കുട്ടകം പോലൊരു 'പെട്ടകം'! ഗഗൻയാൻ ദൗത്യ പരീക്ഷണങ്ങൾക്ക് വിഎസ്എസിയുടെ സിമുലേറ്റഡ് ക്രൂ മൊഡ്യൂൾ
മനുഷ്യനെ സ്വന്തം നിലയിൽ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യൻ സ്വപ്നത്തിന് നാം നൽകിയിരിക്കുന്ന പേരാണ് ഗഗൻയാൻ. ഈ സ്വപ്ന പദ്ധതിക്കായി ഐഎസ്ആർഒ കുറച്ചേറെ നാളുകളായി അഹോരാത്രം പണിയെടുക്കുന്നു. ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന് കരുതപ്പെടുന്ന ഗഗൻയാൻദൗത്യത്തിന് കരുത്തുപകരുന്ന ഒരു നിർണായക ഘട്ടംകൂടി നാം പിന്നിട്ടിരിക്കുകയാണ്.
ഗഗൻയാൻ ദൗത്യത്തിന്റെ സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിനുള്ള സിമുലേറ്റഡ് ക്രൂ മൊഡ്യൂൾ (SCM) സ്ട്രക്ചർ അസംബ്ലി ഫെബ്രുവരി 24-ന് ഐഎസ്ആർഒയ്ക്ക് ലഭിച്ചു. ഐഎസ്ആർഒയുടെ തിരുവനന്തപുരത്തുള്ള വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) വികസിപ്പിച്ചെടുത്ത ക്രൂ മൊഡ്യൂൾ ഹൈദരാബാദ് ആസ്ഥാനമായുള്ള മഞ്ജിര മെഷീൻ ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നിർമിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഹൈദരാബാദിലെ മഞ്ചിറ മെഷീൻ ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കാമ്പസിൽ നടന്ന ചടങ്ങിൽ മഞ്ചിറ മെഷീൻ എംഡി സിഎച്ച് വി എൻ സായ് പ്രകാശിൽ നിന്ന് വിഎസ്എസ്‌സി ഡയറക്ടർ ഡോ.എസ്. ഉണ്ണിക്കൃഷ്ണൻ നായർ മൊഡ്യൂൾ ഏറ്റുവാങ്ങി. വി.എസ്.എസ്.സി വികസിപ്പിച്ച ഈ ക്രൂമൊഡ്യൂളിന് തദ്ദേശീയമായി നിർമിക്കപ്പെട്ട ആദ്യത്തെ സിമുലേറ്റഡ് ക്രൂ മൊഡ്യൂൾ എന്ന പ്രത്യേകതയുമുണ്ട്.
പാരച്യൂട്ട് സിസ്റ്റങ്ങളും പൈറോകളും പോലുള്ള പ്രധാന സിസ്റ്റങ്ങളുടെ ഇന്റർഫേസുകൾ അനുകരിക്കപ്പെടുന്ന ഒരു അൺപ്രഷറൈസ്ഡ് ക്രൂ മൊഡ്യൂളാണ് എസ്.സി.എം. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി ഈ വർഷം അവസാനത്തോടെ മനുഷ്യരില്ലാതെ രണ്ട് വിക്ഷേപണങ്ങൾ ഐഎസ്ആർഒ നടത്തുന്നുണ്ട്. ഈ വിക്ഷേപണത്തിന് മുമ്പ് വിവിധ പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്.
ഈ പരീക്ഷണ ദൗത്യങ്ങളിൽ ഐഎസ്ആർഒ ഉപയോഗിക്കുക ഈ എസ്.സി.എം ആയിരിക്കും. 2.7 മീറ്റർ ഉയരവും 3.1 മീറ്റർ വീതിയും 3.5 ടൺ ഭാരവുമുള്ളതാണ് ഈ ക്രൂ മൊഡ്യൂൾ. നിലവിൽ ഈ അൺപ്രഷറൈസ്ഡ് ക്രൂ മൊഡ്യൂളിന് പേര് നിശ്ചയിച്ചിട്ടില്ല. ഹൈദരാബാദിൽനിന്ന് ഈ ക്രൂ മൊഡ്യൂൾ തിരുവനന്തപുരത്തെ വിഎസ്‌സിസിയിലേക്ക് ആകും കൊണ്ടുപോകുക.
പിന്നീട്, സജ്ജമാക്കിയ വിക്ഷേപണ വാഹനത്തിൽ പരീക്ഷണങ്ങൾക്കായി ഈ ക്രൂ മൊഡ്യൂൾ ഘടിപ്പിക്കും. ടെസ്റ്റ് വെഹിക്കിൾ മിഷൻ പോലുള്ള വിവിധ ദൗത്യങ്ങൾക്കായിട്ടാണ് ഈ എസ്.സി.എം ഉപയോഗിക്കുക. ഗഗൻയാൻ ദൗത്യത്തിന്റെ ഏറെ നിർണായക ഘട്ടങ്ങളിൽ ഒന്നാണ് ബഹിരാകാശ സഞ്ചാരികൾ അടങ്ങുന്ന ക്രൂ മൊഡ്യൂളിന്റെ സുരക്ഷിതമായ തിരിച്ചിറങ്ങൽ.

നിരവധി പരീക്ഷണങ്ങളിലൂടെ ക്രൂ മൊഡ്യൂളിന്റെ സുരക്ഷിതമായ തിരിച്ചിറക്കം ഉറപ്പിക്കേണ്ടതുണ്ട്. ബഹിരാകാശത്ത് നിന്ന് തിരിച്ചിറങ്ങുമ്പോഴോ ദൗത്യം പാളിപ്പോകുമ്പോഴോ ക്രൂ മൊഡ്യൂൾ പെട്ടെന്ന് കടലിലേക്ക് പതിക്കാതിരിക്കാൻ ഗഗൻയാൻ ദൗത്യത്തിന്റെ ക്രൂ മൊഡ്യൂളിൽ മൂന്ന് ഭീമൻ പാരച്യൂട്ടുകൾ സജ്ജീകരിക്കുന്നുണ്ട്. ഈ പാരച്യൂട്ടുകളുടെയും ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെയും പരീക്ഷണവും ഈ എസ്.സി.എം ഉപയോഗിച്ച് നടത്തും.
വിക്ഷേപണ വാഹനത്തിൽ നിന്ന് വേർപെടുത്താനും ദൗത്യം നിർത്തലാക്കുമ്പോൾ അതിന്റെ പരിധിയിൽ നിന്നും ഉയരത്തിൽ നിന്നും അകറ്റാനും സഹായിക്കുന്നതിന് എസ്‌കേപ്പ് സിസ്റ്റത്തിന് എയറോഡൈനാമിക് ആകൃതിയിലുള്ള ഉയരമുള്ള സോളിഡ് മോട്ടോറും, സുരക്ഷിതമായി കടലിൽ ഇറങ്ങാൻ സഹായിക്കുന്നതിന് 25 മീറ്റർ നീളമുള്ള മൂന്ന് പാരച്യൂട്ടുകളും ആണ് ഈ മൊഡ്യൂളിൽ ഉണ്ടാകുക.
വിക്ഷേപണ വേളയിൽ എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ ജീവനക്കാർക്ക് രക്ഷപ്പെടാനാകുമോ എന്ന് പരിശോധിക്കാനുള്ള പരിശോധനകളാണ് അബോർട്ട് മിഷനുകൾ. സബ്‌സോണിക്-സൂപ്പർസോണിക് വായു പ്രവാഹങ്ങൾ (ശബ്ദത്തിന്റെ വേഗതയ്ക്ക് മുകളിലും താഴെയും) ഉള്ള 'ട്രാൻസോണിക്' സോണിലാണ് സിസ്റ്റം പരീക്ഷിക്കുന്നത്. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി നടത്തുന്ന രണ്ട് ആളില്ലാ പരീക്ഷണ പറക്കലുകളും ഈ വർഷം ഉണ്ടാകും.
ഗഗൻയാൻ പ്രോഗ്രാമിന് കീഴിലുള്ള രണ്ടാമത്തെ ദൗത്യത്തിൽ വനിതാ ഹ്യൂമനോയിഡ് റോബോട്ടായ 'വ്യോംമിത്ര'യുമായിട്ടായിരിക്കും വിക്ഷേപണവാഹനം കുതിക്കുക. ബഹിരാകാശ യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും "മനുഷ്യരെ സുരക്ഷിതമായി അയക്കാനും തിരികെ കൊണ്ടുവരാനും കഴിയുമെന്ന് ഉറപ്പാക്കുന്നതിനുമാണ് ഇത്. വീണ്ടും ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ക്രൂ മൊഡ്യൂൾ ആണ് ആളില്ലാപറക്കലിന് ഉപയോഗിക്കുക.

എങ്കിലും തിരിച്ചിറങ്ങുമ്പോൾ കടലിൽ പതിക്കുന്നത് മൂലം എന്തെങ്കിലും തകരാറുകളും നാശവും ഉണ്ടാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ പുനരുപയോഗം. ഗഗൻയാൻ ദൗത്യത്തിന് ഇന്ത്യ സ്വന്തമായി വികസിപ്പിച്ച സാങ്കേതിക സംവിധാനങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇതിനായി ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റും (ഐഎഡിടി) ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുന്നു.
ആളില്ലാ ദൗത്യങ്ങളിൽ ഇവയുടെ ശക്തിയും വിശ്വാസ്യതയും തെളിയിക്കപ്പെട്ടാൽ, ഗഗൻയാൻ ദൗത്യത്തിന്റെ വേഗത കൂടും. റഷ്യൻ നിർമ്മിത മൾട്ടി-ലേയേർഡ് ഫാബ്രിക് സ്‌പേസ് സ്യൂട്ടുകൾ മാത്രമാണ് ഗഗൻയാൻ ദൗത്യത്തിനായി ഇറക്കുമതി ചെയ്യുന്നത്. ഇതിനോടകം വിശ്വാസ്യത തെളിയിക്കപ്പെട്ടിട്ടുള്ള സാങ്കേതികവിദ്യയാണ് എന്നതിനാലാണ് റഷ്യൻ നിർമ്മിത മൾട്ടി-ലേയേർഡ് ഫാബ്രിക് സ്‌പേസ് സ്യൂട്ടുകൾ തെരഞ്ഞെടുത്തിരിക്കുന്നത്.
ബഹിരാകാശത്തേക്കുള്ള വിമാനങ്ങളിലും മടക്കയാത്രയിലും സ്‌പേസ് സ്യൂട്ടുകൾ അനിവാര്യമാണ്. ആളില്ലാ ബഹിരാകാശ പറക്കലിനായി ഇനിയും നിരവധി പരീക്ഷണങ്ങൾ പൂർത്തിയാക്കാനുണ്ട്. അവശേഷിക്കുന്ന കടമ്പകളും മറികടക്കാനും ട്രയൽ റൺ വേഗത്തിലാക്കാനും ചടങ്ങിൽ ഐഎസ്ആർഒ ചെയർമാൻ ബഹിരാകാശ ശാസ്ത്രജ്ഞരെ ഓർമ്മിപ്പിച്ചു. കടമ്പകളേറെ കടക്കാനുണ്ടെങ്കിലും ഒരുനാൾ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് ഗഗൻയാൻ യാത്രപുറപ്പെടുകതന്നെ ചെയ്യും. ആ സുദിനത്തിനായി കാത്തിരിക്കാം.


Click it and Unblock the Notifications








