ആദ്യമായി ന്യൂറലിങ്ക് ചിപ് തലയിൽ സ്ഥാപിച്ച മനുഷ്യന് ചിന്തകൊണ്ട് മൗസ് നിയന്ത്രിക്കാൻ സാധിക്കുന്നു
മനുഷ്യനും യന്ത്രങ്ങളുമായുള്ള ബന്ധത്തിൽ നിർണായകമാകുന്ന വെളിപ്പെടുത്തലുമായി ന്യൂറലിങ്ക് ( Neuralink ) ഉടമ ഇലോൺ മസ്ക് രംഗത്ത്. ന്യൂറലിങ്കിന്റെ ബ്രെയിൻ ചിപ് ആദ്യമായി തലയിൽ സ്ഥാപിച്ച മനുഷ്യന് ഇപ്പോൾ ചിന്തകൊണ്ട് മൗസ് നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട് എന്ന് ഇലോൺ മസ്ക് വെളിപ്പെടുത്തി.
കഴിഞ്ഞ മാസം ന്യൂറലിങ്ക് ബ്രെയിൻ ചിപ്പ് ഇംപ്ലാൻ്റ് സ്വീകരിച്ച ആദ്യത്തെ രോഗി പൂർണ്ണമായും സുഖം പ്രാപിച്ചുവെന്ന് മസ്ക് വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നത്. ശസ്ത്രയക്രിയയ്ക്ക് വിധേയനായ ആൾക്ക് ചിന്തകൾ ഉപയോഗിച്ച് കമ്പ്യൂട്ടർ മൗസിനെ നിയന്ത്രിക്കാൻ കഴിയുന്നുണ്ട് എന്നാണ് മസ്‌കിന്റെ വെളിപ്പെടുത്തൽ.

"പുരോഗതി മികച്ചതായിരുന്നു, കൂടാതെ രോഗി പൂർണ്ണമായി സുഖം പ്രാപിച്ചു, ഞങ്ങളുടെ അറിവിൽ പ്രതികൂല ന്യൂറൽ ഇഫക്റ്റുകൾ ഒന്നുമില്ല. രോഗിക്ക് സ്‌ക്രീനിന് ചുറ്റും ഒരു മൗസിനെ ചലിപ്പിക്കാൻ കഴിഞ്ഞു," എന്ന് മസ്ക് പറഞ്ഞതായി റോയിട്ടേഴസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് ന്യൂറലിങ്കിനെ സംബന്ധിച്ചിടത്തോളം വലിയ വിജയമാണ്.
അടുത്തിടെയാണ് മനുഷ്യനിൽ പരീക്ഷണം നടത്താൻ ന്യൂറലിങ്കിന് അനുമതി ലഭിച്ചത്. അതിന് പിന്നാലെ നടന്ന ആദ്യ ശസ്ത്രക്രിയയിൽ തന്നെ ഇത്ര മികച്ച റിസൾട്ട് ലഭിച്ചത് വൻ നേട്ടമായാണ് മസ്കിന്റെ കമ്പനി വിലയിരുത്തുന്നത്. രോഗിയുടെ ചിന്തകൾക്കൊപ്പം മൗസ് ബട്ടണുകൾ നിയന്ത്രിക്കുന്നതിന് അപ്പുറമുള്ള കൂടുതൽ സങ്കീർണ്ണമായ ഇടപെടലുകൾ പ്രവർത്തനക്ഷമമാക്കുക എന്നതാണ് അടുത്ത ഘട്ടം.

സെപ്തംബറിൽ ആണ് ഹ്യൂമൻ ട്രയൽ റിക്രൂട്ട്‌മെൻ്റിന് കമ്പനി അനുമതി നേടിയത്. കമ്പനിയുടെ ഏറെ നാളായുള്ള നീക്കത്തിലെ ഒരു നിർണായ നിമിഷമായിരുന്നു അത്. പിന്നാലെ ഈ വർഷം ജനുവരിയിൽ ആദ്യമായി ന്യൂറലിങ്ക് മനുഷ്യ രോഗിയിൽ ഒരു ചിപ്പ് വിജയകരമായി ഘടിപ്പിച്ചു. ഈ രോഗിയുടെ വിശദാംശങ്ങൾ മസ്‌ക് വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ പരീക്ഷണത്തിന് വിധേയമാകാൻ താൽപര്യമുള്ളവരെ ക്ഷണിച്ചുകൊണ്ടുള്ള ന്യൂറലിങ്കിന്റെ അറിയിപ്പിൽ- സെർവിക്കൽ സുഷുമ്‌നാ നാഡിക്ക് ക്ഷതം അല്ലെങ്കിൽ ലൂ ഗെഹ്‌റിഗ്സ് ഡിസീസ് എന്നറിയപ്പെടുന്ന അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എഎൽഎസ്) കാരണം ക്വാഡ്രിപ്ലെജിയ ബാധിച്ചവരെയാണ് പരിഗണിച്ചിരുന്നത്. പല മസ്തിഷ്ക രോഗങ്ങളെയും നേരിടാൻ ഭാവിയിൽ ഈ ന്യൂറലിങ്ക് ചിപ്പിന് കഴിഞ്ഞേക്കും.
ചലിക്കാനുള്ള ഉദ്ദേശ്യത്തെ നിയന്ത്രിക്കുന്ന തലച്ചോറിൻ്റെ ഒരു ഭാഗത്ത് ബ്രെയിൻ-കമ്പ്യൂട്ടർ ഇൻ്റർഫേസ് ഇംപ്ലാൻ്റ് ഒരു റോബോട്ടിക് ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കുകയാണ് ന്യൂറലിങ്ക് ചെയ്യുന്നത്. പൊണ്ണത്തടി, ഓട്ടിസം, വിഷാദം, സ്കീസോഫ്രീനിയ തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കുന്നതിനായി ന്യൂറലിങ്ക് ചിപ്പ് ഉപയോഗിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ഇലോൺ മസ്ക് നടത്തുന്നത്.

അതോടൊപ്പം മനുഷ്യരും ടെക്നോളജിയും തമ്മിലുള്ള ബന്ധത്തിൽ നിർണായക മാറ്റങ്ങളും മുന്നേറ്റങ്ങളും കൊണ്ടുവരാൻ മസ്കിന്റെ ന്യൂറലിങ്കിന് സാധിക്കും എന്നാണ് കരുതപ്പെടുന്നത്. തലച്ചോറുമായി ബന്ധപ്പെട്ട ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ സഹായിക്കാൻ കഴിയുന്ന വിധത്തിലുള്ള പരീക്ഷണങ്ങൾ ന്യൂറലിങ്ക് നടത്തിവരികയാണ്. മനുഷ്യ മസ്തിഷ്കത്തിനും കമ്പ്യൂട്ടറുകൾക്കുമിടയിൽ നേരിട്ടുള്ള ആശയവിനിമയ പാതകൾ സ്ഥാപിക്കുക എന്നതും ന്യൂറലിങ്കിന്റെ ലക്ഷ്യമാണ്.
ന്യൂറലിങ്കിൻ്റെ സാങ്കേതികവിദ്യ "ലിങ്ക്" എന്നറിയപ്പെടുന്ന ഒരു ഇംപ്ലാൻ്റിനെ ആശ്രയിച്ചിരിക്കുന്നു, ഏകദേശം അഞ്ച് സഞ്ചിത നാണയങ്ങളുടെ വലുപ്പമുള്ള ഈ ഉപകരണം മനുഷ്യ മസ്തിഷ്കത്തിനുള്ളിൽ സ്ഥാപിക്കുന്നതിന് സങ്കീർണമായ ശസ്ത്രക്രിയ ആവശ്യമാണ്. മുടിനാരിഴയേക്കാൾ നേർത്ത 64 ചെറുനാരുകളാണ് ഈ ചിപ്പിലുള്ളത്. ഇതിലെ 1024 ഇലക്ട്രോഡുകളാണ് വിവരങ്ങൾ ഒപ്പിയെടുക്കുന്നത്. വയർലെസായി ചാർജ് ചെയ്യാവുന്ന ബാറ്ററിയുമുണ്ട്.
കീബോർഡിലോ കീപാഡിലോ ടൈപ് ചെയ്യാതെ, ചിന്തിക്കുമ്പോൾ തന്നെ അതിനനുസരിച്ചു പ്രവർത്തിക്കുന്ന കംപ്യൂട്ടറും മൊബൈൽ ഫോണും യാഥാർഥ്യമാക്കാൻ ഈ ചിപ്പിന് കഴിയുമെന്ന് കരുതപ്പെടുന്നു. ഇപ്പോൾ പരീക്ഷണത്തിൽ ഉണ്ടായിരിക്കുന്ന മുന്നേറ്റം ഈ പ്രതീക്ഷകൾക്ക് കരുത്തുപകരുന്നുണ്ട്. തലച്ചോറുമായി ബന്ധപ്പെട്ട ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ സഹായിക്കാൻ കഴിയുന്ന വിധത്തിലുള്ള പരീക്ഷണങ്ങൾ ന്യൂറലിങ്ക് നടത്തിവരികയാണ്.


Click it and Unblock the Notifications








