ചന്ദ്രനിൽ 3ഡി പ്രിന്റിങ് മൺവീട് നിർമിക്കാൻ ചൈന; ഇഷ്ടിക പണിയാൻ 'റോബോ' മേസ്തിരിയും പോകും
ചന്ദ്രനിൽ ഏതുവിധേനയും ആധിപത്യം ഉറപ്പിക്കാനുള്ള മത്സരത്തിലാണ് ചൈനയും അമേരിക്കയും. ഭൂമിയിൽ മാത്രമല്ല ബഹിരാകാശത്തും മറ്റ് ഗ്രഹങ്ങളിലും ആധിപത്യം ഉറപ്പിക്കുന്നതിലൂടെ സ്വന്തം രാജ്യമാണ് ഏറ്റവും വലിയ ലോകശക്തി എന്ന് തെളിയിക്കാനുള്ള പരിശ്രമങ്ങളാണ് ഇരു രാജ്യങ്ങളും നടത്തിവരുന്നത്. ചൈന ചന്ദ്രനിൽ ആധിപത്യം ഉറപ്പിച്ചാൽ അത് ഏറ്റവും ക്ഷീണമാകുക അമേരിക്കയ്ക്കാണ്.
ചന്ദ്രനെ ലക്ഷ്യമാക്കി ചൈന നടത്തുന്ന പദ്ധതികളെ അൽപ്പം പേടിയോടെ തന്നെയാണ് അമേരിക്ക നോക്കിക്കാണുന്നത്. സൈനികപരമായും സാമ്പത്തികപരമായും സാങ്കേതികപരമായും ഒന്നാം സ്ഥാനത്തെത്താൻ ചൈന അവരുടെ ബഹിരാകാശ പദ്ധതികളിലൂടെ ശ്രമിക്കുന്നതായി ആരോപിച്ച് കുറച്ചനാൾ മുമ്പ് നാസയുടെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ തന്നെ രംഗത്തെത്തിയിരുന്നു.

ചന്ദ്രനിലെ ഏറ്റവും തന്ത്രപ്രധാനമായ ഭാഗത്തിന് അവകാശവാദം ഉന്നയിക്കാനാണ് ചൈനയുടെ നീക്കമെന്നാണ് നാസ വിശ്വസിക്കുന്നത്. ബഹിരാകാശ പദ്ധതി ഉപയോഗിച്ച് ഒരു സൈനിക, സാമ്പത്തിക, സാങ്കേതിക ശക്തിയായി സ്വയം മാറാനുള്ള ചൈനയുടെ ശ്രമങ്ങൾ ഉടൻ തന്നെ ലോകക്രമത്തെ പുനർനിർമ്മിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ചന്ദ്രനെ ലക്ഷ്യമാക്കി നിരവധി പദ്ധതികൾ ചൈന തയാറാക്കുന്നുണ്ട്.
ചന്ദ്രനിൽ വിഭവങ്ങൾ ഏറെയുണ്ടെന്ന് കരുതപ്പെടുന്ന സ്ഥലത്ത് ചൈന ശാസ്ത്രീയ ഗവേഷണ സൗകര്യങ്ങൾ നിർമ്മിക്കുമെന്നും അതിനുശേഷം അതിന്റെ പരമാധികാരം അവകാശപ്പെടുമെന്നും നാസയുടെ തലവൻ നേരത്തെ പറഞ്ഞിരുന്നു. നാസ തലവന്റെ ആ ആശങ്കയോട് ചേർന്നുനിൽക്കുന്ന ചില പദ്ധതികളുമായി ചൈന മുന്നോട്ട് പോകുന്നുണ്ട് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ചന്ദ്രനിൽ ദീർഘകാല താമസിക്കാനുള്ള പദ്ധതികൾ തയാറാക്കാൻ ബെയ്ജിങ് ഏറെനാളായി പ്രവർത്തിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ചന്ദ്രനിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള 3D പ്രിന്റിംഗ് സാങ്കേതികവിദ്യ പര്യവേക്ഷണം ചെയ്യാൻ ചൈന പദ്ധതിയിടുന്നതായി ചൈന ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. ചാങ് - ഇ 5 എന്നറിയപ്പെടുന്ന ചൈനീസ് ചാന്ദ്രദൗത്യം 2020ൽ ചന്ദ്രനിൽനിന്ന് ആദ്യമായി മൺ സാമ്പിളുകൾ ഭൂമിയിലേക്ക് കൊണ്ടുവന്നിരുന്നു.
ഇതിനു പിന്നാലെ ചന്ദ്രനിൽ മനുഷ്യന് ജീവക്കാൻ അനുകൂലമായ സാഹചര്യം ഒരുക്കാനുള്ള എല്ലാമാർഗങ്ങളും ചൈന പരിശോധിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി ചാൻ ഇ 6,7,8 ചാന്ദ്രദൗത്യങ്ങൾ വരും വർഷങ്ങളിൽ നടക്കും. ഇതിൽ ചാൻ ഇ 8 ദീർഘകാല മനുഷ്യവാസത്തിന് അനുയോജ്യമായ വിധത്തിലുള്ള വിഭവങ്ങൾക്കായി ചന്ദ്രനിൽ തിരച്ചിൽ നടത്തും.
ചന്ദ്രനിൽ ദീർഘനേരം തങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ചന്ദ്രന്റെ സ്വന്തം വസ്തുക്കൾ ഉപയോഗിച്ച് സ്റ്റേഷനുകൾ സ്ഥാപിക്കേണ്ടതുണ്ട് എന്ന് ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്‌ട്രേഷനിലെ ശാസ്ത്രജ്ഞനായ വു വെയ്‌റൻ പറയുന്നു. ഇതിനായി ചന്ദ്രനിലെ പരിസ്ഥിതിയെയും ധാതുക്കളുടെ ഘടനയെയും കുറിച്ച് ചാൻ ഇ 8 ഓൺ-സൈറ്റ് അന്വേഷണങ്ങൾ നടത്തും.

ചന്ദ്രോപരിതലത്തിൽ 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് മണ്ണുകൊണ്ട് കെട്ടിടം നിർമിക്കാൻ സാധിക്കുമോയെന്ന് ചാൻ ഇ ദൗത്യം പരിശോധിക്കും. അഞ്ച് വർഷത്തിനുള്ളിൽ ചന്ദ്രനിൽ മണ്ണ് ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കാനാണ് ചൈനയുടെ പദ്ധതി. ഇതിനായി 2028 ലെ ചാങ്'ഇ 8 ദൗത്യത്തിൽ "ചാന്ദ്ര മണ്ണിന്റെ ഇഷ്ടികകൾ" നിർമ്മിക്കാൻ രൂപകൽപ്പന ചെയ്ത ഒരു റോബോട്ടും വിക്ഷേപിക്കും.
ചൈനീസ് അക്കാദമി ആൻഡ് എഞ്ചിനീയറിംഗിൽ നിന്നുള്ള ഒരു വിദഗ്ധൻ ആണ് ചന്ദ്രനിലെ മണ്ണുകൊണ്ട് ഇഷ്ടിക നിർമിക്കാൻ റോബോട്ടിനെയും ചാൻ-ഇ 8 ദൗത്യത്തിൽ അയയ്ക്കുന്നുണ്ട് എന്ന് വെളിപ്പെടുത്തിയത്. വൻ കണക്കുകൂട്ടലുകളും ആസൂത്രണവുമാണ് ചാന്ദ്ര ദൗത്യങ്ങളുമായി ബന്ധപ്പെട്ട് ചൈന നടത്തിവരുന്നത് എന്ന് ഈ വിവരങ്ങൾ വ്യക്തമാക്കുന്നു.
ബഹിരാകാശത്തെ ചൈന സൈനിക വൽക്കരിക്കുമോ എന്ന അമേരിക്കൻ പേടിയ്ക്ക് ആക്കം കൂട്ടുന്നതാണ് ഈ വിവരങ്ങൾ. ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി 50 വർഷങ്ങൾക്കിപ്പുറം 2025 ൽ ചന്ദ്രനിൽ വീണ്ടും കാലുകുത്താനുള്ള തയാറെടുപ്പുകളിലാണ് നാസയും അമേരിക്കയും. എന്നാൽ ചന്ദ്രനെ ലക്ഷ്യംവച്ച് ചൈനയും അതേപാതയിൽ സഞ്ചരിക്കുന്നുണ്ട് എന്നത് അമേരിക്കയുടെ ഉറക്കം കെടുത്തുന്നുണ്ട്.


Click it and Unblock the Notifications








