്പിളിതൻ മടിയിൽ മെല്ലെയൊന്നിരിക്കാൻ...! ഇന്ത്യൻ പ്രതീക്ഷകളും പേറി ചാന്ദ്രയാൻ 3 പുറപ്പെട്ടു, വിക്ഷേപണം വിജയം!
ഇന്ത്യയുടെ ചാന്ദ്രസ്വപ്നങ്ങളും വഹിച്ച് എൽവിഎം-3 റോക്കറ്റിലേറി കുതിച്ച് ചന്ദ്രയാൻ 3. ജൂലൈ 14 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. എൽവിഎം3 എം4 റോക്കറ്റുപയോഗിച്ച് ചന്ദ്രയാൻ 3 ഓർബിറ്റിലേക്ക് വിജയകരമായി വിക്ഷേപിക്കാൻ കഴിഞ്ഞതായി ഐഎസ്ആർഒ ട്വിറ്ററിലൂടെ അറിയിച്ചു.
വിക്ഷേപണത്തിന് ശേഷം 22-ാം മിനിറ്റിൽ ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഇസ്രോയ്ക്ക് ഇത് അഭിമാന മുഹൂർത്തം ആണെന്ന് ഐഎസ്ആർഒ അധികൃതർ പ്രതികരിച്ചു. ഏകദേശം 42 ദിവസം നീളുന്നതാണ് ചന്ദ്രയാൻ 3യുടെ യാത്ര. ദൗത്യത്തിന്റെ ഒന്നാം ഘട്ടം പൂർണ്ണ വിജയമായത് ഐഎസ്ആർഒയ്ക്ക് ഏറെ ആത്മവിശ്വാസം പകരുന്നുണ്ട്.

ഇനി ഏതാണ്ട് ഒരു മാസക്കാലം കാത്തിരിപ്പിന്റെയും പ്രാർഥനകളുടേയുമാണ്. ഓഗസ്റ്റ് 23 അല്ലെങ്കിൽ 24 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാൻ 3 സുരക്ഷിതമായി ലാൻഡ് ചെയ്യുന്ന അഭിമാന മുഹൂർത്തമാണ് ഏവരും സ്വപ്നം കാണുന്നത്. രണ്ടാം ചന്ദ്രയാൻ ദൗത്യത്തിൽ ഉണ്ടായ പാളിച്ചകൾ ആവർത്തിക്കാതെ സോഫ്ട് ലാൻഡിങ് വിജയകരമായി നടത്താൻ കഴിഞ്ഞാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടമാണ്.
അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഇതുവരെ ചന്ദ്രനിൽ സോഫ്ട് ലാൻഡിങ് നടത്താൻ കഴിഞ്ഞിട്ടുള്ളത്. ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ ഈ നിരയിലേക്ക് ഇന്ത്യയും എത്തും എന്ന പ്രതീക്ഷയിലാണ് രാജ്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനാണ് ഐഎസ്ആർഒ ലക്ഷ്യമിട്ടിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കുന്ന ആദ്യ ദൗത്യം എന്ന പ്രത്യേകതയും ചന്ദ്രയാൻ 3 യ്ക്ക് ഉണ്ട്.
ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി പേടകം സോഫ്ട് ലാൻഡ് ചെയ്യുക എന്നതാണ് ഈ ദൗത്യത്തിൽ ഇസ്രോ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി. സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞാൽ അടുത്ത ലക്ഷ്യം ചന്ദ്രോപരിതലത്തിലൂടെ റോവർ പ്രവർത്തിപ്പിക്കുക എന്നതാണ്. അതുവഴി നിർണായകമായ ശാസ്ത്ര പരീക്ഷണങ്ങൾ നടത്താൻ ഇസ്രോയ്ക്ക് സാധിക്കും.
ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങുന്നതിനുള്ള ലാൻഡറും റോവറും ഉൾപ്പെട്ടതാണ് ചന്ദ്രയാൻ-3 പ്രൊപ്പൽഷൻ മൊഡ്യൂൾ. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ശരാശരി ദൂരം 384,000 കിലോമീറ്ററാണ്. എൽവിഎം 3 ഭൂമിക്ക് ചുറ്റും 170 x 36500 കിലോമീറ്ററിന്റെ ഭ്രമണപഥത്തിൽ (elliptical orbit) ചന്ദ്രയാൻ 3 മൊഡ്യൂളിനെ എത്തിക്കും.
തുടർന്ന് ഏകദേശം ഒരു മാസം കൊണ്ട് പ്രൊപ്പൽഷൻ മൊഡ്യൂളിലെ എൻജിനുകൾ പ്രവർത്തിപ്പിച്ച് ഭ്രമണപഥം ഉയർത്തുകയും ഒടുവിൽ ചന്ദ്രനു ചുറ്റും 100 x 100 കിലോമീറ്ററിന്റെ ഭ്രമണപഥത്തിൽ എത്തുകയും ചെയ്യും. തുടർന്ന് ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്നും വേർപ്പെടുകെയും ത്രസ്റ്ററുകളുടെ സഹായത്തോടെ ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുകയും ചെയ്യും.

ഭൂമിയും ചന്ദ്രനും പരസ്പരം അടുത്തുവരുന്ന സമയം നോക്കിയാണ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ പാളിച്ചകൾ പരിഹരിച്ച് ലാൻഡിങ് സംവിധാനത്തിൽ ഒട്ടേറെ മെച്ചപ്പെടുത്തലുകൾ ഐസ്ആർഒ നടത്തിയിട്ടുണ്ട്. ലാൻഡർ വേർപ്പെട്ട ശേഷവും കമ്മ്യൂണിക്കേഷൻസ് റിലേ ഉപഗ്രഹം കൂടിയായ പ്രൊപ്പൽഷൻ മൊഡ്യൂൾ ഭൂമിയുമായുള്ള ആശയവിനിമയം സാധ്യമാക്കുന്നതിന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ തന്നെ തുടരും.
14 ദിവസം ചന്ദ്രനിൽ പ്രവർത്തിക്കാൻ സാധിക്കും വിധമാണ് ലാൻഡറിലെ റോവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചന്ദ്രന്റെ പ്രതലത്തിലൂടെയുള്ള പ്രവർത്തനങ്ങൾക്കായി റോവറിൽ 6 ചക്രങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. റോവറിലെ ഒന്നിലധികം ക്യാമറകൾ പ്രദേശത്തിന്റെ ചിത്രങ്ങൾ നൽകുമെന്നും പരീക്ഷണങ്ങൾ മികച്ച റിസൾട്ടാണ് നൽകിയത് എന്നും ഐഎസ്ആർഒ അധികൃതർ നേരത്തെ വിശദീകരിച്ചിരുന്നു.


Click it and Unblock the Notifications








